Virat Kohli : വിരാട് കോലിക്ക് മാത്രം എന്താ ഇത്ര സ്പെഷ്യൽ? ഫിറ്റ്നെസ് ടെസ്റ്റ് ലണ്ടണിൽ; ബിസിസിഐക്ക് വിമർശനം
Virat Kohli Fitness Test : എല്ലാ താരങ്ങളും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ എത്തിയാണ് ഫിറ്റ്നെസ് ടെസ്റ്റിന് വിധേയരായത്. ഏകദിന ക്യാപ്റ്റൻ രോഹിത് ശർമ ഫിറ്റ്നെസ് ടെസ്റ്റ് പാസായത് കഴിഞ്ഞ ദിവസമായിരുന്നു

Virat Kohli
ബെംഗളൂരു : ലണ്ടണിൽ വെച്ച് ഫിറ്റ്നെസ് ടെസ്റ്റിന് വിധേയനാകാൻ വിരാട് കോലിക്ക് ഇളവ് നൽകി ബിസിസിഐ. ഏകദിന ക്യാപ്റ്റൻ രോഹിത് ശർമ ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ സെൻ്റർ ഓഫ് എക്സലൻസിയിൽ എത്തിയാണ് ഫിറ്റനെസ് ടെസ്റ്റിന് ഹാജരായത്. കോലിക്ക് മാത്രം ഇളവ് നൽകിയ ബിസിസിഐയുടെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനമാണ് ആരാധകർക്കിടിയിൽ ഉയരുന്നത്.
കുടുംബസമ്മേതം ലണ്ടണിൽ താമസിക്കുന്നത് കൊണ്ടാണ് താരം തൻ്റെ ഫിറ്റ്നെസ് ടെസ്റ്റ് വിദേശത്ത് വെച്ച് നടത്താൻ കോലി ബിസിസിഐയോട് ആവശ്യപ്പെട്ടതെന്ന് ഹിന്ദി മാധ്യമമായ ദൈനിക് ജാഗരൺ റിപ്പോർട്ട് ചെയ്യുന്നു. ബിസിസിഐയുടെ നിരീക്ഷണത്തിൽ ലണ്ടണിൽ വെച്ച് ഫിറ്റ്നെസ് ടെസ്റ്റ് സംഘടിപ്പിച്ചുയെന്നും അതിൽ കോലി പാസാകുകയും ചെയ്തുയെന്നും റിപ്പോർട്ടിൽ പറയുന്നു. ഏഷ്യ കപ്പിനും ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിനും മുന്നോടിയായി രണ്ട് ഘട്ടങ്ങളായി ഫിറ്റ്നെസ് ടെസ്റ്റ് സംഘടിപ്പിക്കാനാണ് ബിസിസിഐ തീരുമാനമെടുത്തിരിക്കുന്നത്.
ALSO READ : Fitness Test: രോഹിത് ശർമ്മയ്ക്ക് ഫിറ്റ്നസില്ലെന്ന് ഇനി പറയരുത്; ആദ്യ ശ്രമത്തിൽ തന്നെ പാസായി താരം
വിരാട് കോലിക്ക് പുറമെ രോഹിത് ശർമ, മുഹമ്മദ് സിറാജ്, ശുഭ്മൻ ഗിൽ, ജിതേഷ് ശർമ, പ്രസിദ്ധ് കൃഷ്ണ, റുതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശർമ, ഹർഷിത് റാണ, ശ്രയസ് അയ്യർ, റിങ്കു സിങ്, അക്സർ പട്ടേൽ, രജത് പാട്ടിധാർ, രവി ബിഷ്നോയി, സഞ്ജു സാംസൺ, ശിവം ദൂബെ, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി, മുകേഷ് കുമാർ, ഹാർദിക് പാണ്ഡ്യ, സർഫറസ് ഖാൻ, തിലക് വർമ, അഭിമന്യൂ ഈശ്വരൻ, ആർഷ്ദീവ് സിങ്, കുൽദീപ് യാദവ്, ധ്രൂവ് ജുറെൽ, ഷാർദുൽ താക്കൂർ, വാഷിങ്ടൺ സുന്ദർ, യശ്വസ്വി ജയ്സ്വാൾ എന്നിവരാണ് ആദ്യഘട്ടത്തിൽ ഫിറ്റ്നെസ് ടെസ്റ്റ് ഭാഗികമായോ പൂർണമായോ പാസായതെന്ന് റിപ്പോർട്ടിൽ പറയുന്നത്.
ഫിറ്റ്നെസ് ടെസ്റ്റിൻ്റെ രണ്ടാം ഘട്ടം സെപ്റ്റംബറിൽ സംഘടിപ്പിക്കും. പരിക്കേറ്റ് റീഹാബിലേഷനിൽ തുടരുന്ന പ്രമുഖ താരങ്ങളായ കെഎൽ രാഹുൽ, ആകാശ് ദീപ്, രവീന്ദ്ര ജഡേജ, നിതീഷ് റെഡ്ഡി, റിഷഭ് പന്ത് എന്നിവർക്കാകും രണ്ടാം ഘട്ടം സംഘടിപ്പിക്കുക. അതേസമയം വിദേശത്ത് വെച്ച് ഒരു താരത്തിന് മാത്രം ഫിറ്റ്നെസ് ടെസ്റ്റ് സംഘടിപ്പിച്ച് ബിസിസിഐയുടെ നടപടി ഉടൻ തന്നെ ചോദ്യം ചെയ്തേക്കാം.