Diwali 2026: തിന്മയ്ക്ക് മേൽ നന്മയുടെ വിജയം; ദീപാവലി ആഘോഷ നിറവിൽ നാട്
Diwali 2026 History Significance and Traditions Explained: ദീപങ്ങളുടെ നിര എന്നാണ് ദീപാവലി എന്ന വാക്കിന്റെ അര്‍ത്ഥം. സംസ്‌കൃതത്തിലെ ദീപം, ആവലി എന്നീ വാക്കുകളില്‍ നിന്നാണ് ഈ പേര് ഉണ്ടായത്. ഇരുട്ടിനെ അകറ്റി വെളിച്ചം നിറയ്ക്കുന്നതിന്റെ പ്രതീകമായാണ് ദീപങ്ങള്‍ തെളിക്കുന്നത്. അജ്ഞതയ്ക്ക് മേല്‍ അറിവിന്റെയും തിന്മയ്ക്ക് മേല്‍ നന്മയുടെയും വിജയമാണ് ഈ ആഘോഷം നല്‍കുന്ന പ്രധാന സന്ദേശം.

പ്രതീകാത്മക ചിത്രം
ഇന്ന് ദീപാവലി, ദീപങ്ങള്‍ തെളിച്ചും മധുരം പങ്കുവെച്ചും രാജ്യം വെളിച്ചത്തിന്റെ ഉത്സവത്തെ വരവേല്‍ക്കുകയാണ്. തിന്മയ്ക്ക് മേല്‍ നന്മ നേടിയ വിജയത്തിന്റെ ഓര്‍മ പുതുക്കുന്ന ദീപാവലി ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ്. മതപരമായ വിശ്വാസങ്ങള്‍ക്കപ്പുറം കുടുംബബന്ധങ്ങളുടെയും സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും ആഘോഷം കൂടിയാണിത്. ഓരോ പ്രദേശത്തും വ്യത്യസ്ത ആചാരങ്ങളോടെയും വിശ്വാസങ്ങളോടെയുമാണ് ഈ ദിനം ആഘോഷിക്കുന്നത്.
എന്താണ് ദീപാവലി?
ദീപങ്ങളുടെ നിര എന്നാണ് ദീപാവലി എന്ന വാക്കിന്റെ അര്‍ത്ഥം. സംസ്‌കൃതത്തിലെ ദീപം, ആവലി എന്നീ വാക്കുകളില്‍ നിന്നാണ് ഈ പേര് ഉണ്ടായത്. ഇരുട്ടിനെ അകറ്റി വെളിച്ചം നിറയ്ക്കുന്നതിന്റെ പ്രതീകമായാണ് ദീപങ്ങള്‍ തെളിക്കുന്നത്. അജ്ഞതയ്ക്ക് മേല്‍ അറിവിന്റെയും തിന്മയ്ക്ക് മേല്‍ നന്മയുടെയും വിജയമാണ് ഈ ആഘോഷം നല്‍കുന്ന പ്രധാന സന്ദേശം.
ഇന്ത്യയ്ക്ക് പുറമെ നേപ്പാള്‍, ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും ദീപാവലി ആഘോഷിക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യന്‍ സമൂഹങ്ങളും ഈ ഉത്സവം വലിയ ആഘോഷമാക്കുന്നു.
ശ്രീരാമന്റെ തിരിച്ചുവരവ്
ദീപാവലിയുമായി ബന്ധപ്പെട്ട ഏറ്റവും പ്രസിദ്ധമായ ഐതിഹ്യങ്ങളിലൊന്ന് രാമായണവുമായി ബന്ധപ്പെട്ടതാണ്. രാവണനെ പരാജയപ്പെടുത്തി 14 വര്‍ഷത്തെ വനവാസം പൂര്‍ത്തിയാക്കി ശ്രീരാമന്‍ സീതയോടും ലക്ഷ്മണനോടും കൂടി അയോധ്യയില്‍ തിരിച്ചെത്തിയപ്പോള്‍ ജനങ്ങള്‍ ദീപങ്ങള്‍ തെളിച്ച് അദ്ദേഹത്തെ സ്വീകരിച്ചുവെന്നാണ് വിശ്വാസം.
ഈ സന്തോഷത്തിന്റെ ഓര്‍മയ്ക്കായാണ് ദീപാവലി ആഘോഷിക്കുന്നതെന്ന് കരുതപ്പെടുന്നു. നന്മയുടെ വിജയത്തെയും നീതിയുടെ വിജയത്തെയും പ്രതിനിധീകരിക്കുന്ന ഈ ഐതിഹ്യം ദീപാവലി ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണമാണ്.
നരകാസുര വധവും ദീപാവലിയും
ദക്ഷിണേന്ത്യയിലെ പല പ്രദേശങ്ങളിലും ദീപാവലി നരകാസുര വധവുമായി ബന്ധപ്പെട്ടാണ് ആഘോഷിക്കുന്നത്. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച് ജനങ്ങളെ ദുരിതങ്ങളില്‍നിന്ന് മോചിപ്പിച്ചതിന്റെ ഓര്‍മയാണ് ഈ ആഘോഷമെന്നാണ് വിശ്വാസം. തിന്മയുടെ അന്ത്യം കുറിച്ച് നന്മയ്ക്ക് വിജയം ലഭിക്കുന്നതിന്റെ പ്രതീകമായാണ് ഈ ഐതിഹ്യത്തെ കാണുന്നത്. അതുകൊണ്ടുതന്നെ ദക്ഷിണേന്ത്യയില്‍ ദീപാവലി ദിനത്തിലെ പുലര്‍ച്ചെയുള്ള എണ്ണക്കുളിക്കും പുതിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിനും പ്രത്യേക പ്രാധാന്യമുണ്ട്.
Also Read: Diwali 2026: ദീപങ്ങളുടെ മഹോത്സവമായ ദീപാവലി നാളെ! ലക്ഷ്മി ദേവിയെ ആരാധിക്കാൻ അനുയോജ്യമായ സമയം ഇതാണ്
ലക്ഷ്മീപൂജയും ദീപാവലി ആചാരങ്ങളും
സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയായ ലക്ഷ്മിയെ ആരാധിക്കുന്നതും ദീപാവലിയുടെ പ്രധാന ഭാഗമാണ്. വീടുകള്‍ വൃത്തിയാക്കി അലങ്കരിച്ച ശേഷം വൈകുന്നേരങ്ങളില്‍ ലക്ഷ്മീപൂജ നടത്തുന്നു. കുടുംബത്തിന്റെ ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടി പ്രാര്‍ഥിക്കുന്നതാണ് ഈ ചടങ്ങിന്റെ ലക്ഷ്യം.
മണ്‍ചിരാതുകള്‍ തെളിക്കുക, പൂക്കളും രംഗോലികളും ഉപയോഗിച്ച് വീടുകള്‍ അലങ്കരിക്കുക, പുതിയ വസ്ത്രങ്ങള്‍ ധരിക്കുക, മധുരപലഹാരങ്ങള്‍ തയാറാക്കുക തുടങ്ങിയവയും ആഘോഷത്തിന്റെ ഭാഗമാണ്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സമ്മാനങ്ങള്‍ കൈമാറുന്നതും ദീപാവലിയുടെ പ്രത്യേകതയാണ്.
English Summary
Diwali is celebrated across India on November 8, 2026, with traditional rituals, lamps, sweets and prayers. The festival symbolises the victory of good over evil and light over darkness.