Thrissur Pooram 2025: കുട്ടികളുടെ കൈയില്‍ റിസ്റ്റ് ബാന്‍ഡ്, മിനി കണ്‍ട്രോള്‍ റൂമുകള്‍; തൃശൂര്‍ പൂരത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍
Thrissur Pooram 2025 security systems: തൃശൂര്‍ പൂരത്തിനോട് അനുബന്ധിച്ച് നിരവധി സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രധാന കണ്‍ട്രോള്‍ റൂം കൂടാതെ നാല് മിനി കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. കുട്ടികളുടെ കൈയില്‍ റിസ്റ്റ് ബാന്‍ഡ് ധരിപ്പിക്കും. പൊലീസ് ശക്തമായ സുരക്ഷയൊരുക്കും. കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തും. വിശദാംശങ്ങള്‍

തൃശൂര്‍ പൂരത്തിനോടനുബന്ധിച്ച് ഇന്നും നാളെയും കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തും. 51 ഫാസ്റ്റ്, 14 ഓര്‍ഡിനറി ഉള്‍പ്പെടെ 65 സ്‌പെഷ്യല്‍ സര്‍വീസുകളാണ് നടത്തുന്നത്. ഓര്‍ഡിനറി സര്‍വീസുകള്‍ ശക്തന്‍ സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് സര്‍വീസ് നടത്തും. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചാകും ഫാസ്റ്റിന് മുകളിലുള്ള ബസുകളുടെ സര്‍വീസുകള്‍ (Image Credits: PTI)

പൂരവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഗതാഗത സൗകര്യം ഉള്‍പ്പെടെ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കി. ഇന്നും നാളെയും ദേശീയ പാതയിലെ ടോള്‍ ഗേറ്റില്‍ തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഗതാഗതം നിയന്ത്രിക്കാന്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും.

പൂരനഗരിയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ന് രാവിലെ ആറു മുതല്‍ തേക്കിന്‍കാട് മൈതാനത്തെ പൂരനഗരിയില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. കണ്‍ട്രോള്‍ റൂമില്‍ നിരവധി സുരക്ഷാ സജ്ജീകരണങ്ങളുണ്ടാകും. 0487 2422003, 8086100100 എന്നിവയാണ് ഫോണ്‍ നമ്പരുകള്‍.

കണ്‍ട്രോള്‍ റൂം നമ്പര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഇത് കൂടാതെ നാല് മിനി കണ്‍ട്രോള്‍ റൂമുകളും ഒരുക്കി. നടുവിലാൽ ജംഗ്ഷൻ, ജയ ബേക്കറി ജംഗ്ഷൻ, ജോയ് ആലുക്കാസ് ജ്വല്ലറിക്കു സമീപം, ബിനി ജംഗ്ഷന് അടുത്തുള്ള പെട്രോൾ പമ്പിനു സമീപം എന്നിവിടങ്ങളിലാണ് മിനി കൺട്രോൾ റൂമുകൾ.

സുരക്ഷയ്ക്കായി കുട്ടികളുടെ കയ്യിൽ റിസ്റ്റ് ബാൻറ് ധരിപ്പിക്കും. റിസ്റ്റ് ബാൻറിൽ കുട്ടിയുടെ പേര് രക്ഷിതാവിൻെറ ഫോൺ നമ്പർ എന്നിവയുണ്ടാകും. സബ് ഇന്‍സ്‌പെക്ടര്‍മാരുടെ മേല്‍നോട്ടത്തിലാകും മിനി കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കുടമാറ്റം കാണാന്‍ പ്രത്യേക സ്ഥലവും ഒരുക്കി.