Saira Banu: എആർ റഹ്മാനായി അമ്മ കണ്ടെത്തിയ വധു, ഗുജറാത്തിലെ സമ്പന്ന കുടുംബത്തിലെ അംഗം; ആരാണ് സൈറ ബാനു?
AR Rahman Wife Saira Banu: കഴിഞ്ഞ ദിവസമാണ്, 29 വർഷം നീണ്ടുനിന്ന വിവാഹബന്ധം അവസാനിപ്പിക്കുന്നതായി എആർ റഹ്മാനും ഭാര്യ സൈറ ഭാനുവും അറിയിച്ചത്. ഏറെ നാളായി ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടാനായി സൈറ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും വിവാഹ ബന്ധത്തിലുണ്ടായ സങ്കീര്‍ണതകളാണ് ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതിന് പ്രേരിപ്പിച്ചതെന്നുമാണ് സൈറയുടെ അഭിഭാഷക വന്ദന ഷാ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

എആർ റഹ്മാനും ഭാര്യ സൈറ ഭാനുവും വേർപിരിയുന്നെന്ന വാർത്ത പുറത്തുവന്നത് മുതൽ എല്ലാവരിലും ഉയർന്ന ചോദ്യമാണ്, ആരാണ് സൈറ ഭാനു എന്നത്. റഹ്മാന്റെ ഭാര്യ എന്ന നിലയില്ലാതെ ഭാനുവിന്റെ സ്വകാര്യജീവിതത്തെ കുറിച്ച് ഭൂരിഭാഗം പേർക്കും അറിയില്ല. കുടുംബജീവിതം സ്വകാര്യമായി തന്നെ സൂക്ഷിക്കാനാണ് റഹ്മാനും സൈറയും ഇഷ്ടപ്പെട്ടിരുന്നത്. (Image Credits: AR Rahman Instagram)

സൈറയും റഹ്മാനും വിവാഹിതരാവുന്നത് 1995 മാർച്ചിലാണ്. റഹ്‌മാന് വധുവിനെ കണ്ടെത്തിയത് അമ്മയാണ്. ചെന്നൈയിലെ ദർഗയിൽ വെച്ചാണ് റഹ്മാന്റെ അമ്മ സൈറയെ ആദ്യമായി കാണുന്നത്. അങ്ങനെയാണ് വിവാഹാലോചനയുമായി മുന്നോട്ടുപോവുന്നത്. (Image Credits: AR Rahman Instagram)

1973 ഡിസംബർ 20ന് ഗുജറാത്തിലെ കച്ഛിലാണ് സൈറ ജനിച്ചത്. എആർ റഹ്മാനെക്കാൾ ഏഴ് വയസ് കുറവുള്ള സൈറ, സാംസ്കാരികമായും സാമ്പത്തികമായും ഉയർന്ന ഒരു കുടുംബത്തിലാണ് ജനിച്ചു വളർന്നത്. സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ ഇവർ, എആർ റഹ്മാന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെയും ശക്തമായി പിന്തുണച്ചിരുന്നു. (Image Credits: AR Rahman Instagram)

വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക വികസനം തുടങ്ങിയ മേഖലകളിൽ സൈറ ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സൈറയുടെ സഹോദരി മെഹ്റുന്നിസ വിവാഹം കഴിച്ചിരിക്കുന്നത് പ്രമുഖ നടൻ റഹ്മാനെയാണ്. 1993-ലായിരുന്നു ഇവരുടെ വിവാഹം. (Image Credits: AR Rahman Instagram)

സൈറയ്ക്ക് 22 വയസുള്ളപ്പോഴാണ് എആർ റഹ്മാൻ ഇവരെ വിവാഹം ചെയ്യുന്നത്. അന്ന് റഹ്‌മാന് 28 വയസായിരുന്നു. ഇവർക്ക് മൂന്ന് മക്കളാണുള്ളത്. ഗായകരായ ഖദീജ റഹ്മാൻ, എആർ അമീൻ, റഹീമ റഹ്മാൻ. (Image Credits: AR Rahman Instagram)