ISL 2025-26: കടുത്ത നടപടികളിലേക്ക് ഐഎസ്എല്‍ ക്ലബുകള്‍; കാത്തിരിക്കാന്‍ ബ്ലാസ്റ്റേഴ്‌സ്; നാളെ നിര്‍ണായകം
AIFF officials will meet with CEOs from eight ISL clubs on August 7: ചെന്നൈയിന്‍ എഫ്‌സി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ട്. ബെംഗളൂരു എഫ്‌സി താരങ്ങളുടെയടക്കം ശമ്പളം തടഞ്ഞുവച്ച്. ഒഡീഷ എഫ്‌സിയും കരാറുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കൂടുതല്‍ ക്ലബുകള്‍ കടുത്ത നടപടികളിലേക്ക് നീങ്ങിയേക്കും. നാളെ വിവിധ ക്ലബ് സിഇഒമാരുമായി എഐഎഫ്എഫ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തും
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലായതോടെ കൂടുതല്‍ ക്ലബുകള്‍ കടുത്ത നടപടികളിലേക്ക് ഒരുങ്ങുന്നു. ചെന്നൈയിന്‍ എഫ്‌സി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചതായാണ് റിപ്പോര്‍ട്ട്. സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ മാർക്കസ് മെർഗുൽഹാവോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രവര്‍ത്തനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്ത കാര്യം താരങ്ങളെയും ജീവനക്കാരെയും ക്ലബ് അറിയിച്ചതായി മാർക്കസ് മെർഗുൽഹാവോ വ്യക്തമാക്കി. സിഇഒ ഏകാൻഷ് ഗുപ്ത ഇമെയില്‍ വഴി താരങ്ങളെ ഇക്കാര്യം അറിയിച്ചു. വൈസ് പ്രസിഡന്റ് പ്രതം ബസു നിലവിലെ സ്ഥിതിഗതികള്‍ താരങ്ങളോട് വിശദീകരിച്ചിട്ടുണ്ട്.
Chennanyin FC have decided to suspend its football operations. Players and staff have been intimated.#IndianFootball pic.twitter.com/YDFOgR2DPP
— Marcus Mergulhao (@MarcusMergulhao) August 6, 2025




നേരത്തെ താരങ്ങളുടെയും സ്റ്റാഫുകളുടെയും ശമ്പളം അനിശ്ചിതമായി നിര്‍ത്തിവയ്ക്കുകയാണെന്ന് ബെംഗളൂരു എഫ്‌സി അറിയിച്ചിരുന്നു. ലീഗിന്റെ അനിശ്ചിതത്വം കണക്കിലെടുത്താണ് തീരുമാനം. ഇന്ത്യയില്‍ ഒരു ഫുട്‌ബോള്‍ ക്ലബ് നടത്തിക്കൊണ്ടുപോകുന്നത് ശ്രമകരമായ ദൗത്യമാണെന്ന് ബെംഗളൂരു എഫ്‌സി വിശദീകരിച്ചു.
ലീഗിന്റെ ഭാവി വ്യക്തമല്ലാത്തതിനാല്‍ ഈ നടപടി സ്വീകരിക്കുകയല്ലാതെ വേറെ വഴിയില്ല. താരങ്ങളുടെയും ജീവനക്കാരുടെയും ഭാവിയും ക്ഷേമവും പ്രധാനമാണ്. അവരുമായി ബന്ധപ്പെടുന്നുണ്ട്. പരിഹാരത്തിനായി കാത്തിരിക്കുകയാണെന്നും ക്ലബ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
നിലവിലെ പ്രതിസന്ധി വേഗം അവസാനിപ്പിക്കണമെന്ന് എഐഎഫ്‌എഫിനോടും എഫ്‌എസ്‌ഡിഎല്ലിനോടും ബെംഗളൂരു എഫ്‌സി അഭ്യര്‍ത്ഥിച്ചു. അനിശ്ചിതത്വം ആർക്കും പ്രയോജനകരമല്ല. ഇന്ത്യൻ ഫുട്‌ബോളിന്റെ ഭാവിക്ക് വേഗത്തില്‍ പരിഹാരമുണ്ടാകണമെന്നും ക്ലബ് ആവശ്യപ്പെട്ടു.
സാലറി നിര്‍ത്തിവച്ചതടക്കമുള്ള കടുത്ത നടപടികളിലേക്ക് ബെംഗളൂരു കടന്നതിന് പിന്നാലെയാണ് ചെന്നൈയിന്‍ എഫ്‌സി പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. നേരത്തെ ഒഡീഷ എഫ്‌സിയും സമാന നടപടികളിലേക്ക് കടന്നിരുന്നു. താരങ്ങളുടെയും സ്റ്റാഫുകളുടെയും കരാറുകള്‍ ഒഡീഷ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. കൂടുതല്‍ ക്ലബുകള്‍ കടുത്ത നടപടികളിലേക്ക് കടക്കാനാണ് സാധ്യത. മുൻനിര ക്ലബ്ബുകളിൽ പകുതിയും ഇതുവരെ പ്രീ സീസൺ പരിശീലനം ആരംഭിച്ചിട്ടില്ല.
കാത്തിരുന്ന് കേരള ബ്ലാസ്റ്റേഴ്‌സ്
എന്നാല്‍ പരിശീലകര്‍, സ്റ്റാഫുകള്‍ എന്നിവരുടെ കരാറുകള്‍ കേരള ബ്ലാസ്റ്റേഴ്‌സ് റദ്ദാക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും അത് ശരിയല്ല. ഐഎസ്എൽ എപ്പോൾ ആരംഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയ്ക്കായി കേരള ബ്ലാസ്റ്റേഴ്‌സ് കാത്തിരിക്കുകയാണ്. അതുവരെ ബ്ലാസ്റ്റേഴ്‌സ് കടുത്ത നടപടികളിലേക്ക് കടക്കില്ലെന്നാണ് സൂചന. എന്നാല്‍ ക്ലബ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചതായി റിപ്പോര്‍ട്ടുണ്ട്.
നാളെ നിര്‍ണായകം?
അതേസമയം, ഇന്ത്യൻ ഫുട്‌ബോളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി നാളെ (ഓഗസ്ത് 7) എട്ട് ഐഎസ്എല്‍ ക്ലബ്ബുകളുടെ സിഇഒമാരുമായി എഐഎഫ്എഫ് ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തും.
🚨 Announcement 🔊
AIFF officials will meet with CEOs from eight Indian Super League clubs, on Thursday, August 7, 2025, in New Delhi, to discuss issues regarding #IndianFootball.
— Indian Football Team (@IndianFootball) August 4, 2025
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, ഹൈദരാബാദ് എഫ്‌സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി, ജംഷഡ്പൂർ എഫ്‌സി, ബെംഗളൂരു എഫ്‌സി ഒഡീഷ എഫ്‌സി, പഞ്ചാബ് എഫ്‌സി, എഫ്‌സി ഗോവ എന്നീ ക്ലബുകളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചതെന്നാണ് വിവരം. നിലവിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഈ ക്ലബുകള്‍ എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബെയ്ക്ക് കത്തയച്ചിരുന്നു.