Asia Cup 2025: സൂപ്പര്‍ ഫോര്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തി ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാനെ എട്ട് റണ്‍സിന് തോല്‍പിച്ചു
Bangladesh vs Afghanistan Asia Cup 2025 group stage match result: സൂപ്പര്‍ ഫോര്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തി ബംഗ്ലാദേശ്. നിര്‍ണായക പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെ എട്ട് റണ്‍സിന് തോല്‍പിച്ചു. 155 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ അഫ്ഗാനിസ്ഥാന്‍ 146 റണ്‍സിന് പുറത്തായി
അബുദാബി: ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോര്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തി ബംഗ്ലാദേശ്. നിര്‍ണായക പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെ എട്ട് റണ്‍സിന് തോല്‍പിച്ചു. 155 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ അഫ്ഗാനിസ്ഥാന്‍ 146 റണ്‍സിന് പുറത്തായി. സ്‌കോര്‍: ബംഗ്ലാദേശ്-20 ഓവറില്‍ അഞ്ച് വിക്കറ്റിന് 154. അഫ്ഗാനിസ്ഥാന്‍-20 ഓവറില്‍ 146. 31 പന്തില്‍ 35 റണ്‍സെടുത്ത ഓപ്പണര്‍ റഹ്‌മാനുല്ല ഗുര്‍ബാസാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. 16 പന്തില്‍ 30 റണ്‍സെടുത്ത അസ്മത്തുല്ല ഒമര്‍സായി, 11 പന്തില്‍ 20 റണ്‍സെടുത്ത ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ എന്നിവരൊഴികെയുള്ള അഫ്ഗാന്‍ ബാറ്റര്‍മാരെല്ലാം പരാജയമായി.
സ്‌കോര്‍ ബോര്‍ഡ് തുറക്കും മുമ്പേ ഓപ്പണര്‍ സെദിക്കുല്ല അടലിനെ അഫ്ഗാന് നഷ്ടമായിരുന്നു. നാസും അഹമ്മദിന്റെ പന്തില്‍ എല്‍ബിഡബ്ല്യുവില്‍ കുരുങ്ങിയ അടല്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായി. ഇബ്രാഹിം സദ്രാന്‍-12 പന്തില്‍ അഞ്ച്, ഗുല്‍ബാദിന്‍ നായിബ്-14 പന്തില്‍ 16, മുഹമ്മദ് നബി-15 പന്തില്‍ 15, കരിം ജനത്-എട്ട് പന്തില്‍ 6, നൂര്‍ അഹമ്മദ്-ഒമ്പത് പന്തില്‍ 14, അല്ല ഗസന്‍ഫര്‍-ഒരു പന്തില്‍ പൂജ്യം, ഫസല്‍ഹഖ് ഫറൂഖി-പുറത്താകാതെ മൂന്ന് പന്തില്‍ രണ്ട് എന്നിവര്‍ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല.
ബംഗ്ലാദേശിനു വേണ്ടി മുസ്തഫിസുര്‍ റഹ്‌മാന്‍ മൂന്ന് വിക്കറ്റും, നാസും അഹമ്മദ്, ടസ്‌കിന്‍ അഹമ്മദ്, റിഷാദ് ഹൊസൈന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. 31 പന്തില്‍ 52 റണ്‍സെടുത്ത ഓപ്പണര്‍ തന്‍സിദ് ഹസന്റെ പ്രകടനമാണ് ഭേദപ്പെട്ട സ്‌കോറിലെത്താന്‍ ബംഗ്ലാദേശിനെ സഹായിച്ചത്.




Also Read: Asia Cup 2025: ഐസിസിയുടെ നടപടി താങ്ങാൻ വയ്യ; ഏഷ്യാ കപ്പ് ബഹിഷ്കരണത്തിൽ നിന്ന് പിന്മാറി പാകിസ്താൻ
സയിഫ് ഹസന്‍-28 പന്തില്‍ 30, ലിട്ടണ്‍ ദാസ്-11 പന്തില്‍ ഒമ്പത്, തൗഹിദ് ഹൃദോയ്-20 പന്തില്‍ 26, ഷമിം ഹൊസൈന്‍-11 പന്തില്‍ 11, ജാക്കര്‍ അലി-13 പന്തില്‍ 12 നോട്ടൗട്ട്, നൂറുള്‍ ഹസന്‍-ആറു പന്തില്‍ 12 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം. അഫ്ഗാന് വേണ്ടി റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും, അസ്മത്തുല്ല ഒമര്‍സായി ഒരു വിക്കറ്റും സ്വന്തമാക്കി.