BPL 2025 Controversy: ശമ്പളം നൽകാതെ ഓഫീസ് പൂട്ടി ടീമുടമ മുങ്ങി; താരങ്ങളുടെ ക്രിക്കറ്റ് കിറ്റ് പിടിച്ചുവച്ച് ബസ് ഡ്രൈവർ: ബിപിഎല്ലിൽ വിവാദം
BPL 2025 Controversy Durbar Rajshahi : ബംഗ്ലാദേശ് പ്രീമിയർ ലീഗ് ടീമായ ദർബാർ രാജ്ഷാഹിയുടെ ഉടമ ശമ്പളം നൽകാതെ മുങ്ങിയെന്ന് റിപ്പോർട്ട്. ശമ്പളം ലഭിക്കാത്തതിനാൽ ബസ് ഡ്രൈവർ രാജ്യാന്തര താരങ്ങളുടെ ക്രിക്കറ്റ് കിറ്റുകൾ പിടിച്ചുവച്ചിരിക്കുകയാണ്.

ബംഗ്ലാദേശ് പ്രീമിയർ ലീഗ് ടീമായ ദർബാർ രാജ്ഷാഹിയിൽ ശമ്പളവിവാദം. താരങ്ങൾക്കും ബസ് ഡ്രൈവർക്കും ശമ്പളം നൽകാതെ ടീം ഉടമ ഓഫീസ് പൂട്ടി മുങ്ങിയെന്നാണ് ആക്ഷേപം. ശമ്പളം ലഭിക്കാത്തതിനാൽ താരങ്ങളുടെ ക്രിക്കറ്റ് കിറ്റ് ബസ് ഡ്രൈവർ പിടിച്ചുവച്ചു എന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെ രാജ്യാന്തര താരങ്ങൾ ഹോട്ടലിൽ കുടുങ്ങിയിരിക്കുകയാണ്. അതേസമയം, ഫെബ്രുവരി 10ന് മുൻപ് കൊടുക്കാനുള്ള മുഴുവൻ തുകയും കൊടുത്തുതീർക്കുമെന്ന് ടീം ഉടമ ഷഫീഖ് റഹ്മാൻ ഉറപ്പുനൽകിയതായും സൂചനയുണ്ട്.
സീസൺ പുരോഗമിക്കുമ്പോൾ തന്നെ ടീമിലെ താരങ്ങൾക്ക് ശമ്പളം ലഭിക്കുന്നില്ലെന്ന ആക്ഷേപമുയർന്നിരുന്നു. കരാറിലെ തുക കുറച്ച് മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നും ബാക്കി ഇതുവരെ അവർക്ക് കിട്ടിയിട്ടില്ലെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് ഓഫീസ് പൂട്ടി ടീമുടമ സ്ഥലം വിട്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. ഷഫീഖ് റഹ്മാൻ്റെ ഫോൺ സ്വിച്ച്ഡ് ഓഫ് ആയെന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചു. ശമ്പള കുടിശ്ശികയുമായി ബന്ധപ്പെട്ട് പല വിദേശതാരങ്ങളും ടീമുടമയെ ബന്ധപ്പെട്ടെങ്കിലും ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ഇതിന് പിന്നാലെയാണ് ബസ് ഡ്രൈവറും ശമ്പളം ലഭിച്ചില്ലെന്ന് തുറന്നുപറഞ്ഞത്. താരങ്ങളെ ഹോട്ടലിൽ നിന്ന് ഗ്രൗണ്ടിലേക്കും തിരികെയും കൊണ്ടുപോയിരുന്ന ബസിൻ്റെ ഡ്രൈവറായിരുന്നു ഇത്. തൻ്റെ കുടിശ്ശിക തീർത്തില്ലെങ്കിൽ താരങ്ങളുടെ കിറ്റ് ബാഗുകൾ നൽകില്ലെന്ന് നിലപാടെടുത്ത ബസ് ഡ്രൈവർ മുഹമ്മദ് ബാബുൾ കിറ്റ് ബാഗുകൾ പിടിച്ചുവച്ചിരിക്കുകയാണ്.
Also Read: U19 Womens World Cup: ലോകകപ്പ് വിജയം ഇങ്ങനെ ആഘോഷിക്കണം; ഷാരൂഖ് ഗാനത്തിന് ചുവടുവച്ച് അണ്ടർ 19 താരങ്ങൾ




വലിയ നാണക്കേടാണിതെന്ന് ഡ്രൈവർ പറഞ്ഞു. ബസിൽ വിദേശതാരങ്ങളുടെ കിറ്റുകളാണ് ഉള്ളത്. എനിക്ക് ഒരു വലിയ തുക ശമ്പളബാക്കി തരാനുണ്ട്. അത് തരാതെ ഈ കിറ്റ് ബാഗുകൾ വിട്ടുകൊടുക്കാനാവില്ലെന്നും ഇയാൾ നിലപാടെടുത്തു. തങ്ങൾക്ക് പണം കിട്ടിയാലും ഡ്രൈവറിൻ്റെ കുടിശ്ശിക കൂടി ടീം ഉടമ പരിഹരിച്ചെങ്കിലേ കിറ്റ് ബാഗുകളുമായി നാട്ടിൽ പോകാനാവൂ എന്ന പ്രതിസന്ധിയിലാണ് നിലവിൽ വിദേശതാരങ്ങൾ.
മുഹമ്മദ് ഹാരിസ് (പാകിസ്താൻ), അഫ്താബ് ആലം (അഫ്ഗാനിസ്ഥാൻ), മാർക് ദെയാൽ (വെസ്റ്റ് ഇൻഡീസ്), റയാൽ ബേൾ (സിംബാബ്‌വെ), മിഗ്വേൽ കമ്മിൻസ് (വെസ്റ്റ് ഇൻഡീസ്) തുടങ്ങിയ വിദേശതാരങ്ങളൊക്കെ ശമ്പളബാക്കിക്കായി കാത്തിരിക്കുകയാണ്. ഇവരിൽ ചിലർക്ക് ആകെ ശമ്പളത്തിൻ്റെ 25 ശതമാനം മാത്രമേ നൽകിയിട്ടുള്ളൂ. മറ്റ് ചിലർക്കാവട്ടെ ഒട്ടും ലഭിച്ചിട്ടില്ല. എന്നാൽ, ഫെബ്രുവരി 10ആം തീയതിയ്ക്ക് മുൻപ് ഇവർക്ക് ബാക്കി പണം നൽകുമെന്നും തിരികെ പോകാനുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് നൽകിയിട്ടുണ്ടെന്നും ടീം ഉടമ ഷഫീഖ് റഹ്മാൻ പറഞ്ഞു.