AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Asia Cup 2025: ക്യാച്ചുകള്‍ കളഞ്ഞുകുളിച്ച് ഫീല്‍ഡര്‍മാര്‍, ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍

Asia Cup 2025 India vs Pakistan Super 4 Match: ഫഖര്‍ സമാനും, സാഹിബ്‌സാദ ഫര്‍ഹാനും മികച്ച തുടക്കമാണ് പാകിസ്ഥാന് നല്‍കിയത്. തുടക്കത്തില്‍ തന്നെ ഫര്‍ഹാനെ പുറത്താക്കാനുള്ള അവസരം അഭിഷേക് ശര്‍മ നഷ്ടപ്പെടുത്തി. ഫര്‍ഹാന്റെ അലക്ഷ്യമായ ഷോട്ട് കൈപിടിയിലൊതുക്കാനുള്ള അഭിഷേകിന്റെ ശ്രമം പാളുകയായിരുന്നു. രണ്ട് തവണയാണ് ഫര്‍ഹാന്റെ ക്യാച്ച് അഭിഷേക് നഷ്ടപ്പെടുത്തിയത്

Asia Cup 2025: ക്യാച്ചുകള്‍ കളഞ്ഞുകുളിച്ച് ഫീല്‍ഡര്‍മാര്‍, ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍
ഇന്ത്യ-പാക് മത്സരം Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 21 Sep 2025 | 10:06 PM

ദുബായ്: സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന് മികച്ച സ്‌കോര്‍. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് പാകിസ്ഥാന്‍ നേടിയത്. ടോസ് നേടിയ ഇന്ത്യ പാകിസ്ഥാനെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു. ഓപ്പണര്‍മാരായ ഫഖര്‍ സമാനും, സാഹിബ്‌സാദ ഫര്‍ഹാനും മികച്ച തുടക്കമാണ് പാകിസ്ഥാന് നല്‍കിയത്. തകര്‍ത്തടിച്ച് തുടങ്ങിയ ഫഖര്‍ സമാനെ പുറത്താക്കി ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു. ഒമ്പത് പന്തില്‍ 15 റണ്‍സെടുത്ത സമാനെ സഞ്ജു സാംസണ്‍ ഒരു ഉജ്ജ്വല ക്യാച്ചിലൂടെ ഔട്ടാക്കുകയായിരുന്നു.

തുടക്കത്തില്‍ തന്നെ ഫര്‍ഹാനെ പുറത്താക്കാനുള്ള അവസരം അഭിഷേക് ശര്‍മ നഷ്ടപ്പെടുത്തി. ഫര്‍ഹാന്റെ അലക്ഷ്യമായ ഷോട്ട് കൈപിടിയിലൊതുക്കാനുള്ള അഭിഷേകിന്റെ ശ്രമം പാളുകയായിരുന്നു. രണ്ട് തവണയാണ് ഫര്‍ഹാന്റെ ക്യാച്ച് അഭിഷേക് നഷ്ടപ്പെടുത്തിയത്.

ഒടുവില്‍ പാകിസ്ഥാന്റെ ടോപ് സ്‌കോററായ ഫര്‍ഹാന്‍ അര്‍ധ സെഞ്ചുറി നേടിയതിന് ശേഷമാണ് മടങ്ങിയത്. അര്‍ധ സെഞ്ചുറിക്ക് ശേഷം ആകാശത്തേക്ക് ബാറ്റുയര്‍ത്തി വെടിവയ്ക്കുന്നതുപോലെ കാണിച്ചാണ് ഫര്‍ഹാന്‍ ആഘോഷപ്രകടനം നടത്തിയത്. 45 പന്തില്‍ 58 റണ്‍സെടുത്ത ഫര്‍ഹാന്‍ 14-ാം ഓവറില്‍ ശിവം ദുബെയുടെ പന്തില്‍ സൂര്യകുമാര്‍ യാദവിന് ക്യാച്ച് നല്‍കി മടങ്ങി.

Also Read: India vs Pakistan: ടോസ് ജയിച്ച് സൂര്യ, ഹസ്തദാനമില്ല; സഞ്ജുവിന്റെ സ്ഥാനത്തില്‍ മാറ്റം

കഴിഞ്ഞ മത്സരങ്ങളില്‍ ഓപ്പണറായി ഇറങ്ങിയ സയിം അയൂബ് ഇത്തവണ വണ്‍ ഡൗണായാണ് എത്തിയത്. മൂന്ന് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ അയൂബ് ഇന്ന് 17 പന്തില്‍ 21 റണ്‍സെടുത്തു. അയൂബ് നല്‍കിയ അനായാസമായ ക്യാച്ചിനുള്ള അവസരം കുല്‍ദീപ് യാദവ് കളഞ്ഞുകുളിച്ചിരുന്നു. 10-ാം ഓവറില്‍ ശിവം ദുബെയുടെ പന്തില്‍ അഭിഷേക് ശര്‍മ ക്യാച്ചെടുത്താണ് അയൂബ് ഔട്ടായത്.

ടോപ് ഓര്‍ഡറിലെ മൂന്ന് ബാറ്റര്‍മാര്‍ മടങ്ങിയതോടെ പാകിസ്ഥാന്റെ സ്‌കോറിങിന് വേഗം കുറഞ്ഞു. ഹുസൈന്‍ തലാട്ട്-11 പന്തില്‍ 10, മുഹമ്മദ് നവാസ്-19 പന്തില്‍ 21, സല്‍മാന്‍ അലി ആഘ-പുറത്താകാതെ 13 പന്തില്‍ 17 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം.

ഏഴാമനായി എത്തിയ ഫഹീം അഷ്‌റഫ് എത്തിയതിന് ശേഷമാണ് പാകിസ്ഥാന്റെ സ്‌കോറിങിന് വേഗത മെച്ചപ്പെട്ടത്. അഷ്‌റഫ് പുറത്താകാതെ എട്ട് പന്തില്‍ 20 റണ്‍സെടുത്തു. ഇന്ത്യയ്ക്കായി ശിവം ദുബെ രണ്ട് വിക്കറ്റും, ഹാര്‍ദ്ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ജസ്പ്രീത് ബുംറ നിരാശപ്പെടുത്തി. നാലോവര്‍ എറിഞ്ഞ താരത്തിന് വിക്കറ്റൊന്നും ലഭിച്ചില്ല. 45 റണ്‍സ് വഴങ്ങുകയും ചെയ്തു.