IPL 2026: ഐപിഎല്ലില്‍ ‘ഹണി ട്രാപ്പ്’ ഭീഷണി; താരങ്ങളുടെ മുറികളില്‍ റെയ്ഡ് നടത്താന്‍ ബിസിസിഐ
IPL 2026 Disciplinary Warning : ഐപിഎല്ലില്‍ ഹണി ട്രാപ് കെണികളുണ്ടായേക്കാമെന്ന് ബിസിസിഐ. 10 ഐപിഎൽ ഫ്രാഞ്ചൈസികൾക്കും ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ മുന്നറിയിപ്പ് നല്‍കി. താരങ്ങള്‍ക്കോ, ഉദ്യോഗസ്ഥര്‍ക്കോ ഗുരുതരമായ ആരോപണങ്ങൾ ഉണ്ടാകുന്നത് തടയാൻ ബോർഡ് കര്‍ശനമാണ് നടപടികളാണ് ബോര്‍ഡ് സ്വീകരിക്കുന്നത്.

പ്രതീകാത്മക ചിത്രം
BCCI Letter To IPL Franchises, 8-5-2026: ഐപിഎല്ലില്‍ ‘ഹണി ട്രാപ്’ കെണികളുണ്ടായേക്കാമെന്ന് ബിസിസിഐയുടെ മുന്നറിയിപ്പ്. 10 ഐപിഎൽ ഫ്രാഞ്ചൈസികൾക്കും ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ മുന്നറിയിപ്പ് നല്‍കി. താരങ്ങള്‍ക്കോ, ഉദ്യോഗസ്ഥര്‍ക്കോ എതിരെ ലൈംഗിക പീഡനം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങൾ ഉണ്ടാകുന്നത് തടയാൻ ബോർഡ് കർശനമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. കളിക്കാരുടെ ഹോട്ടൽ മുറികളിൽ അപ്രതീക്ഷിതമായി മിന്നൽ പരിശോധന നടത്തുമെന്നും, നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ബിസിസിഐ ഫ്രാഞ്ചെസികളെ അറിയിച്ചു.
എല്ലാ ഫ്രാഞ്ചൈസികളും ജാഗ്രത പാലിക്കണമെന്ന് സൈകിയ ഓർമ്മിപ്പിച്ചു. ഗുരുതരമായ ആരോപണങ്ങള്‍ക്കുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഫ്രാഞ്ചൈസി മാനേജ്മെന്റ് ജാഗ്രത പാലിക്കുകയും മുൻകൈയെടുക്കുകയും വേണം. ഏഴ് പേജുള്ള മാർഗ്ഗനിർദ്ദേശമാണ് ദേവജിത് സൈകിയ പുറത്തിറക്കിയത്.
ടാസ്‌ക് ഫോഴ്‌സ്
നിരീക്ഷണത്തിന് ബിസിസിഐയിലെയും ഐപിഎൽ ഓപ്പറേഷൻസ് ടീമിലെയും അംഗങ്ങൾ ഉൾപ്പെടുന്ന ഒരു പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. ഹോട്ടല്‍ മുറികളില്‍ പരിശോധന നടത്തേണ്ടതിന്റെ ഉത്തരവാദിത്തം ഈ ടാസ്‌ക് ഫോഴ്‌സിനാണ്. അനുമതിയില്ലാതെ ആരെങ്കിലും കളിക്കാരെ സന്ദർശിച്ചാൽ അത് ഗുരുതരമായ അച്ചടക്ക ലംഘനമായി കണക്കാക്കും. ശിക്ഷാ നടപടികൾ ബിസിസിഐ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്തുന്നതിന് ഓപ്പറേഷൻസ് ടീം ഇടയ്ക്കിടെ പരിശോധനകൾ നടത്തണമെന്നാണ് നിര്‍ദ്ദേശം. ടീം മാനേജർമാർ അതിഥികളുടെ സന്ദർശനങ്ങളെയും ഹോട്ടലിലെ നീക്കങ്ങളെയും കുറിച്ചുള്ള കൃത്യമായ റെക്കോർഡുകൾ സൂക്ഷിക്കണമെന്നും ബിസിസിഐ നിര്‍ദ്ദേശിച്ചു.
ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അത് ഉടൻ തന്നെ ഐപിഎൽ ഓപ്പറേഷൻസ് ടീമിനെ അറിയിക്കണം. എല്ലാ ഐപിഎൽ ഫ്രാഞ്ചൈസികളും ഈ നിര്‍ദ്ദേശത്തെ ഗൗരവത്തോടെ കാണുമെന്നും ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സമഗ്രതയും പ്രശസ്തിയും ഉയർത്തിപ്പിടിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വിശ്വസിക്കുന്നുവെന്നും ബിസിസിഐ വ്യക്തമാക്കി.
ടീം മാനേജരുടെ മുൻകൂർ അനുമതിയില്ലാതെ പുറത്തുനിന്നുള്ള ഒരാളെയും താരങ്ങളുടെയോ ഉദ്യോഗസ്ഥരുടെയോ മുറിയിൽ പ്രവേശിക്കാൻ അനുവദിക്കില്ല. അത് കളിക്കാരുടെ അടുത്ത ബന്ധുക്കളാണെങ്കിൽ പോലും മുൻകൂർ അനുമതി വേണമെന്നാണ് ബിസിസിഐയുടെ നിലപാട്.
കടുത്ത നടപടി
പ്രോട്ടോക്കോളുകൾ ലംഘിച്ചാൽ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികളിലേക്ക് ബിസിസിഐ കടക്കും. എല്ലാ താരങ്ങളോടും സപ്പോർട്ട് സ്റ്റാഫ് അംഗങ്ങളോടും ടീം ഹോട്ടലിൽ നിന്ന് ഏത് സമയത്തും പുറപ്പെടുന്നതിന് മുമ്പ് സെക്യൂരിറ്റി ലൈസൺ ഓഫീസറെയും ടീം ഇന്റഗ്രിറ്റി ഓഫീസറെയും അറിയിക്കുകയും ക്ലിയറൻസ് നേടുകയും ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വ്യക്തിപരമായ കാര്യങ്ങൾക്കോ വിനോദത്തിനോ വേണ്ടിയുള്ള ഏത് യാത്രയും ടീം മാനേജരെയും സെക്യൂരിറ്റി ഓഫീസറെയും മുൻകൂട്ടി അറിയിച്ചിരിക്കണം. നിർദ്ദേശങ്ങൾ ലംഘിക്കുന്നത് ഗുരുതരമായ അച്ചടക്ക പ്രശ്നമായി കണക്കാക്കും. സാഹചര്യങ്ങൾക്കനുസരിച്ച് ഷോ-കോസ് നോട്ടീസ്, പിഴ, സസ്പെൻഷൻ അല്ലെങ്കിൽ അയോഗ്യത എന്നിവയുൾപ്പെടെയുള്ള ശിക്ഷാ നടപടികളിലേക്ക് ബിസിസിഐ കടക്കും. ഫ്രാഞ്ചൈസികൾ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാ നടപടികളും ബിസിസിഐ സ്വീകരിക്കുമെന്ന് സൈകിയ വ്യക്തമാക്കി.
English Summary
The BCCI warned IPL teams about potential honey-trap risks and allegations.A special task force will conduct surprise checks in player hotel rooms. Players must get official clearance before leaving the hotel for any reason. Strict penalties, including suspensions and fines, await those who breach these protocols.