Kerala Cricket League: കെഎസിഎല്ലിൽ ഒത്തുകളി? സന്ദേശത്തിൽ അന്വേഷണം കേരളത്തിന് പുറത്തേക്ക്
Match Fixing In Kerala Cricket League: താരങ്ങൾക്ക് വാതുവെപ്പുക്കാർ സമൂഹമാദ്ധ്യമങ്ങളിലൂടെ അയച്ച സന്ദേശത്തിൽ ബിസിസിഐയാണ് പൊലീസിന് പരാതി നൽകിയത്. സന്ദേശമയച്ചവരുടെ വിവരങ്ങൾ തേടി ഫേസ്ബുക്കിനെയും ഇൻസ്റ്റഗ്രാമിനെയും പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം: പ്രഥമ കേരള ക്രിക്കറ്റ് ലീഗിൽ ഒത്തുകളിക്കാൻ താരങ്ങൾക്ക് കോഴ വാഗ്ദഗാനം ചെയ്തതായി റിപ്പോർട്ട്. കൊല്ലം സെയ്ലേഴ്സ് ടീമംഗം അമൽ രമേശ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് അംഗം അഖിൽ സ്കറിയ എന്നിവർക്കാണ് കോഴ വാഗ്ദാനം ചെയ്തത്. ഇരുവരും ഫെെനലിൽ നേർക്കുനേർ വന്ന ടീമുകളുടെ താരങ്ങളാണ്. ഒത്തുകളിയിൽ പൊലീസ് അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുന്നു. താരങ്ങളിൽ ഒരാളുടെ ഫോണിലേക്ക് എത്തിയ സന്ദേശം ഛത്തീസ്ഗഢിൽ നിന്നാണെന്ന് തെളിഞ്ഞതോടെയാണ് അന്വേഷണം മറ്റുസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്. വഞ്ചന, കേരള ഗെയിമിംഗ് ആന്റ് ഐടി ചട്ടങ്ങൾ പ്രകാരമാണ് കന്റോൺമെന്റ് പൊലീസും ഫോർട്ട് പൊലീസും കേസെടുത്തിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിലൂടെയും വാട്സ്ആപ്പിലൂടെയുമാണ് താരങ്ങൾക്ക് വാതുവെപ്പുക്കാർ സന്ദേശമയച്ചത്. വെെഡ്, നോബോൾ പന്തുകളെറിഞ്ഞാൽ ഒരോ പന്തിനും ഒരു ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തത്. സ്പോൺസർഷിപ്പ് എന്ന പേരിലാണ് വാതുവയ്പ്പുകാർ അഖിലിനെ സമീപിച്ചത്. പിന്നീട് കോഴ വാഗ്ദാനം ചെയ്യുകയും തങ്ങളുടെ നിർദ്ദേശ പ്രകാരം ഒരു ഓവർ എറിഞ്ഞാൽ 5 ലക്ഷം രൂപ നൽകാമെന്നും വാഗ്ദാനം ചെയ്തു. ഈ സന്ദേശം എവിടെ നിന്നാണ് വന്നതെന്ന് സെെബർ സെൽ പരിശോധിക്കുകയാണ്.
കോഴവാഗ്ദാനം ചെയ്തെന്ന കാര്യം താരങ്ങൾ താരങ്ങൾ ടീം അധികൃതരെ അറിയിച്ചതോടെ ബിസിസിഐ അഴിമതി വിരുദ്ധ വിഭാഗവുമായി ബന്ധപ്പെടുകയായിരുന്നു. ബിസിസിഐയാണ് പൊലീസിന് പരാതി നൽകിയിരിക്കുന്നത്. സന്ദേശമയച്ചവരുടെ വിവരങ്ങൾ തേടി ഫേസ്ബുക്കിനെയും ഇൻസ്റ്റഗ്രാമിനെയും പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്.
കൊല്ലം സെയ്‌ലേഴ്‌സിയായിരുന്നു പ്രഥമ ലീഗിന്റെ ചാമ്പ്യന്മാർ. ഫൈനലിൽ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കൊല്ലം പ്രഥമ ലീഗ് കിരീടം സ്വന്തമാക്കിയത്. നായകൻ സച്ചിൻ ബേബിയുടെ സെഞ്ച്വറിയാണ് കൊല്ലത്തെ കിരീടത്തിലേക്ക് നയിച്ചത്. ടൂർണമെന്റിൽ 528 റൺസ് നേടിയ സച്ചിനാണ് ലീഗിലെ റൺവേട്ടക്കാരിൽ ഒന്നാമൻ.