Virat Kohli: ക്യാപ്റ്റൻസി വെല്ലുവിളി വേണമെന്ന ആവശ്യം ബോർഡ് നിരസിച്ചു; കോലി വിരമിക്കാൻ തീരുമാനിച്ചത് സ്വാതന്ത്ര്യമില്ലാത്തിനാൽ
Reason Behind Kohlis Test Retirement: ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ കോലി തീരുമാനിച്ചതിന് പിന്നിൽ അസ്വാതന്ത്ര്യമെന്ന് റിപ്പോർട്ട്. ഡ്രസിങ് റൂമിലെ ചുറ്റുപാടുകളും ക്യാപ്റ്റൻസി ലഭിക്കാത്തതുമൊക്കെ ഈ തീരുമാനത്തെ സ്വാധീനിച്ചു എന്നും റിപ്പോർട്ടുകളുണ്ട്.

വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചത് സ്വാതന്ത്ര്യമില്ലാത്തതിനാലെന്ന് റിപ്പോർട്ട്. മുഖ്യ സെലക്ടർ അജിത് അഗാർക്കറുമായി കോലി രണ്ട് തവണ സംസാരിച്ചു എന്നും ക്യാപ്റ്റൻസിയ്ക്കായി യുവതാരങ്ങളെ പരിഗണിച്ചതിനെ തുടർന്നാണ് വിരമിക്കാൻ തീരുമാനമെടുത്തത് എന്നുമാണ് സൂചന. (Image Credits - PTI)

ക്രിക്ക്ബസിൻ്റെ റിപ്പോർട്ട് അനുസരിച്ച് കോലിയ്ക്ക് പുതിയ വെല്ലുവിളികൾ വേണ്ടിയിരുന്നു. എന്നാൽ, പുതിയ മാനേജ്മെൻ്റിന് കീഴിൽ തനിക്ക് വേണ്ട സ്വാതന്ത്ര്യമോ ചുറ്റുപാടുകളോ ലഭിക്കുന്നില്ല എന്ന് കോലി പരാതിപ്പെട്ടതായാണ് റിപ്പോർട്ടിൽ പറയുന്നത്. അത്തരമൊരു ചുറ്റുപാടിൽ തനിക്ക് കളിക്കാനാവില്ല എന്ന് കോലി തീരുമാനിച്ചു.

കഴിഞ്ഞ മൂന്ന് വർഷമായി കോലി മോശം ഫോമിലായിരുന്നു. അതുകൊണ്ട് തന്നെ തുടർന്ന് കളിക്കാൻ പുതിയ വെല്ലുവിളികൾ വേണമെന്നായിരുന്നു കോലിയുടെ നിലപാട്. എന്നാൽ, ക്യാപ്റ്റൻസി ലഭിക്കില്ലെന്നറിഞ്ഞപ്പോൾ കോലിയ്ക്ക് തുടർന്ന് കളിക്കാൻ മറ്റ് കാരണങ്ങൾ ഇല്ലാതായി. ഇതോടെയാണ് വിരമിക്കാൻ തീരുമാനിച്ചത്.

വിരമിക്കുന്നതിന് മുൻപ് മുൻ പരിശീലകൻ രവി ശാസ്ത്രിയുമായി കോലി സംസാരിച്ചിരുന്നു എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ശാസ്ത്രിയുമായി സംസാരിച്ചതിന് ശേഷമാണ് തീരുമാനമെടുത്തത്. ഒപ്പം ബിസിസിഐ സെക്രട്ടറി ജയ് ഷായുമായും രാജീവ് ശുക്ലയുമായും കോലി സംസാരിച്ചിരുന്നു എന്നും റിപ്പോർട്ടിലുണ്ട്.

ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം തലമുറ മാറ്റത്തിന് ബിസിസിഐ ശ്രമിച്ചിരുന്നെങ്കിൽ രോഹിത് ശർമ്മയ്ക്കും വിരാട് കോലിയ്ക്കും വിടവാങ്ങൽ മത്സരം ലഭിച്ചേനെ. എന്നാൽ, അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിലെ ആദ്യ മത്സരം മുതൽ തലമുറ മാറ്റത്തിന് ശ്രമിക്കാനായിരുന്നു ബിസിസിഐയുടെ തീരുമാനം.