Supermoon Blue Moon : നാളെ സൂപ്പർ മൂൺ ബ്ലൂ മൂൺ പ്രതിഭാസം; അതിശയ കാഴ്ച എപ്പോൾ, എങ്ങനെ കാണാം?
Supermoon Blue Moon On August 19 : അപൂർവമായി മാത്രം സംഭവിക്കുന്ന സൂപ്പർ മൂൺ ബ്ലൂ മൂൺ പ്രതിഭാസം ഓഗസ്റ്റ് 19ന് കാണാം. താരതമ്യേന ഭൂമിയോട് അടുത്തെത്തുന്നതിനാൽ സാധാരണയിലും വലിപ്പവും പ്രകാശവും തോന്നുന്നതാണ് സൂപ്പർ മൂൺ. ഇതിനൊപ്പം ബ്ലൂ മൂൺ കൂടി ഒരുമിച്ച് വരുന്ന അപൂർവ ദിവസമാണ് നാളെ.

നാളെ, ഓഗസ്റ്റ് 19ന് ആകാശത്ത് സൂപ്പർ മൂൺ ബ്ലൂ മൂൺ പ്രതിഭാസം. ഇക്കൊല്ലത്തെ ഏറ്റവും വലുതും പ്രകാശമുള്ളതുമായ ചന്ദ്രൻ കാണപ്പെടുന്ന ദിവസങ്ങളിൽ ഒന്നാണ് നാളെ. താരതമ്യേന ഭൂമിയോട് അടുത്തെത്തുന്നതിനാൽ സാധാരണയിലും വലിപ്പവും പ്രകാശവും തോന്നുന്നതാണ് സൂപ്പർ മൂൺ. ഇതിനൊപ്പം ബ്ലൂ മൂൺ കൂടി ഒരുമിച്ച് വരുന്ന അപൂർവ ദിവസമാണ് നാളെ.

ഒരു മാസത്തിലെ രണ്ടാം പൗർണമിയാണ് ബ്ലൂ മൂൺ എന്നറിയപ്പെടുക. ചന്ദ്രൻ്റെ നിറവുമായോ വലിപ്പവുമായോ ഇതിന് ബന്ധമില്ല. മാസത്തിൽ ഒരു തവണ മാത്രം കാണാനാവുന്നതിനാലാണ് ഇത് ബ്ലൂ മൂൺ എന്നറിയപ്പെടുന്നത്. ഓഗസ്റ്റ് മാസത്തിലെ പൂർണചന്ദ്രനെ സ്റ്റർജിയൻ മൂൺ എന്നാണ് വിളിക്കുക. ഈ സൂപ്പർ മൂൺ ബ്ലൂ മൂൺ പ്രതിഭാസവും സ്റ്റർജിയൻ മൂൺ എന്നാണ് അറിയപ്പെടുക.

ഓഗസ്റ്റ് 19 രാത്രി ഈ പ്രതിഭാസം കാണാനാവും. ഓഗസ്റ്റ് 19 മുതൽ മൂന്ന് ദിവസത്തേക്കാവും ഇത് ദൃശ്യമാവുക. തിങ്കളാഴ്ച രാത്രി 11.56 മുതൽ ആകാശത്ത് ഇത് കാണാം. വായുമലിനീകരണം കുറവുള്ള, അധികം മേഘാവൃതമല്ലാത്ത ആകാശത്ത് വളരെ നന്നായി ഇത് കാണാനാവും. ലൈറ്റുകളുടെ ശല്യം ഉണ്ടാവാൻ പാടില്ല.

സൂപ്പർ മൂൺ നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാവും. സൂര്യഗ്രഹണം കാണുന്നതിൻ്റെ അപകടമോ മുന്നൊരുക്കങ്ങളോ വേണ്ടതില്ല. എന്നാൽ, ഒരു ടെലിസ്കോപോ ബൈനോക്കുലറോ കൊണ്ട് സ്റ്റർജിയൻ മൂൺ അനുഭവം കൂടുതൽ മനോഹരമാക്കാനാവും. ചന്ദ്രോപരിതലത്തിലെ കുണ്ടും കുഴികളുമൊക്കെ ഇവ കൊണ്ട് നന്നായി കാണാം.

ഇക്കൊല്ലം ഇനി മൂന്ന് സൂപ്പർ മൂൺ കൂടിയുണ്ട്. ഹണ്ടർ മൂൺ ഒക്ടോബർ 17 ന് കാണാം. ഹണ്ടർ മൂണാണ് ഇക്കൊല്ലത്തെ ഏറ്റവും വലിയ ചന്ദ്രൻ. സെപ്തംബർ 17ന് വീണ്ടും സൂപ്പർ മൂൺ കാണാം. ഇതാണ് ഹാർവസ്റ്റ് മൂൺ. ഇതിനെ ഭാഗികമായി ഭൂമിയുടെ നിഴൽ മറയ്ക്കും. നവംബർ 15നാണ് ഇക്കൊല്ലത്തെ അവസാന സൂപ്പർ മൂൺ..