Ravi Shastri: മക്കല്ലത്തിൻ്റെ സേവനം മതിയായി; ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പരിശീലകസ്ഥാനത്തേക്ക് രവി ശാസ്ത്രി?
Ravi Shastri England Coach: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാൻ രവി ശാസ്ത്രിയോ? മുൻ ദേശീയ താരമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിൻ്റെ പുതിയ പരിശീലകനായി രവി ശാസ്ത്രിയെ പരിഗണിക്കണമെന്ന് മുൻ താരം. ബ്രണ്ടൻ മക്കല്ലത്തിൻ്റെ ബാസ്ബോൾ പരാജയമാണെന്ന് വിലയിരുത്തിയാണ് താരത്തെ മാറ്റി ഇന്ത്യയുടെ മുൻ പരിശീലകനെ ഇംഗ്ലണ്ട് പരിഗണിക്കണമെന്ന് മുൻ സ്പിന്നറായ മോണ്ടി പനേസറിൻ്റെ ആവശ്യം. ആഷസ് പരമ്പര അടിയറവച്ചതോടെ ഇംഗ്ലണ്ടിനും മക്കല്ലത്തിനും എതിരായ വിമർശനം ശക്തിപ്രാപിക്കുകയാണ്.
മാധ്യമപ്രവർത്തകനായ രവി ബിശ്തുമായുള്ള അഭിമുഖത്തിലാണ് പനേസർ തൻ്റെ അഭിപ്രായം അറിയിച്ചത്. ഓസ്ട്രേലിയയെ എങ്ങനെ തോല്പിക്കാമെന്ന് രവി ശാസ്ത്രിക്കറിയാമെന്ന് പനേസർ പറഞ്ഞു. 2018-19, 2020-21 കാലയളവിൽ രവി ശാസ്ത്രി പരിശീലകനായ ഇന്ത്യൻ ടീം ഓസ്ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പരകൾ വിജയിച്ചിരുന്നു.
Also Read: Indian Women Cricket: കേക്ക് മുറിച്ച് ജമീമ, തിരുവനന്തപുരത്ത് ക്രിസ്മസ് ആഘോഷിച്ച് വനിതാ താരങ്ങൾ
“നിങ്ങൾ ചിന്തിക്കണം, ഓസ്ട്രേലിയയെ എങ്ങനെ തോല്പിക്കാൻ കഴിയുമെന്ന് ആർക്കാണ് അറിയാവുന്നത്? ഓസ്ട്രേലിയയുടെ ബലഹീനതകളെ മാനസികമായും ശാരീരികമായും തന്ത്രപരമായും എങ്ങനെ മറികടക്കും? എനിക്ക് തോന്നുന്നത് രവി ശാസ്ത്രി ഇന്ത്യയുടെ അടുത്ത പരിശീലകനാവണമെന്നതാണ്.”- പനേസർ പറഞ്ഞു.
ക്യാപ്റ്റൻ പാറ്റ് കമ്മിൻസും സ്റ്റാൻഡ് ഇൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും അടക്കം പല പ്രമുഖരും പരിക്കേറ്റ് പുറത്തായെങ്കിലും ആദ്യ മൂന്ന് ടെസ്റ്റുകളിലും ഇംഗ്ലണ്ടിനെ കീഴടക്കാൻ ഓസ്ട്രേലിയക്ക് സാധിച്ചിരുന്നു. ആദ്യ രണ്ട് മത്സരങ്ങൾ എട്ട് വിക്കറ്റിന് വിജയിച്ച ഓസ്ട്രേലിയ മൂന്നാം മത്സരത്തിൽ 82 റൺസിന് വിജയകിരീടം ചൂടി. ഇനി രണ്ട് മത്സരങ്ങൾ കൂടിയാണ് പരമ്പരയിൽ അവശേഷിക്കുന്നത്.
മധ്യനിരയിൽ നിന്ന് ഓപ്പണിംഗിലേക്ക് വന്ന ട്രാവിസ് ഹെഡ് തന്നെയാണ് ഓസീസിൻ്റെ കരുത്ത്. 379 റൺസുമായി താരം റൺ വേട്ടക്കാരിൽ ഒന്നാമതാണ്. 267 റൺസുള്ള അലക്സ് കാരി രണ്ടാമതാണ്. 22 വിക്കറ്റ് നേടിയ മിച്ചൽ സ്റ്റാർക്കും ഓസീസ് ആധിപത്യത്തിൽ നിർണായക പങ്കുവഹിച്ചു.