Cameron Green: വിട്ടുമാറാത്ത വൃക്കരോഗം; 12 വയസിന് അപ്പുറം ജീവിച്ചിരിക്കില്ലെന്ന് ഡോക്ടര്‍മാര്‍; കാമറൂണ്‍ ഗ്രീന്‍ പൊരുതിയതെങ്ങനെ?
Cameron Green Health Issue: തനിക്ക് വിട്ടുമാറാത്ത വൃക്ക രോഗമുണ്ടെന്ന് കാമറൂണ്‍ ഗ്രീന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. 12 വയസിനപ്പുറം ജീവിച്ചിരിപ്പിക്കില്ലെന്നായിരുന്നു ഗ്രീനിന്റെ മാതാപിതാക്കളോട് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. ഈ രോഗത്തിന് പരിഹാരമില്ലെന്നും ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍ ജീവിതത്തോട് പടപൊരുതി കാമറൂണ്‍ ഗ്രീന്‍ മുന്നോട്ടുപോയി.
ഈ ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ തുക ലഭിച്ച താരമാണ് ഓസ്ട്രേലിയൻ ഓള്‍റൗണ്ട് താരം കാമറൂണ്‍ ഗ്രീന്‍ (Cameroon Green). അതേസമയം ഈ സീസണിൽ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ലഭിച്ചതും കാമറൂൺ ഗ്രീനിനായിരിക്കാം. 25.2 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഗ്രീനിനെ സ്വന്തമാക്കിയത്. ഏറെ പ്രതീക്ഷയോടെ കെകെആർ സ്വന്തമാക്കിയ താരം ഐപിഎല്‍ 2026-ലെ തുടക്കത്തിലെ മത്സരങ്ങളില്‍ ഏറ്റവും മോശം പ്രകടനങ്ങൾ കൊണ്ട് നിരാശപ്പെടുത്തി.
12 വയസിനപ്പുറം ജീവിച്ചിരിക്കില്ലയെന്ന് ഡോക്ടർമാരുടെ വിധി എഴുത്ത്
ഒടുവില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഇന്ന് നടന്ന മത്സരത്തില്‍ ഗ്രീന്‍ ഫോമിലേക്ക് എത്തിയിരിക്കുകയാണ്. ഗുജറാത്തിനെതിരെ 55 പന്തില്‍ 79 റണ്‍സാണ് ഗ്രീന്‍ നേടിയത്. ആരോഗ്യപ്രശ്‌നങ്ങളോട് പടപൊരുതിയാണ് ലോകമറിയുന്ന ക്രിക്കറ്റ് താരമായി 26-കാരനായ ഗ്രീന്‍ മാറിയത്. തനിക്ക് വിട്ടുമാറാത്ത വൃക്ക രോഗമുണ്ടെന്ന് 2023 ഡിസംബറില്‍ ഗ്രീന്‍ വെളിപ്പെടുത്തിയിരുന്നു. 12 വയസിനപ്പുറം ജീവിച്ചിരിക്കില്ലെന്നായിരുന്നു ഗ്രീനിന്റെ മാതാപിതാക്കളോട് ഡോക്ടര്‍മാര്‍ അന്ന് പറഞ്ഞിരുന്നത്. ഈ രോഗത്തിന് പരിഹാരമില്ലെന്നും ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍ ജീവിതത്തോട് പടപൊരുതി ഗ്രീന്‍ മുന്നോട്ടുപോയി.
