Rohit Sharma: ഐസ്‌ക്രീം കഴിക്കാന്‍ പോയപ്പോഴാണ് അത് സംഭവിച്ചത്; റിതികയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതിനെക്കുറിച്ച് രോഹിത്
Rohit Sharma on proposing to Ritika Sajdeh: കുട്ടിക്കാലത്ത് ക്രിക്കറ്റ് കളിച്ചിരുന്ന ഗ്രൗണ്ടില്‍ വച്ചായിരുന്നു വിവാഹാഭ്യര്‍ത്ഥന നടത്തിയത്. പിച്ചിന്റെ മധ്യത്തില്‍ മുട്ടുകുത്തി നിന്ന് റിതികയോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സുഹൃത്ത് പകര്‍ത്തിയിരുന്നെന്നും രോഹിത്

റിതിക സജ്‌ദേയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത് എങ്ങനെയെന്ന് വെളിപ്പെടുത്തി ഇന്ത്യയുടെ ഏകദിന നായകന്‍ രോഹിത് ശര്‍മ. മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്, ഭാര്യ ഗീത ബസ്ര സിങ് എന്നിവരുടെ 'ഹൂ ഈസ് ദ ബോസ്' എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രോഹിതിന്റെ തുറന്നുപറച്ചില്‍. ഐസ്‌ക്രീം വാങ്ങാനെന്ന പേരില്‍ റിതികയെ കൂട്ടിക്കൊണ്ടുപോയാണ് പ്രപ്പോസ് ചെയ്തതെന്ന് രോഹിത് പറഞ്ഞു (Image Credits: PTI, Getty).

കുട്ടിക്കാലത്ത് ക്രിക്കറ്റ് കളിച്ചിരുന്ന ഗ്രൗണ്ടില്‍ വച്ചായിരുന്നു വിവാഹാഭ്യര്‍ത്ഥന നടത്തിയത്. പിച്ചിന്റെ മധ്യത്തില്‍ മുട്ടുകുത്തി നിന്ന് റിതികയോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സുഹൃത്ത് പകര്‍ത്തിയിരുന്നെന്നും രോഹിത് വെളിപ്പെടുത്തി.

വളരെ റൊമാന്റിക് ആയിരുന്നു ആ നിമിഷം. താന്‍ ക്രിക്കറ്റ് ആദ്യം കളിച്ചുതുടങ്ങിയ ഗ്രൗണ്ടിലേക്കാണ് റിതികയെ കൊണ്ടുപോയത്. തങ്ങള്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. റിതിക വീട്ടില്‍സ നിന്ന് ഭക്ഷണം കൊണ്ടുവന്നിരുന്നു. അത് തങ്ങള്‍ കഴിച്ചു. തുടര്‍ന്ന് കുറച്ചുനേരം അവിടെ വെറുതെ ഇരുന്നു. ബോറടിക്കുകയാണെന്നും, നമുക്ക് ഐസ്‌ക്രീം കഴിച്ചാലോയെന്നും റിതികയോട് ചോദിച്ചു. തുടര്‍ന്ന് കാറില്‍ തങ്ങള്‍ മറൈന്‍ ഡ്രൈവും കടന്ന് പോയെന്ന് രോഹിത് പറഞ്ഞു.

വോര്‍ലിയിലെ ഹാജി അലിയും കടന്നു മുന്നോട്ടുപോയി. അപ്പോള്‍ ഐസ്‌ക്രീം കട എവിടെയാണെന്ന് അവള്‍ ചോദിച്ചു. ബാന്ദ്രയ്ക്ക് പുറത്തുള്ള ഒന്നും അവള്‍ക്ക് അറിയില്ലായിരുന്നു. താന്‍ താമസിക്കുന്ന ബോറിവാലിയില്‍ നല്ലൊരു കടയുണ്ടെന്ന് അവളോട് പറഞ്ഞു.

തുടര്‍ന്ന് മൈതാനത്തെത്തി. അവിടെ ഇരുട്ട് പരന്ന് തുടങ്ങിയിരുന്നു. അത് ഗ്രൗണ്ടാണെന്ന് പോലും അവള്‍ക്ക് മനസിലായില്ല. അവിടെ നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തണമെന്ന് സുഹൃത്തിനോട് നേരത്തെ തന്നെ പറഞ്ഞിരുന്നു. തുടര്‍ന്ന് കാര്‍ പാര്‍ക്ക് ചെയ്ത് പുറത്തിറങ്ങി. പിച്ചിന്റെ മധ്യത്തില്‍ മുട്ടുകുത്തി നിന്ന് അവളോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നെന്നും രോഹിത് വെളിപ്പെടുത്തി.