Asia Cup 2025: സഞ്ജു തന്നെ ഓപ്പണർ, ഗില്ലിന് ഇടം ലഭിച്ചേക്കില്ല; ഏഷ്യാ കപ്പ് ടീം പ്രഖ്യാപനം നാളെ
Indian Team For Asia Cup Tomorrow: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം നാളെ. സഞ്ജു തന്നെ ഓപ്പണറായി തുടർന്നേക്കും. ശുഭ്മൻ ഗില്ലിന് ഇടം ലഭിക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്.
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ ഈ മാസം 19ന് പ്രഖ്യാപിക്കും. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ തള്ളിക്കൊണ്ട് ശുഭ്മൻ ഗില്ലിന് ടീമിൽ ഇടം ലഭിച്ചേക്കില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ. സഞ്ജു സാംസണും അഭിഷേക് ശർമ്മയും ഓപ്പണറായി തുടരും. ശ്രേയാസ് അയ്യർ, ജസ്പ്രീത് ബുംറ എന്നിവർക്ക് ടീമിൽ ഇടം ലഭിക്കുമോ എന്നതാണ് പുതിയ ചോദ്യങ്ങൾ.
ടോപ്പ് ഫോറിൽ മാറ്റമുണ്ടാവില്ലെന്നാണ് സൂചനകൾ. ഗംഭീർ പരിശീലകസ്ഥാനം ഏറ്റെടുത്തതിന് ശേഷം ഇന്ത്യ കുറിച്ച റെക്കോർഡുകളിൽ പ്രധാന പങ്കുവഹിച്ചത് സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, തിലക് വർമ്മ, സൂര്യകുമാർ യാദവ് എന്ന ടോപ്പ് ഫോർ ആണ്. ഇതിൽ മാറ്റം വരുത്തിയുള്ള ഒരു പരീക്ഷണത്തിന് തത്കാലം ടീം മാനേജ്മെൻ്റ് ഒരുക്കമല്ല എന്നാണ് റിപ്പോർട്ടുകൾ. ഗില്ലിനെ ടീമിൽ പരിഗണിച്ചാൽ ഓപ്പണിംഗ് പൊസിഷനോ വൺ ഡൗണോ നൽകേണ്ടിവരും. ഓപ്പണിംഗ് സ്ഥാനത്തുള്ള അഭിഷേക് ശർമ്മ ടി20 റാങ്കിംഗിൽ ഒന്നാമതും മൂന്നാം നമ്പരിലുള്ള തിലക് വർമ്മ രണ്ടാമതുമാണ്. വിക്കറ്റ് കീപ്പറായതിനാൽ സഞ്ജുവിനെയും മാറ്റാനാവില്ല. സഞ്ജുവും ഓപ്പണിങ് പൊസിഷനിൽ മികച്ച പ്രകടനങ്ങൾ നടത്തി. അതുകൊണ്ട് തന്നെ ഈ ടീം തുടരും.
അതേസമയം, ശ്രേയാസ് അയ്യരെ ടീമിൽ പരിഗണിച്ചേക്കുമോ എന്ന ചോദ്യമുയരുന്നുണ്ട്. കഴിഞ്ഞ ഐപിഎലിൽ അടക്കം തകർത്തുകളിച്ച ശ്രേയാസിനെ ടീമിൽ ഉൾപ്പെടുത്തിയാൽ അഞ്ചാം നമ്പരിൽ കളിക്കേണ്ടിവരും. അത് എത്രത്തോളം ടീമിന് ഗുണം ചെയ്യുമെന്നത് സംശയമാണ്. അഞ്ചാം നമ്പരിൽ ഹാർദിക് പാണ്ഡ്യയും ആറാം നമ്പരിൽ റിങ്കു സിംഗും ഏറെക്കുറെ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞതാണ്. അതുകൊണ്ട് തന്നെ ശ്രേയാസ് അയ്യരിനും നിലവിൽ ഇടമില്ല. അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി എന്നിങ്ങനെയാവും ഇലവനിലെ ബാക്കി താരങ്ങൾ.