Virat Kohli – Rohit Sharma: കോലിയുടെയും രോഹിതിൻ്റെയും വിരമിക്കൽ തത്കാലം പരിഗണനയിലില്ല; നിലപാടറിയിച്ച് ബിസിസിഐ
Virat Kohli Rohit Sharma Retirement: വിരാട് കോലിയുടെയും രോഹിത് ശർമ്മയുടെയും വിരമിക്കലിൽ നിലപാടറിയിച്ച് ബിസിസിഐ. ഇത് തത്കാലം പരിഗണനയിൽ ഇല്ലെന്ന് ബിസിസിഐ പറഞ്ഞു.
വിരാട് കോലിയുടെയും രോഹിത് ശർമ്മയുടെയും വിരമിക്കൽ തത്കാലം പരിഗണനയിലില്ലെന്ന് ബിസിസിഐ. നിലവിൽ ഏഷ്യാ കപ്പിനും ടി20 ലോകകപ്പിനും ടീം ഒരുക്കലാണ് ബിസിസിഐയുടെ ലക്ഷ്യം. അതല്ലാതെ മറ്റ് കാര്യങ്ങൾ പരിഗണനയിൽ ഇല്ലെന്നും ബിസിസിഐയോട് അടുത്ത വൃത്തങ്ങൾ പ്രതികരിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.
2027 എകദിന ലോകകപ്പിൽ കളിച്ചതിന് ശേഷം വിരമിക്കാനാണ് രോഹിത് ശർമ്മയും വിരാട് കോലിയും തീരുമാനിച്ചിരുന്നത്. ഇരുവരും ഇപ്പോൾ ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നത്. ടെസ്റ്റ്, ടി20 ഫോർമാറ്റുകളിൽ നിന്ന് ഇവർ വിരമിച്ചിരുന്നു. 2027 ലോകകപ്പാകുമ്പോൾ ഇരുവർക്കും പ്രായമേറുമെന്നും ടീമിൽ അവസരം നൽകില്ലെന്നുമുള്ള റിപ്പോർട്ടുകൾ പിന്നീട് പുറത്തുവന്നു. ഒക്ടോബറിലെ ഓസ്ട്രേലിയൻ പര്യടനത്തിന് ശേഷം ഇരുവരും വിരമിക്കുമെന്നായിരുന്നു സൂചനകൾ. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് ഒക്ടോബറിലെ ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യ കളിക്കുക. ഈ പരമ്പരയോടെ ഇരുവരും വിരമിക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ ബിസിസിഐ നിഷേധിച്ചത്.
ഇരുവരുടെയും വിരമിക്കലുകൾ ഇപ്പോൾ ബിസിസിഐയുടെ ആലോചനയിലില്ല എന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ഇക്കൊല്ലം നടക്കുന്ന ഏഷ്യാ കപ്പിനും അടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പിനും മികച്ച ടീമുകളെ ഒരുക്കുകയാണ് നിലവിൽ ബിസിസിഐ ലക്ഷ്യമിടുന്നതെന്നും ബോർഡുമായി അടുത്ത വൃത്തങ്ങൾ പിടിഐയോട് പ്രതികരിച്ചു.
കഴിഞ്ഞ ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയ്ക്ക് ശേഷം ഇരുവരും രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടില്ല. ഐപിഎലിന് ശേഷം പ്രൊഫഷണൽ ക്രിക്കറ്റും കളിച്ചിട്ടില്ല. ഇക്കൊല്ലം ഡിസംബറിൽ ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫി അടക്കം കളിച്ച് രോഹിതും കോലിയും 2027 ലോകകപ്പ് ടീമിൽ ഉൾപ്പെടാനുള്ള തയ്യാറെടുപ്പുകൾ നടത്തുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ഓസ്ട്രേലിയക്കെതിരെ നടന്ന ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയ്ക്ക് ശേഷമാണ് ഇരുവരും ടെസ്റ്റ് മതിയാക്കിയത്. 2024 ടി20 ലോകകപ്പ് വിജയത്തിന് ശേഷം ഇരുവരും ടി20യിൽ നിന്ന് വിരമിച്ചിരുന്നു.