‘Thula Masam’ Pooja: തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണം പൂശിയ പാളികൾ പുനഃസ്ഥാപിക്കും
Sabarimala Ayyappa Temple Reopens Today: വൈകിട്ട് അഞ്ച് മണിക്കാണ് നട തുറക്കുക. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും.

Sabarimala
പത്തനംതിട്ട: വിവാദങ്ങൾക്കിടെ തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്കാണ് നട തുറക്കുക. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുലാമാസം ഒന്നാം തീയതി, നാളെ രാവിലെ അഞ്ചുമണിക്ക് ദർശനത്തിനായി നട തുറക്കും. ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും നാളെ സന്നിധാനത്ത് നടക്കും.
ഇത്തവണ 14 പേരാണ് ശബരിമല മേൽശാന്തിയുടെ സാധ്യത പട്ടികയിലുള്ളത്. 13 പേരിൽ നിന്നാണ് മാളികപ്പുറം മേൽശാന്തിയെ തിരഞ്ഞെടുക്കുക. അതേസമയം ഇന്ന് വൈകിട്ട് നാല് മണിക്ക് ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണം പൂശിയ പാളികൾ പുനഃസ്ഥാപിക്കും. അറ്റകുറ്റപ്പണി പൂർത്തിയാക്കി ചെന്നൈയിൽ നിന്ന് തിരികെ എത്തിച്ച ദ്വാരപാലക ശില്പങ്ങളാണ് പുനഃസ്ഥാപിക്കുന്നത്. ഹൈക്കോടതിയുടെ അനുമതിയോടെയാണ് നടപടി.
രാഷ്ട്രപതിയുടെ സന്ദർശനത്തിനു മുന്നോടിയായി സന്നിധാനത്ത് ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഒക്ടോബർ 22-ാം തീയതിയാണ് രാഷ്ട്രപതി ശബരിമല സന്ദർശനത്തിനെത്തുന്നത്. ഇതിന്റെ ഭാഗമായി അന്നേ ദിവസം തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതിയുടെ ദർശനത്തിനായി ഗൂർഖ എമർജൻസി വാഹന വ്യൂഹമുൾപ്പെടെ ഉപയോഗിക്കുന്നതിൽ ഹൈക്കോടതി അനുമതി നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി.
Also Read:ഒടുവില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍; ഇന്ന് കോടതിയില്‍ ഹാജരാക്കും
പമ്പ മുതൽ സനിധാനം വരെയും തിരിച്ചും പ്രത്യേക വാഹനവ്യൂഹം ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ആചാരാനുഷ്ഠാനങ്ങൾ പാലിക്കുമെന്നും മറ്റ് തീർത്ഥാടകർക്ക് ദർശനത്തിന് തടസ്സമുണ്ടാകില്ലെന്നും ദേവസ്വം ബോർഡ് നൽകിയ സത്യവാങ്ങ്മുലത്തിലാണ് ഹൈക്കോടതി അനുമതി നൽകിയത്.
രാഷ്ട്രപതിയുടെ കേരള സന്ദർശനം
ഈ മാസം 21-നാണ് കേരള സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു തിരുവനന്തപുരത്ത് എത്തുന്നത്. തുടർന്ന് അന്ന് വൈകിട്ട് രാജ്ഭവനില്‍ വിശ്രമിക്കും. പിറ്റെന്ന് രാവിലെ ഒന്‍പത് മണിയോടെ ശബരിമലയിലേക്ക് പുറപ്പെടും. ഉച്ചയ്ക്ക് 12 മണിക്ക് സന്നിധാനത്ത് എത്തുന്ന രീതിയിലാണ് ക്രമീകരണം. ഇതാദ്യമായാണ് ഒരു രാഷ്ട്രപതി ശബരിമല സന്ദര്‍ശനം നടത്തുന്നത്. പിന്നീട് ദേവസ്വം ഗസ്റ്റ് ഹൗസിലെത്തും. തുടര്‍ന്ന് അതേ വാഹനത്തിൽ മടങ്ങി മൂന്നേകാലോടെ താഴെ പമ്പയിലെത്തും. പിന്നീട് നിലയ്ക്കലിലേക്കും അവിടെനിന്ന് ഹെലിക്കോപ്റ്ററില്‍ തിരികെ തിരുവനന്തപുരത്തേക്കുമെത്തും. 23-ാം തീയതി ഉച്ചയ്ക്ക് ഒന്നിനാണ് രാഷ്ട്രപതി ശിവഗിരിയിലെത്തും. ശ്രീനാരായണ ഗുരുവിന്റെ മഹാസമാധിയുടെ ശതാബ്ദി 2 വർഷം നീളുന്ന ആഗോള പരിപാടികളുടെ കേന്ദ്രതല ഉദ്ഘാടനം നിർവഹിക്കാനാണ് രാഷ്ട്രപതി എത്തുന്നത്.