Navratri 2025: ഒമ്പതല്ല, ഇവിടെ ദുർഗ്ഗാ പൂജ ഒരു ദിവസം മാത്രം! വേറിട്ട ആചാരത്തിന് പിന്നിൽ
Navratri 2025, Durga Puja at Dhenua village: 'അഗോമോണി ദുർഗ്ഗാ പൂജ' എന്ന 47 വർഷമായി തുടരുന്ന ഈ വേറിട്ട ആചാരത്തിന് പിന്നിൽ ഒരു കഥയുണ്ട്.

Durga Puja
ഭക്തിസാന്ദ്രമായ ഒമ്പത് രാത്രികൾ, ആദിപരാശക്തിയുടെ വ്യത്യസ്ത ഭാവങ്ങളെ ആരാധിക്കുന്ന നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായിരിക്കുകയാണ്. സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെയാണ് ഇത്തവണ നവരാത്രി ആഘോഷങ്ങൾ. എന്നാൽ വെറും ഒരു ദിവസം മാത്രം ദുർഗ്ഗാ പൂജ ചെയ്യുന്ന ഒരു ഗ്രാമമുണ്ടെന്ന് നിങ്ങൾക്കറിയാമോ?
ഒഡീഷയിലെ കട്ടക്കിനടുത്തുള്ള ധേനുവ ഗ്രാമത്തിലെ ദുർഗ്ഗാ പൂജ അതിന്റെ പ്രത്യേകതകൾ കൊണ്ട് ശ്രദ്ധേയമാണ്. ഒമ്പത് ദിവസത്തെ ആഘോഷങ്ങൾക്കു പകരം, ഇവിടെ ദുർഗ്ഗാ പൂജ വെറും ഒരു ദിവസം മാത്രമാണ് നടത്തുന്നത്. ഈ ഗ്രാമത്തിലെ കാളികൃഷ്ണ ആശ്രമത്തിൽ സപ്തമി, അഷ്ടമി, നവമി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ആചാരങ്ങളും വിജയ ദശമിയിലെ വിഗ്രഹ നിമജ്ജനവും ഒരു ദിവസം കൊണ്ട് പൂർത്തിയാകുന്നു.
ഒറ്റ ദിവസത്തെ പൂജ
‘അഗോമോണി ദുർഗ്ഗാ പൂജ’ എന്നാണ് ഈ പൂജയ്ക്ക് പേരിട്ടിരിക്കുന്നത്. 47 വർഷമായി തുടരുന്ന ഈ വേറിട്ട ആചാരത്തിന് പിന്നിൽ ഒരു കഥയുണ്ട്.
1937-ൽ ഹിരാപൂരിലെ ദാമോദർ നദിയുടെ തീരത്ത് തേജാനന്ദ് ബ്രഹ്മചാരി എന്ന സന്യാസിയാണ് കാളികൃഷ്ണ ആശ്രമം സ്ഥാപിച്ചത്. സ്വപ്നത്തിൽ ദേവിയുടെ സന്ദേശം ലഭിച്ചതിനെത്തുടർന്ന് 1979-ൽ അദ്ദേഹം ‘അഗമോണി ദുർഗ്ഗാ പൂജ’ ആരംഭിച്ചതായി നാട്ടുകാർ പറയുന്നു. അന്നുമുതൽ ഒരു ദിവസമായാണ് പൂജ സംഘടിപ്പിക്കുന്നത്. പിതൃപക്ഷത്തിന്റെ അവസാനത്തിലും മഹാലയ ദിനത്തിൽ ദേവിപക്ഷത്തിന്റെ തുടക്കത്തിലുമാണ് ദുർഗ്ഗാ പൂജ ആരംഭിക്കുന്നത്.
ദുർഗ്ഗാ വിഗ്രഹം
ഈ ഏകദിന ദുർഗ്ഗാ പൂജയിൽ ആരാധിക്കപ്പെടുന്ന വിഗ്രഹത്തിനും പ്രത്യേകതയുണ്ട്. ഇവിടെ ദുർഗ്ഗാ ദേവി തന്റെ മക്കളായ ലക്ഷ്മി, സരസ്വതി, ഗണേശൻ, കാർത്തിക്, അവരുടെ ‘വാഹനങ്ങൾ’ എന്നിവരുൾപ്പെടെയുള്ള പരിവാരങ്ങളില്ലാതെ ഒറ്റയ്ക്കാണ്. മഹിഷാസുരൻ പോലും ഇല്ല. കോപത്തിന് പകരം ശാന്തതയുള്ള ദുർഗ്ഗയുടെ രൂപമാണ് ഇവിടെ ആരാധിക്കപ്പെടുന്നത്. ദേവിക്കൊപ്പം രണ്ട് സുഹൃത്തുക്കളായ ജയ, വിജയ എന്നിവരും ഉണ്ട്.