AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Asia Cup 2025: ആവേശപ്പോരില്‍ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം; അപരാജിതരായി ഫൈനലിലേക്ക്‌

Asia Cup 2025 Super Four India vs Sri Lanka Match Result: ഇന്ത്യ-ശ്രീലങ്ക മത്സരത്തോടെ ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ അവസാനിച്ചു. ഇന്ത്യ ഇതിനകം ഫൈനലില്‍ പ്രവേശിച്ചിരുന്നു. ശ്രീലങ്ക പുറത്തായി. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും.

Asia Cup 2025: ആവേശപ്പോരില്‍ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം; അപരാജിതരായി ഫൈനലിലേക്ക്‌
India vs Sri Lanka Image Credit source: PTI
Jayadevan AM
Jayadevan AM | Published: 27 Sep 2025 | 12:34 AM

മത്സരഫലം അപ്രസക്തമെങ്കിലും ആവേശം ഒട്ടും ചോരാത്ത സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. സൂപ്പര്‍ ഓവര്‍ വരെ നീണ്ട മത്സരത്തിലാണ് ഇന്ത്യ ശ്രീലങ്കയെ കീഴടക്കിയത്. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്കയ്ക്ക് രണ്ട് റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഇന്ത്യ ആദ്യ പന്തില്‍ തന്നെ വിജയലക്ഷ്യം മറികടന്നു. സെഞ്ചുറി നേടിയ പഥും നിസങ്കയുടെയും (58 പന്തില്‍ 107), കുശാല്‍ പെരേരയുടെയും (32 പന്തില്‍ 58), പുറത്താകാതെ 11 പന്തില്‍ 22 റണ്‍സെടുത്ത ദസുന്‍ ശനകയുടെയും ബാറ്റിങ് മികവിലാണ് ഇന്ത്യയുടെ സ്‌കോറായ 202-നൊപ്പം ശ്രീലങ്കയും എത്തിയത്. തുടര്‍ന്ന് മത്സരം സൂപ്പര്‍ ഓവറിലേക്ക് കലാശിക്കുകയായിരുന്നു.

ഓപ്പണര്‍ കുശാല്‍ മെന്‍ഡിസിനെ ഹാര്‍ദ്ദിക് പാണ്ഡ്യ ഗോള്‍ഡന്‍ ഡക്കാക്കി മടക്കിയെങ്കിലും രണ്ടാം വിക്കറ്റില്‍ പഥും നിസങ്കയും, കുശാല്‍ പെരേരയും കാര്യങ്ങള്‍ ശ്രീലങ്കയ്ക്ക് അനുകൂലമാക്കുകയായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് ഷോട്ടുകളടിച്ചു കൂട്ടിയ ഇരുവരും രണ്ടാം വിക്കറ്റില്‍ 127 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് പടുത്തുയര്‍ത്തിയത്. ഒടുവില്‍ 12-ാം ഓവറില്‍ പെരേരയെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കിയതോടെ ഇന്ത്യ ആശ്വാസം വീണ്ടെടുത്തു. വരുണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ തകര്‍പ്പന്‍ സ്റ്റമ്പിങിലൂടെ പെരേരയെ ഔട്ടാക്കുകയായിരുന്നു.

തുടര്‍ന്ന് ക്രീസിലെത്തിയ ക്യാപ്റ്റന്‍ ചരിത് അസലങ്കയെ നിലയുറപ്പിക്കാന്‍ കുല്‍ദീപ് യാദവ് അനുവദിച്ചില്ല. ഒമ്പത് പന്തില്‍ അഞ്ച് റണ്‍സെടുത്ത അസലങ്ക കുല്‍ദീപിന്റെ പന്തില്‍ ശുഭ്മാന്‍ ഗില്ലിന് ക്യാച്ച് നല്‍കി മടങ്ങി. ഏഴ് പന്തില്‍ മൂന്ന് റണ്‍സെടുത്ത കാമിന്ദു മെന്‍ഡിസിനെ അര്‍ഷ്ദീപ് സിങ് കൂടി പുറത്താക്കിയതോടെ ഇന്ത്യ കളിയിലേക്ക് തിരികെയെത്തി. എന്നാല്‍ ശനകയും, നിസങ്കയും ചേര്‍ന്ന് പൊരുതിയതോടെ ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ സ്‌കോറിനൊപ്പം എത്താനായി. അവസാന ഓവറില്‍ നിസങ്ക പുറത്തായതാണ് ലങ്കയ്ക്ക് തിരിച്ചടിയായത്. ശനകയ്‌ക്കൊപ്പം ജനിത് ലിയാനഗെ (രണ്ട് പന്തില്‍ രണ്ട്) പുറത്താകാതെ നിന്നു.

Also Read: Asia Cup 2025: അടിച്ചുപറത്തി അഭിഷേകും, സഞ്ജുവും; ശ്രീലങ്കയ്‌ക്കെതിരെ 202 റണ്‍സ് അടിച്ചുകൂട്ടി ഇന്ത്യ

31 പന്തില്‍ 61 റണ്‍സെടുത്ത അഭിഷേക് ശര്‍മ, പുറത്താകാതെ 34 പന്തില്‍ 49 റണ്‍സെടുത്ത തിലക് വര്‍മ, 23 പന്തില്‍ 39 റണ്‍സെടുത്ത സഞ്ജു സാംസണ്‍ എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ 202 റണ്‍സ് അടിച്ചുകൂട്ടിയത്. ശുഭ്മാന്‍ ഗില്‍-മൂന്ന് പന്തില്‍ നാല്, സൂര്യകുമാര്‍ യാദവ്-13 പന്തില്‍ 12, ഹാര്‍ദ്ദിക് പാണ്ഡ്യ-മൂന്ന് പന്തില്‍ രണ്ട് എന്നിവര്‍ നിരാശപ്പെടുത്തി. അക്‌സര്‍ പട്ടേല്‍-15 പന്തില്‍ 21 നോട്ടൗട്ട് തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തു. ശ്രീലങ്കയ്ക്ക് വേണ്ടി മഹീഷ് തീക്ഷ്ണ, വനിന്ദു ഹസരങ്ക, ദസുന്‍ ശനക, ചരിത് അസലങ്ക എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഇതോടെ ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ അവസാനിച്ചു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും.