Asia Cup 2025: ‘ഏഷ്യാ കപ്പിൽ അടികൊണ്ട് വലയും’; ഇന്ത്യ നമുക്കെതിരെ കളിക്കാതിരുന്നാൽ മതിയായിരുന്നു എന്ന് മുൻ താരം
Basit Ali Hopes India Refuse To Play Pakistan: ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ പാകിസ്താൻ അടികൊണ്ട് വലയുമെന്ന് പാകിസ്താൻ്റെ മുൻ താരം ബാസിത്ത് അലി. ഇന്ത്യ പാകിസ്താനെതിരെ കളിക്കാതിരുന്നാൽ മതിയായിരുന്നു എന്നും ബാസിത്ത് അലി പറഞ്ഞു.

ബാസിത്ത് അലി
ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്താനെതിരെ കളിക്കാതിരുന്നാൽ മതിയായിരുന്നു എന്ന് മുൻ പാക് താരം ബാസിത്ത് അലി. ഇന്ത്യക്കെതിരെ അടികൊണ്ട് വലയുമെന്നും കളിക്കാതിരിക്കാൻ പ്രാർത്ഥിക്കുന്നു എന്നും ബാസിത്ത് അലി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിനോടായിരുന്നു ബാസിത്ത് അലിയുടെ പ്രതികരണം.
“ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്താനെതിരെ കളിക്കാൻ വിസമ്മതിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുകയാണ്. വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സിൽ പാക് ടീമിനെതിരെ കളിക്കാൻ വിസമ്മതിച്ചത് പോലെ. നിങ്ങൾക്ക് ചിന്തിക്കാൻ കഴിയാത്ത രീതിയിൽ ഇന്ത്യ നമ്മളെ തോല്പിച്ചുകളയും. അഫ്ഗാനിസ്ഥാനെതിരെ തോറ്റാൽ ആരും കാര്യമായി എടുക്കില്ല. എന്നാൽ, ഇന്ത്യക്കെതിരെ തോറ്റാൽ എല്ലാവർക്കും പ്രാന്ത് പിടിയ്ക്കും.”- ബാസിത്ത് അലി പറഞ്ഞു.
വരുന്ന ഏഷ്യാ കപ്പിലെ ഇന്ത്യ – പാകിസ്താൻ മത്സരം റദ്ദാക്കിയേക്കുമെന്നാണ് സൂചനകൾ. പാകിസ്താനെതിരെ കളിക്കാൻ ബിസിസിഐ തയ്യാറായേക്കില്ലെന്ന് പുതുതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യ മത്സരം ഉപേക്ഷിച്ചാൽ പാകിസ്താണ് മുഴുവൻ പോയിൻ്റും ലഭിക്കും. ഇത് പാകിസ്താന് ഗുണകരമാവുമെന്നും അതുകൊണ്ട് തന്നെ ഇന്ത്യ ഈ മത്സരം കളിക്കണമെന്ന തരത്തിലും ചർച്ചകൾ പുരോഗമിക്കുകയാണ്.
സെപ്തംബർ 9 മുതൽ 28 വരെയാണ് ഏഷ്യാ കപ്പ് ടൂർണമെൻ്റ് നടക്കുക. സെപ്തംബർ 10ന് യുഎഇക്കെതിരെയാണ് ഇന്ത്യ ആദ്യം കളിക്കുക. 14ന് പാകിസ്താനും സെപ്തംബർ 19ന് ഒമാനും ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുമായി ഏറ്റുമുട്ടും. ഇത്തവണ ഏഷ്യാ കപ്പ് യുഎഇയിലാണ് നടക്കുക. ഏഷ്യാ കപ്പിൽ ജസ്പ്രീത് ബുംറ കളിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം താരത്തിന് ആവശ്യമായ വിശ്രമം ലഭിക്കുമെന്നും ടൂർണമെൻ്റിൽ മുഴുവൻ ബുംറ കളിക്കുമെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യും. ശുഭ്മൻ ഗിൽ വൈസ് ക്യാപ്റ്റനായി ടീമിൽ തിരികെയെത്തുമെന്നും സൂചനകളുണ്ട്.