Onam 2024: ഓണത്തിന് കിടിലൻ രുചിയിൽ നേന്ത്രപഴം പുളിശേരി തയ്യാറാക്കാം… ഈസി റെസിപ്പി
Banana Pulissery Recipe: പുളിശേരി പലവിധമുണ്ട്. മാമ്പഴ സീസണായാൽ മിക്കവരും തയാറാക്കുന്നതാണ് മാമ്പഴ പുളിശ്ശേരി. കൂടാതെ പൈനാപ്പിൾ കൊണ്ടും നല്ല പുളിശേരി തയ്യാറാക്കാവുന്നതാണ്. നേന്ത്രപ്പഴം കൊണ്ടുള്ള പുളിശ്ശേരി വളരെ രുചികരവും ആരോഗ്യ ഗുണമുള്ളവയുമാണ്.

ഓണത്തിന് ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണുള്ളത്. ഇത്തവണ ഓണ സദ്യയ്ക്കൊപ്പം വിളമ്പാൻ രുചികരമായ നേന്ത്രപഴ പുളിശേരി തയ്യാറാക്കിയാലോ? പുളിശ്ശേരികൾ പലതുണ്ടെങ്കിലും നേന്ത്രപ്പഴം കൊണ്ടുള്ള പുളിശ്ശേരി വളരെ രുചികരവും ആരോഗ്യ ഗുണമുള്ളവയുമാണ്. വളരെ എളുപ്പം തയ്യാറാക്കാവുന്ന് ഈ പഴം പുളിശ്ശേരി രുചിയിൽ മുന്നിൽ നിൽകുന്നു.

പുളിശേരി പലവിധമുണ്ട്. മാമ്പഴ സീസണായാൽ മിക്കവരും തയാറാക്കുന്നതാണ് മാമ്പഴ പുളിശ്ശേരി. കൂടാതെ പൈനാപ്പിൾ കൊണ്ടും നല്ല പുളിശേരി തയ്യാറാക്കാവുന്നതാണ്.

നേന്ത്രപഴം പുളിശേരി തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ. നല്ല പഴുത്ത നേന്ത്രപ്പഴം - 1 എണ്ണം, തൈര് - 1 കപ്പ്, മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ, മുളകുപൊടി - 1 ടീസ്പൂൺ, കുരുമുളക് പൊടി - 3/4 ടീസ്പൂൺ, ശർക്കര - 2 ചെറിയ കഷ്ണം, വെള്ളം, ആവശ്യത്തിന് ഉപ്പ്.

അരപ്പ് തയാറാക്കുന്നതിന് വേണ്ട ചേരുവകൾ. ചിരകിയ തേങ്ങ - 3/4 കപ്പ്, വെളുത്തുള്ളി അല്ലി - 2 എണ്ണം, ചുവന്നുള്ളി - 2 എണ്ണം, പച്ചമുളക് - 1 എണ്ണം, ചെറിയ ജീരകം - 1 ടീസ്പൂൺ, വെള്ളം - 1/4 കപ്പ്. കൂടാതെ താളിക്കുന്നതിന് വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ, കടുക് - 1 ടീസ്പൂൺ, ഉലുവ - 1/2 ടീസ്പൂൺ, വറ്റൽ മുളക് - 2 എണ്ണം, കറിവേപ്പില എന്നിവയും വേണം.

നന്നായി പഴുത്ത ഒരു നേന്ത്രപ്പഴം തൊലി കളഞ്ഞതിനു ശേഷം ചെറിയ കഷ്ണങ്ങളായി മുറിച്ചു മാറ്റുക. പുളിശ്ശേരി തയാറാക്കുന്ന പാത്രത്തിൽ പഴം മുങ്ങി കിടക്കാൻ പാകത്തിന് വെള്ളം ഒഴിച്ചു കൊടുക്കുക. അതോടൊപ്പം അര ടീസ്പൂൺ ഉപ്പ്, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, മുക്കാൽ ടീസ്പൂൺ കുരുമുളക് പൊടിയും രണ്ട് ചെറിയ കഷ്ണം ശർക്കരയും ചേർത്ത ഇടത്തരം തീയിൽ 5 മിനിറ്റോളം വേവിക്കുക.

ഈ പഴം വേവുന്ന സമയം കൊണ്ട് ഇതിലേക്കുള്ള അരപ്പ് തയാറാക്കിയെടുക്കാവുന്നതാണ്. ഒരു ജാറിലേക്ക് മുക്കാൽ കപ്പ് ചിരകിയ തേങ്ങയും രണ്ട് ചെറിയ കഷ്ണം വെളുത്തുള്ളിയും രണ്ട് ചെറിയ ഉള്ളിയും ഒരു പച്ചമുളകും ഒരു ടീസ്പൂൺ ചെറിയ ജീരകവും കാൽ കപ്പ് വെള്ളവും ചേർത്ത് നല്ലതുപോലെ അരച്ച് മാറ്റിവയ്ക്കുക.

വേവിച്ച വച്ചിരിക്കുന്ന കൂട്ടിലേക്ക് ഈ അരപ്പ് ചേർക്കുക. കുറച്ച് വെള്ളം കൂടെ അരപ്പിലേക്ക് ചേർത്ത് അതു കൂടെ ഒഴിച്ച് നന്നായി ഇളക്കിയ ശേഷം ഏകദേശം 5 മിനിറ്റോളം ചെറിയ തീയിൽ തിളപ്പിക്കുക. ശേഷം ഇതിലേക്ക് കട്ടകളൊക്കെ നന്നായി ഉടച്ച് അധികം പുളി ഇല്ലാത്ത ഒരു കപ്പ് തൈര് ചേർത്ത് നന്നായി യോജിപ്പിക്കുക.

തൈര് ചേർത്ത ശേഷം തിള വന്നു തുടങ്ങുമ്പോൾ ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് ഇളക്കി തീ അണയ്ക്കുക. താളിച്ച് ചേർത്ത ശേഷം ഇത് ഓണസദ്യയിൽ വിളമ്പാവുന്നതാണ്.