Shani Dosha Remedies: നീരാജനം വീട്ടിലും ചെയ്യാം, ശനിദോഷ ഹാരകനെ ഭജിക്കാം
ഇവയൊക്കെയും ശനിദോഷങ്ങൾ അകറ്റാനുള്ള പരിഹാരങ്ങളായി വർഷങ്ങളായി തുടരുന്ന വഴിപാടുകളാണ്. ഇവയൊന്നും സാധിക്കാത്തവർക്കും പരിഹാരമുണ്ട്.
കണ്ടകശനി കൊണ്ടേ പോവൂ എന്ന് കേട്ട് വളർന്ന കുട്ടിക്കാലമാണ് പലർക്കുമുള്ളത്. ശനിദോഷത്തിൻ്റെ വ്യാപ്തി അത്രത്തോളമെന്നാണ് അതിനർഥം. ശനിദോഷത്തിന് ഭജിക്കേണ്ട ദേവത ശാസ്താവാണ്. അതുകൊണ്ട് തന്നെയാണ് ശാസ്താവിനെ ശനിദോഷ ഹാരകൻ എന്ന് വിളിക്കുന്നത്. ശനി ദോഷങ്ങളെ മാറ്റുന്നവൻ എന്നാണ് അർഥം. ശനിയാഴ്ച ദിവസം ശാസ്താ ക്ഷേത്രത്തിൽ പോയി ഭക്തിയോടെ നീരാജനം വഴിപാടായി കഴിക്കുന്നത് അത്യുത്തമം എന്നാണ് വിശ്വാസം. എന്നാൽ പലർക്കും ശനിയാഴ്ച ക്ഷേത്രങ്ങളിൽ പോവാൻ സാധിക്കാറില്ല, അങ്ങനെയുള്ളവർക്ക് എന്ത് ചെയ്യാം. എന്ന് നോക്കാം.
നീരാഞ്ജനം വീട്ടിൽ
കുളിച്ച് ശുദ്ധമായി പുതിയ, പഴയോതോ ആയ വെളുത്ത വസ്ത്രം ( മുണ്ടോ, തിരശ്ശീല പോലുള്ളതോ ആവാം- ശുദ്ധിയുള്ളതാവണം) ചെറിയ പാളികളായി മുറിച്ച് അതിൽ എള്ള് നിറച്ച് കിഴി കെട്ടുക. ശേഷം കിഴി നൂലു കൊണ്ട് കെട്ടിയ ശേഷം അൽപ്പം എള്ളെണ്ണയിൽ മുക്കി ഒരു നാളികേരം രണ്ട് മുറിയാക്കി അതിൽ എള്ളെണ്ണ ഒഴിച്ച് എള്ള് കിഴി അതിൽ വെച്ച് കത്തിക്കുക. വീട്ടിലാണെങ്കിൽ പൂജാമുറി തന്നെയാണ് ഉത്തമം. അതല്ലെങ്കിൽ വീട്ടിൽ നിലവിളക്ക് കൊളുത്തുന്ന സ്ഥലം എവിടെയാണ് അവിടെ, രാവിലെയോ വൈകീട്ടോ നീരാജനം തെളിയിക്കാം.
48 മിനിട്ട് എങ്കിലും നീരാജനം കത്തി നിൽക്കണം എന്നാണ് വിശ്വാസം. നീരാജനം തെളിയിച്ച് ശേഷം ശാസ്താവിൻ്റെ മൂലമന്ത്രമായ “ഓം ഘ്രൂം നമഃ പരായഗോപ് ത്രേ” നമ: ജപിക്കുക, 108 ജപിക്കുന്നതാണ് ഉത്തമം, ഒപ്പം നീരാഞ്ജനം കത്തിക്കുമ്പോൾ നീലാഞ്ജന സമാഭാസം രവി പുത്രം യാമാഗ്രജം ഛായാ മാർത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചരം എന്ന ശനി സ്തോത്രവും ജപിക്കുക.
ഒന്നും സാധിക്കുന്നില്ലെങ്കിൽ
ഇവയൊക്കെയും ശനിദോഷങ്ങൾ അകറ്റാനുള്ള പരിഹാരങ്ങളായി വർഷങ്ങളായി തുടരുന്ന വഴിപാടുകളാണ്. ഇവയൊന്നും സാധിക്കാത്തവർ ഭൂതനാഥ, സദാന്ദ സർവ്വ ഭൂത ദയാപര, രക്ഷ രക്ഷ മഹാഭാഗോ ശാസ്ത്രേ തുഭ്യം നമോ നമ: എന്ന് ജപിക്കുന്നതും നല്ലതാണ്. ശക്തിക്കൊത്ത വഴിപാട് എന്നാണ് സങ്കൽപ്പം കളങ്കമില്ലാത്ത ഭക്തിയാണ് എല്ലാത്തിനും വേണ്ടത്.
( നിരാകരണം: പൊതുവായുളള വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്, ഇത് ടീവി-9 സ്ഥിരീകരിക്കുന്നില്ല )