Home Buying Remedys: പുതിയ വീട് വാങ്ങാൻ ഭക്തരെ സഹായിക്കുന്ന 2500 വർഷം പഴക്കമുള്ളൊരു ക്ഷേത്രം
ഭക്തർക്ക് ഒരു ഭൂമിയോ വീടോ സ്വന്തമാക്കാൻ സഹായിക്കുന്നതിനൊരു ആചാരവുമുണ്ട് ഇവിടെ, അതാണ് വിശേഷപ്പെട്ടത്, ക്ഷേത്രത്തിൽ പ്രാർഥിക്കുന്നവർ ഇവിടെ നിന്ന് കൊണ്ട് പോകേണ്ടത് മണ്ണാണ്

Home Buying Tips
പുതിയ വീടോ വസ്തുവോ വാങ്ങാൻ തൻ്റെ ഭക്തരെ സഹായിക്കുന്ന ഭൂ വരാഹ സ്വാമിയുണ്ട് കർണാടകത്തിൽ. 2500 വർഷം പഴക്കമുള്ള ക്ഷേത്രം മൈസൂരുവിനടുത്തുള്ള കല്ലഹള്ളിയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രം തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്ന് ആയിരക്കണക്കിന് ഭക്തർ വിശ്വസിക്കുന്നു.
ക്ഷേത്രത്തിൻ്റെ ചരിത്രം
ദക്ഷിണേന്ത്യയിലെ പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ഭൂവരാഹ സ്വാമി ക്ഷേത്രം.ഈ പുരാതന ക്ഷേത്രത്തിന്റെ ഉത്ഭവം രണ്ട് സഹസ്രാബ്ദങ്ങൾ പഴക്കമുള്ളതാണെന്ന് കരുതപ്പെടുന്നു. ഹിരണ്യാക്ഷൻ എന്ന അസുരനിൽ നിന്ന് ഭൂമിദേവിയെ രക്ഷിച്ച മഹാവിഷ്ണുവിൻ്റെ വരാഹ അവതാരമായ ഭൂവരാഹ സ്വാമിക്കാണ് ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. പവിത്രമായ സാളഗ്രാമ ശിലയിൽ നിന്ന് കൊത്തിയെടുത്ത 15 അടി ഉയരമുള്ള വിഗ്രഹത്തിൽ, ശാന്തമായി ഇരിക്കുന്ന ഭഗവാനും മടിയിൽ ഭൂമിദേവിയുമാണ് ഇവിടുത്തെ പ്രതിഷ്ഠ.
ക്ഷേത്രത്തെപറ്റി വ്ലോഗർമാർ പങ്കുവെച്ച വീഡിയോ
ക്ഷേത്രത്തിന്റെ ഉത്ഭവത്തെക്കുറിച്ചും ഒരു ഐതിഹ്യം ഉണ്ട്. ഈ പ്രദേശം ഗൗതമ മഹർഷി തപസ്സനുഷ്ഠിച്ച പുണ്യഭൂമിയായി കണക്കാക്കപ്പെടുന്നു. ഇവിടുത്തെ സാളഗ്രാമത്തെ ആരാധിച്ചത് മഹർഷിയായിരുന്നു. ഒരിക്കൽ വീര ബല്ലാല രാജാവ് തന്റെ ഒരു നായാട്ട് യാത്രയ്ക്കിടെ ഈ വനങ്ങളിൽ വഴിതെറ്റിപ്പോയി. ഒരു വലിയ മരത്തിൻ്റെ തണലിൽ വിശ്രമിക്കുമ്പോൾ, ഒരു വേട്ട നായ ഒരു മുയലിനെ പിന്തുടരുന്നത് അദ്ദേഹം കണ്ടു. ഒരു പ്രത്യേക സ്ഥലത്ത് എത്തിയപ്പോൾ, മുയൽ പിന്നോട്ട് തിരിഞ്ഞ് നായയെ ഓടിക്കാൻ തുടങ്ങി. ഇതെല്ലാം ശ്രദ്ധിച്ച രാജാവിന് ആ സ്ഥലത്ത് ചില പ്രത്യേകതകൾ ഉണ്ടെന്ന് ബോധ്യപ്പെട്ടു. രാജാവ് ആ പ്രദേശം മുഴുവൻ കുഴിക്കാൻ ഉത്തരവിട്ടു. തുടർന്ന് ഭൂമിക്കടിയിൽ മറഞ്ഞിരിക്കുന്ന പ്രളയ വരാഹസ്വാമിയുടെ പ്രതിഷ്ഠ കണ്ടെത്തി. തുടർന്ന് രാജാവ് അത് ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുകയും പതിവായി പൂജകൾ നടത്തുകയും ചെയ്തു. ഇന്ന് നമ്മൾ കാണുന്ന ക്ഷേത്രം അന്ന് രാജാവ് നിർമ്മിച്ചതിൻ്റെ ഭാഗമാണ്. പിന്നീടിതിൽ കാലകാലം പല മാറ്റങ്ങളും ഉണ്ടായി.
ശ്രീകോവിലിനു ചുറ്റും 11 പ്രദക്ഷിണം
ആയിരക്കണക്കിന് ഭക്തരെയും വിനോദസഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്നയിടമാണിത്. ഭക്തർക്ക് ഒരു ഭൂമിയോ വീടോ സ്വന്തമാക്കാൻ സഹായിക്കുന്നതിനൊരു ആചാരവുമുണ്ടിവിടി. ഭക്തർ ക്ഷേത്രത്തിൽ പ്രാർത്ഥിക്കുകയും ശ്രീകോവിലിനു ചുറ്റും 11 പ്രദക്ഷിണം നടത്തുകയും ചെയ്യുന്നു. ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന മണ്ണ് ഭക്തർക്ക് സമർപ്പിക്കുന്നു, അത് അവർ വീട്ടിലേക്ക് കൊണ്ടുപോയി പൂജാമുറിയിൽ വയ്ക്കുന്നു. സ്വത്ത് സമ്പാദനത്തിന് തടസ്സമാകുന്ന നിയമപരവും സാമ്പത്തികവുമായ തടസ്സങ്ങൾ മാറാൻ ദിവസവും മണ്ണിനെ ആരാധിക്കുന്നത് സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.