Horoscope Today: ധനയോഗമുണ്ട്, കടം കൊടുത്ത പണം തിരികെ ലഭിച്ചേക്കും; ഇന്നത്തെ നക്ഷത്രഫലം
Horoscope Today November 02: ഇന്ന് നക്ഷത്രഫല പ്രകാരം മികച്ച ദിവസം അനുഭവപ്പെടാൻ സാധ്യതയുള്ള നക്ഷത്രങ്ങളിൽ ഇടവം രാശിയിലെ നക്ഷത്രങ്ങളും ഇടംപിടിച്ചിട്ടുണ്ട്. കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക് ഇന്ന് പ്രധാനമായും കാര്യ വിജയവും ധനയോഗവും കാണുന്നു. കിട്ടാനുള്ള പണം തിരികെ ലഭിക്കാം എന്നത് ഉൾപ്പെടെയുള്ള നേട്ടങ്ങൾ ഇന്ന് പൊതുവിൽ ഈ രാശിക്കാരെ തേടിയെത്താൻ സാധ്യതയുണ്ട്.
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
മേടം രാശിക്കാർക്ക് ഇന്ന് അത്ര മികച്ച ദിവസമായിരിക്കില്ല. അതിനാൽത്തന്നെ അല്പം കരുതലും ശ്രദ്ധയും ആവശ്യമുണ്ട്. കാര്യതടസ്സം, ഇച്ഛാഭംഗം, കലഹം എന്നിവയൊക്കെ നേരിടാൻ സാധ്യതയുണ്ട്. സ്വസ്ഥതകുറവായിരിക്കും. ഇരുചക്രവാഹന യാത്രകൾ സൂക്ഷിക്കുക. മറ്റുള്ളവരുമായി സംസാരിക്കുമ്പോഴും ഇടപെടുമ്പോഴും സംയമനം പാലിക്കുക. അനാവശ്യ വാക്കുതർക്കങ്ങളിലും കലഹങ്ങളിലും ചെന്നുപെടാതെ ശ്രദ്ധിക്കുന്നത് ഗുണം ചെയ്യും.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി)
ഇടവം രാശിക്കാർക്ക് ഇന്ന് പൊതുവിൽ മികച്ച ദിവസമാണ്. ഗ്രഹങ്ങളുടെ അനുകൂല സ്ഥാനം മൂലം വിവിധ നേട്ടങ്ങൾ ഈ രാശിയിലുള്ള നക്ഷത്രക്കാരെ തേടിയെത്തും. കാര്യവിജയം, മത്സരവിജയം, ആരോഗ്യം എന്നിവയ്ക്ക് പുറമേ ധനയോഗവും കാണുന്നു. കടം കൊടുത്ത പണം ഉൾപ്പെടെ തിരികെ ലഭിക്കാൻ സാധ്യതയുണ്ട്.
Also Read: മണ്ണാറശാല ആയില്യം ഇന്ന്; നാഗരാജാവിനെ വണങ്ങാൻ പതിനായിരങ്ങൾ എത്തും
മിഥുനം (മകയിരം രണ്ടാം പകുതി ഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽ ഭാഗം)
ഇന്ന് ഈ രാശിക്കാർക്ക് അത്ര അനുകൂലമായ ദിവസം ആയിരിക്കില്ല. കാര്യതടസം, ഇച്ഛാഭംഗം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം ഇവ പ്രതീക്ഷിക്കാം. ധനതടസത്തിനും സാധ്യതയുണ്ട്, അതിനാൽ വായ്പാശ്രമങ്ങൾ പരാജയപ്പെടാം.
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കർക്കടകം രാശിക്കാർക്ക് വളരെ ശാന്തവും സമാധാനപരവുമായ ദിവസമായിരിക്കും ഇന്ന്. കാര്യവിജയം, ആരോഗ്യം, ഉത്സാഹം, ഇഷ്ടഭക്ഷണസമൃദ്ധി, ശത്രുക്ഷയം, സുഹൃദ്സമാഗമം ഇവ കാണുന്നു. ഉല്ലാസ യാത്രകൾക്ക് സാധ്യത. തൊഴിൽരംഗത്ത് അനുകൂലമായ മാറ്റങ്ങളും സമാധാനവും നിലനിൽക്കും. പുതിയ കാര്യങ്ങൾ തുടങ്ങുന്നതിനോ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനോ ഇന്നത്തെ ദിവസം അനുകൂലമാണ്.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം)
ചിങ്ങം രാശിക്കാർ ഇന്ന് പൊതുവിൽ അത്ര മികച്ച ദിവസമായിരിക്കില്ല. കാര്യപരാജയം ചെലവ്, അലച്ചിൽ എന്നിവ നേരിട്ടേക്കാം. ഇതിന് പുറമേ ഉദരവൈഷമ്യം, മനഃപ്രയാസം എന്നിവയ്ക്കും സാധ്യതയുണ്ട്. വേണ്ടപ്പെട്ടവർ അകലാം. സംസാരങ്ങളിൽ ശ്രദ്ധയും സൂക്ഷ്മതയും പാലിക്കുന്നത് നന്നായിരിക്കും.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി)
കന്നി രാശിക്കാർക്ക് ഇന്ന് അത്യാവശ്യം മികച്ച ദിവസമായി അനുഭവപ്പെടും. കാര്യവിജയം, അംഗീകാരം, യാത്രാവിജയം എന്നിവയ്ക്ക് സാധ്യതയുണ്ട്. ആരോഗ്യവും മികച്ച നിലയിലായിരിക്കും. പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശന ശ്രമങ്ങൾ ഉൾപ്പെടെയുള്ള വിജയങ്ങൾ തേടിയെത്താൻ സാധ്യത.
തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം)
ഇന്ന് മികച്ച ദിവസമായി അനുഭവപ്പെടുന്ന രാശികളിൽ ഒന്നാണ് തുലാം. ഈ രാശിക്കാർക്ക് ഇന്ന് കാര്യവിജയം, ധനയോഗം എന്നിവയ്ക്ക് സാധ്യത കൂടുതലാണ്. ബന്ധുസമാഗമം പ്രതീക്ഷിക്കാം, വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. മത്സരവിജയം, അംഗീകാരം, ആരോഗ്യം എന്നീ നേട്ടങ്ങളും ഇന്ന് അനുഭവപ്പെടാം.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
വൃശ്ചികം രാശിക്കാർക്ക് ഇന്ന് പൊതുവിൽ അത്ര മികച്ച ദിവസമായിരിക്കില്ല. വിവിധ കാര്യങ്ങളിൽ തടസം നേരിടാൻ സാധ്യത കൂടുതലാണ്. ശത്രുശല്യം, ശരീരക്ഷതം എന്നിവയാലും ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. കലഹം, ഇച്ഛാഭംഗം, മനഃപ്രയാസം എന്നിവയ്ക്കുള്ള സാധ്യത കാണുന്നു. സുഹൃത്തുക്കൾ അകലാനും സാധ്യത.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യകാൽഭാഗം)
ധനു രാശിക്കാർക്കും ഇന്ന് പൊതുവിൽ അത്ര മികച്ച ദിവസമായിരിക്കില്ല. കാര്യപരാജയ സാധ്യത കൂടുതലാണ്. യാത്രകൾ പരാജയപ്പെടും, ധനതടസം, നേരിട്ടേക്കും. കലഹം, മനപ്രയാസം എന്നിവയും അനുഭവപ്പെട്ടേക്കാം. ഇന്നത്തെ കൂടിക്കാഴ്ചകൾ പരാജയപ്പെടാനാണ് സാധ്യത.
മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി)
ഇന്നത്തെ ദിവസം മകരം രാശിക്കാർക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാവുന്ന നല്ലൊരു ദിവസമാണ്. കാര്യവിജയം, അംഗീകാരം, സ്ഥാനക്കയറ്റം, തൊഴിൽ ലാഭം ഇവ കാണുന്നു. ആരോഗ്യവും മെച്ചപ്പെട്ട നിലയിലായിരിക്കും. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പൂർണ്ണ പിന്തുണ ഉണ്ടാകും. മനസ്സമാധാനവും സംതൃപ്തിയും നിറഞ്ഞ അന്തരീക്ഷം കുടുംബത്തിൽ നിലനിൽക്കും.
കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
കുംഭം രാശിക്കാർക്ക് ബന്ധങ്ങളിലൂടെയും പെരുമാറ്റത്തിലൂടെയും നേട്ടങ്ങൾ കൊയ്യാനും മറ്റുള്ളവരുടെ പ്രീതി പിടിച്ചുപറ്റാനും സാധിക്കുന്ന നല്ല ദിവസമായിരിക്കും ഇന്ന്. കാര്യവിജയം, ശത്രുക്ഷയം, ധനയോഗം ഇവ കാണുന്നു. കടം കൊടുത്ത പണം ഉൾപ്പെടെ തിരികെ ലഭിക്കാൻ സാധ്യതയുണ്ട്.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി)
മീനം രാശിക്കാർക്ക് ഇന്ന് പൊതുവിൽ കാര്യങ്ങൾ അത്ര അനുകൂലമായിരിക്കില്ല. കാര്യപരാജയം, ഇച്ഛാഭംഗം, മനഃപ്രയാസം, എന്നിവയ്ക്ക് സാധ്യതയുണ്ട്. സ്വസ്ഥതക്കുറവ് അനുഭവപ്പെട്ടേക്കാം. അപകട ഭീതി കണക്കിലെടുത്ത് ഇരുചക്രവാഹനയാത്രകൾ ഇന്ന് പ്രത്യേകം സൂക്ഷിക്കുക. വാഹനം ഓടിക്കുമ്പോഴും റോഡ് മുറിച്ചുകടക്കുമ്പോഴും അശ്രദ്ധ ഒഴിവാക്കുക.
ശ്രദ്ധിക്കുക: ഇതൊരു പൊതുവായ ജ്യോതിഷ ഫലമാണ്. വ്യക്തികളുടെ കൃത്യമായ ജന്മസമയവും ഗ്രഹനിലയും അനുസരിച്ച് ഫലങ്ങളിൽ മാറ്റങ്ങൾ വരാം.
English Summary
This section outlines the general outlook for all 12 zodiac signs for today. According to astrological predictions, those born under the sign of Taurus (Idavam) are set to have a particularly favorable day. There are strong indications of financial gains for them today; individuals of this sign may experience various benefits, including the recovery of outstanding payments.