ISL Uncertainty: ട്വിസ്റ്റ് ! ഐഎസ്എല്‍ അനിശ്ചിതത്വത്തിനിടയിലും ബദല്‍ പദ്ധതിയുമായി എഐഎഫ്എഫ്, പുതിയ നീക്കം ഇങ്ങനെ
Super Cup may be held before ISL 2025: ഐഎസ്എല്‍ കഴിയുമ്പോഴാണ് സൂപ്പര്‍ കപ്പ് നടത്തുന്നത്. എന്നാല്‍ ഇത്തവണ ഐഎസ്എല്‍ എന്ന് തുടങ്ങുമെന്നതില്‍ അവ്യക്തത തുടരുന്നതിനാല്‍ സൂപ്പര്‍ കപ്പ് ആദ്യം നടത്തട്ടെ എന്ന് ഫെഡറേഷന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു
ഇന്ത്യന്‍ സൂപ്പര്‍ ലീഗുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനിടെ ഇത്തവണ ആദ്യം സൂപ്പര്‍ കപ്പ് നടത്താന്‍ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) നിര്‍ദ്ദേശിച്ചു. സെപ്റ്റംബർ പകുതി മുതൽ സൂപ്പർ കപ്പ് ടൂർണമെന്റ് നടത്താനാണ് ഫെഡറേഷന്റെ നിര്‍ദ്ദേശം. ഐഎസ്‌എൽ ക്ലബ്ബുകൾക്ക് മതിയായ മത്സരങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് എഐഎഫ്എഫ് ബദല്‍ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. ഐഎസ്എല്ലുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വിവിധ ക്ലബുകളുടെ സിഇഒമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് എഐഎഫ്എഫ് ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.
മോഹൻ ബഗാൻ സൂപ്പർ ജയന്റ്, ഈസ്റ്റ് ബംഗാൾ, ഒഡീഷ എഫ്‌സി എന്നിവയുടെ പ്രതിനിധികൾ വെർച്വലായും, മറ്റ് ക്ലബുകളുടെ പ്രതിനിധികള്‍ നേരിട്ടും യോഗത്തില്‍ പങ്കെടുത്തു. ഐഎസ്‌എൽ ക്ലബ്ബുകൾക്ക് മതിയായ മത്സരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സെപ്റ്റംബർ രണ്ടാം വാരമോ മൂന്നാം വാരമോ സൂപ്പർ കപ്പ് ആരംഭിക്കണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന് എഐഎഫ്‌എഫ് പ്രസിഡന്റ് കല്യാൺ ചൗബെ പറഞ്ഞു.
10 ദിവസത്തിനുള്ളിൽ വീണ്ടും യോഗം ചേർന്ന് അന്തിമ തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അല്‍പം വൈകിയാലും ഈ സീസണില്‍ ഐഎസ്എല്‍ നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഫോര്‍മാറ്റിലോ മറ്റോ ചില മാറ്റങ്ങള്‍ വരുത്തേണ്ടി വന്നേകക്കാം. അതേക്കുറിച്ച് പിന്നീട് തീരുമാനിക്കുമെന്നും, ഇപ്പോള്‍ തീരുമാനമെടുത്തിട്ടില്ലെന്നും കല്യാൺ ചൗബെ വ്യക്തമാക്കി.




Also Read: ISL 2025-26: കടുത്ത നടപടികളിലേക്ക് ഐഎസ്എല്‍ ക്ലബുകള്‍; കാത്തിരിക്കാന്‍ ബ്ലാസ്റ്റേഴ്‌സ്
സാധാരണയായി ഐഎസ്എല്‍ കഴിയുമ്പോഴാണ് സൂപ്പര്‍ കപ്പ് നടത്തുന്നത്. എന്നാല്‍ ഇത്തവണ ഐഎസ്എല്‍ എന്ന് തുടങ്ങുമെന്നതില്‍ അവ്യക്തത തുടരുന്നതിനാല്‍ സൂപ്പര്‍ കപ്പ് ആദ്യം നടത്തട്ടെ എന്ന് ഫെഡറേഷന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. സിംഗപ്പൂരിനെതിരായ ഇന്ത്യയുടെ എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുമ്പ് തീരുന്ന തരത്തില്‍ സൂപ്പര്‍ കപ്പ് നടത്താനാണ് ആലോചന.
ഒക്ടോബര്‍ 9നും, 14നും ആണ് സിംഗപ്പൂരിനെതിരായ മത്സരങ്ങള്‍. അതുകൊണ്ട് ഒക്ടോബര്‍ ഒമ്പതിന് മുമ്പ് സൂപ്പര്‍ കപ്പ് തീരുന്ന തരത്തിലാകും ക്രമീകരണമെന്നാണ് സൂചന. ഐഎസ്‌എൽ സാധാരണയായി സെപ്റ്റംബർ മുതൽ ഏപ്രിൽ വരെയാണ് നടക്കുന്നത്.