Kaal Bhairav Jayanti 2025: കാശിയുടെ അധിപൻ, ബ്രഹ്മാവിന്റെ തല വെട്ടിമാറ്റിയ കാലഭൈരവൻ; കഥയും ഐതീഹ്യവും
Kaal Bhairav Jayanti 2025 Story: ഏറ്റവും വലിയ ദൈവം ആരാണെന്ന് ചൊല്ലി ഭഗവാൻ വിഷ്ണുവും ബ്രഹ്മവും തമ്മിൽ ഒരു തർക്കം ഉണ്ടായി. ഇരുവരും തമ്മിലുള്ള തർക്കത്തിനിടയിൽ ബ്രഹ്മാവ് ഭയങ്കര അഹങ്കാരത്തോടെ

Kaal Bhairav Jayanti 2025
ലോകനാഥനായ ശിവന്റെ ഉഗ്രരൂപമാണ് കാലഭൈരവൻ. അഭയം ഇല്ലാത്തവരുടെയും തിരസ്കരിക്കപ്പെട്ടവരുടെയും നാഥനായ കാലഭൈരവൻ ഈ ലോകത്തിലെ നന്മയെയും തിന്മയെയും ശുദ്ധവും അശുദ്ധവുമായ എല്ലാത്തിനെയും സ്വീകരിക്കും എന്നാണ് വിശ്വാസം. കാശിയുടെ സംരക്ഷകനും നഗരത്തിന്റെ ഭരണാധികാരിയും അധിപനും അദ്ദേഹമാണ് എന്നാണ് വിശ്വാസം. കാശിയിൽ പ്രവേശിക്കുന്നതിനു മുന്നോടിയായി ആദ്യം കാലഭൈരവനെ വണങ്ങണമെന്നും വിശ്വസിക്കുന്നു.
ഒരു വ്യക്തിയുടെ മരണശേഷം മോക്ഷം ലഭിക്കുന്നതിന് വേണ്ടി കാശിയിൽ എത്തുന്നവരുടെ പാപങ്ങൾ കാലഭൈരവൻ സ്വീകരിക്കുന്നു എന്നാണ് വിശ്വാസം. എല്ലാവർഷവും മാർഗ്ഗ ശീർഷ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി ദിനത്തിലാണ് കാലഭൈരവ ജയന്തി ആഘോഷിക്കുന്നത്. കാലഭൈരവൻ അവതരിച്ച ദിവസമാണ് ഇതെന്നാണ് കണക്കാക്കുന്നത്. ഈ വർഷം നവംബർ 12നാണ് കാലഭൈരവ ജയന്തി.
കാലഭൈരവ ജയന്തിയുടെ പിന്നിലെ കഥ
ഒരിക്കൽ ഏറ്റവും വലിയ ദൈവം ആരാണെന്ന് ചൊല്ലി ഭഗവാൻ വിഷ്ണുവും ബ്രഹ്മവും തമ്മിൽ ഒരു തർക്കം ഉണ്ടായി. ഇരുവരും തമ്മിലുള്ള തർക്കത്തിനിടയിൽ ബ്രഹ്മാവ് ഭയങ്കര അഹങ്കാരത്തോടെ താനാണ് ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് എന്നും പരമമായ ദൈവം താനാണ് എന്നും വാദിച്ചു. തർക്കത്തിനിടയിൽ ബ്രഹ്മാവിന്റെ അഞ്ചു തലകളിൽ ഒരു തല ശിവന് സമാനം പ്രകാശിച്ചു നിന്നു. ഇതോടെ ശിവന്റെ കോപവും വർധിച്ചു. ബ്രഹ്മാവിന്റെ അഹങ്കാരവും താൻ പരബ്രഹ്മമാണ് എന്ന അഹങ്കാരത്തോടെയുള്ള വാക്കുകളും കേട്ടപ്പോൾ ശിവന് അതിഭയങ്കരമായ കോപം ഉണ്ടാവുകയും ആ കോപത്തിൽ നിന്ന് ഭൈരവൻ എന്ന ഉഗ്രരൂപം ജനിച്ചു എന്നുമാണ് വിശ്വാസം.
ALSO READ: ദുശ്ശീലങ്ങൾ മാറ്റാൻ ഉഗ്രരൂപിയായ ശിവൻ വരുന്നു..! കാലഭൈരവ ജയന്തി നവംബർ 11നോ 12നോ?
കാലഭൈരവൻ സൃഷ്ടിക്കപ്പെട്ട ഉടൻതന്നെ ഭൈരവന്റെ ചുമതല ബ്രഹ്മാവിന്റെ അഹങ്കാരം ഇല്ലാതാക്കുക എന്നതായിരുന്നു. ഭൈരവൻ പൊടുന്നനെ ബ്രഹ്മാവിന്റെ അഞ്ചാമത്തെ തല, അതായത് അഹങ്കാരത്തിന്റെ പ്രതീകമായ തല വെട്ടി മാറ്റി എന്നാണ് പുരാണങ്ങളിൽ പറയുന്നത്. ഇതോടെ ബ്രഹ്മാവിന് അഞ്ചു തലകൾ ഇല്ലാതെ നാല് തലകൾ മാത്രമായി. എന്നാൽ ബ്രഹ്മാവിന്റെ തലവെട്ടിയതിലൂടെ ഭൈരവന് ബ്രഹ്മഹത്യാ പാപം എന്ന ദോഷം ലഭിച്ചു. മാത്രമല്ല ബ്രഹ്മാവിന്റെ വെട്ടി മാറ്റിയ തലയോട്ടി ഭൈരവന്റെ കൈപ്പത്തിയിൽ ഒട്ടിപ്പിടിക്കുകയും ആ പാവം തീരുന്നതുവരെ അത് വേർപ്പെടുത്താൻ സാധിക്കാതെ ആവുകയും ചെയ്തു.
പിന്നീട് ഈ പാപം തീർക്കുന്നതിനായി ഭൈരവൻ കയ്യിൽ തലയോട്ടിയുമായി ലോകം ചുറ്റി സഞ്ചരിച്ചു എന്നും വിശ്വാസം. ഒടുവിൽ ഭൈരവൻ കാശിപുരി അഥവാ വാരണാസിയിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ കയ്യിൽ ഒട്ടിപ്പിടിച്ച് തലയോട്ടി താഴേക്ക് വീഴുകയും അതോടെ അദ്ദേഹത്തിന്റെ പാപങ്ങൾ നീങ്ങുകയും ചെയ്തു എന്നും വിശ്വാസം. അന്നുമുതൽ ഭൈരവൻ കാശിയുടെ ഭരണാധികാരിയായി അവിടെ സ്ഥിരതാമസമായി. ഭൈരവന്റെ കയ്യിൽ നിന്നും ബ്രഹ്മാവിന്റെ തലയോട്ടി വീണ സ്ഥലമാണ് ഇന്ന് കപാല മോചന തീർത്ഥം എന്ന് അറിയപ്പെടുന്നത്. അതിനാലാണ് ആരെങ്കിലും മരിച്ചാൽ അവരുടെ പാപങ്ങൾ തീർക്കുന്നതിന് വേണ്ടി കാലഭൈരവൻ കാശിയിലുണ്ട് എന്നും വിശ്വസിക്കുന്നത്.