Asia Cup 2025: സൂപ്പർ ഫോറിൽ ഇന്ത്യ ഇന്ന് പാകിസ്താനെതിരെ; ഇരുടീമുകൾക്കും അഭിമാനപ്രശ്നം
India vs Pakistan Match Today: ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യ പാകിസ്താനെതിരെ. സൂപ്പർ ഫോർ ഘട്ടത്തിൽ ഇരു ടീമുകളുടെയും ആദ്യ മത്സരമാണ് ഇന്ന്.
ഏഷ്യാ കപ്പിൽ വീണ്ടുമൊരു ഹൈ വോൾട്ടേജ് ഇന്ത്യ – പാകിസ്താൻ പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തിലെ ഹസ്തദാന വിവാദവും അതിനെതുടർന്നുണ്ടായ ചർച്ചകളും ഇന്നത്തെ മത്സരത്തിന് മറ്റൊരു മാനമാണ് നൽകുക. ഗ്രൂപ്പ് ഘട്ട മത്സരത്തിലെ തോൽവിയ്ക്ക് പകരം വീട്ടുക എന്നതിനൊപ്പം മത്സരത്തിന് ശേഷമുണ്ടായ അഭിമാനക്ഷതത്തിനും പാകിസ്താന് മറുപടി നൽകേണ്ടതുണ്ട്. ഇന്ത്യക്കാവട്ടെ, ഇന്നത്തെ കളി തോറ്റാൽ വലിയ നാണക്കേടുമാവും.
പാകിസ്താൻ പരാതിനൽകിയ ആൻഡി പൈക്രോഫ്റ്റ് തന്നെ ഇന്നത്തെ മത്സരത്തിലും റഫറി ആവുമെന്നാണ് സൂചനകൾ. അതും പാകിസ്താന് തിരിച്ചടിയാണ്. അണ്ടർ ഫയർ ചെയ്യുന്ന ബാറ്റിംഗ് നിരയുടെ മോശം ഫോമാണ് അവരുടെ ഏറ്റവും വലിയ പ്രശ്നം. ബാറ്റിംഗിൽ സമ്പൂർണ പരാജയമായെങ്കിലും പാർട് ടൈം സ്പിന്നറായി തിളങ്ങുന്ന സയിം അയൂബ് മുതൽ പാകിസ്താൻ്റെ പരാധീനതകൾ തുടങ്ങുന്നു. കടലാസിൽ 9 ബാറ്റിംഗ് ഓപ്ഷനുകളുണ്ട്. എന്നാൽ, ഇവർക്കാർക്കും സ്ഥിരതയില്ല. 9ആം നമ്പറിലെ ഷഹീൻ ഷാ അഫ്രീദി മാത്രമാണ് ഇതിന് ഒരു അപവാദം. ബൗളിംഗ് വിഭാഗം തരക്കേടില്ല. ഷഹീൻ, ഹാരിസ് റൗഫ് എന്നിവർക്കൊപ്പം അബ്റാർ അഹ്മദും മികച്ചുനിൽക്കുന്നു.
Also Read: Asia Cup 2025: ‘ഐസിസിയും ഏഷ്യാ കപ്പും പോയി തുലയട്ടെ’; ബഹിഷ്കരണ യോഗത്തിൽ പിസിബി പറഞ്ഞതെന്ത്?




ഒമാനെതിരായ പരീക്ഷണക്കളിയിൽ ഒന്ന് ഭയന്നെങ്കിലും എല്ലാ കളിയും ജയിച്ചാണ് സൂപ്പർ ഫോറിലേക്കുള്ള ഇന്ത്യയുടെ വരവ്. ഇന്ത്യൻ നിരയിൽ കാര്യമായ പ്രശ്നങ്ങളില്ല. ഒരേയൊരു പ്രശ്നം ഓപ്പണിംഗിലുള്ള ശുഭ്മൻ ഗിൽ ആണ്. യുഎഇക്കെതിരായ 9 പന്തിൽ 20 നോട്ടൗട്ട് മാത്രമാണ് എടുത്തുപറയാവുന്ന പ്രകടനം. പാകിസ്താനെതിരെ 10, ഒമാനെതിരെ അഞ്ച് എന്നിങ്ങനെ സ്കോർ ചെയ്ത ഗിൽ ഫോമിലേക്കുയരേണ്ടത് ഗില്ലിനെക്കാൾ ബിസിസിഐയുടെ ആവശ്യമാണ്. ടീമിൽ കാര്യമായ മറ്റ് പ്രശ്നങ്ങളില്ല. ഒമാനെതിരെ സഞ്ജു മൂന്നാം നമ്പറിൽ കളിച്ചത് ഒരു പരീക്ഷണമായി കരുതണം. ആ രീതി ഇന്ന് തുടർന്നേക്കില്ല.