Also Read: Hardik Pandya: ‘ഹാര്‍ദ്ദിക് നായകസ്ഥാനം ഒഴിയണം; ക്യാപ്റ്റന്‍സി രോഹിത് ശര്‍മയ്ക്ക് കൈമാറണം’
കൃത്യമായ ചികിത്സയിലൂടെയും, ഭക്ഷണക്രമത്തിലൂടെയുമാണ് ഗ്രീന്‍ രോഗത്തോട് പടപൊരുതിയത്. ആരോഗ്യത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് ഒരിക്കല്‍ ബിബിസിയോട് ഗ്രീന്‍ വെളിപ്പെടുത്തിയിരുന്നു. വീട്ടിലായിരിക്കുമ്പോൾ കൃത്യമായ ഡയറ്റ് പിന്തുടരാൻ എളുപ്പമാണെന്നും, അല്ലാത്തപ്പോള്‍ അനുയോജ്യമായ ഭക്ഷണം കിട്ടാന്‍ ബുദ്ധിമുട്ടാണെന്നും ഗ്രീന്‍ വ്യക്തമാക്കിയിരുന്നു.
താൻ നേരിടുന്നത് വലിയ പ്രശ്നങ്ങൾ അല്ല
എന്നാല്‍ താന്‍ നേരിടുന്നത് വലിയ പ്രശ്‌നങ്ങളായി ഗ്രീന്‍ വിചാരിക്കുന്നില്ല. നമുക്കറിയാത്ത വ്യത്യസ്ത പ്രശ്‌നങ്ങളിലൂടെയാണ് ധാരാളം ആളുകള്‍ കടന്നുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പ്രശ്‌നങ്ങള്‍ ജീവിതത്തെ അത്ര ബാധിക്കുന്നില്ല. അടിസ്ഥാനപരമായി താന്‍ നല്ല തീരുമാനങ്ങളാണ് എടുക്കുന്നത്. വൃക്കകള്‍ സ്വയം സുഖപ്പെടില്ല. പക്ഷേ, രോഗത്തിന്റെ തീവ്രത കുറയ്ക്കാനാകും. താന്‍ മികച്ച രീതിയില്‍ തുടരുന്നിടത്തോളം കാലം തനിക്ക് കുഴപ്പങ്ങളൊന്നുമുണ്ടാകില്ലെന്നും ഗ്രീന്‍ വ്യക്തമാക്കിയിരുന്നു.
26കാരനായ ഗ്രീൻ വെസ്റ്റേൺ ഓസ്ട്രേലിയയ്ക്ക് വേണ്ടി അഭ്യന്തര ക്രിക്കറ്റിൽ കളിച്ചാണ് കരിയറിന് തുടക്കമിടുന്നത്. ബാറ്റിങ് ചെയ്യുമെങ്കിലും ബോളിങ്ങിലായിരുന്നു ഗ്രീൻ കൂടുതൽ ശ്രദ്ധവെച്ചിരുന്നത്. പിന്നീട് കൂടതൽ ബാറ്റിങ്ങിലേക്ക് താരം ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. 2020ൽ ഇന്ത്യക്കെതിരെയുള്ള ഏകദിനം ടെസ്റ്റ് പരമ്പരകളിലേക്കാണ് രാജ്യാന്തര ക്രിക്കറ്റിലേക്ക് ഗ്രീൻ ക്രിക്കറ്റ് ഓസ്ട്രേലിയ ക്ഷണം നൽകിയത്. ശേഷം ഗ്രീൻ ഓസീസ് ടീമിലെ അഭിവാജ്യ ഘടകമായി മാറി. 2023ലാണ് ഗ്രീൻ ആദ്യമായി ഐപിഎല്ലിൽ കളിക്കുന്നത്. 17.5 കോടി താരലേലത്തിലൂടെ മുംബൈ ഇന്ത്യൻസാണ് ഓസീസ് ഓള്‍റൗണ്ട് താരത്തെ സ്വന്തമാക്കുന്നത്. തുടർന്ന് 2024 സീസണിൽ താരത്തെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിലേക്ക് ട്രേഡ് ചെയ്യപ്പെട്ടു. ശേഷം ഈ സീസണിലെ ലേലത്തിൽ 25.2 കോടിക്ക് കെകെആർ സ്വന്തമാക്കുന്നത്.