Sanju Samson: റായ്പൂരില്‍ സഞ്ജുവിന് അഗ്നിപരീക്ഷ; അല്‍പമൊന്ന് പാളിയാല്‍ എല്ലാം പാളും
Sanju Samson vs Ishan Kishan: രണ്ടാം മത്സരം സഞ്ജു സാംസണ് ഏറെ നിര്‍ണായകം. നാഗ്പൂരില്‍ നടന്ന ആദ്യ ടി20യില്‍ മികച്ച തുടക്കം ലഭിച്ചിട്ടും സഞ്ജുവിന് അത് മുതലാക്കാനായില്ല. ഏഴ് പന്തില്‍ 10 റണ്‍സെടുത്ത താരം കൈല്‍ ജാമിസന്റെ പന്തില്‍ രചിന്‍ രവീന്ദ്രയ്ക്ക് ക്യാച്ച് നല്‍കി ഔട്ടായി.
റായ്പൂര്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരം സഞ്ജു സാംസണ് ഏറെ നിര്‍ണായകം. ഇന്നലെ നാഗ്പൂരില്‍ നടന്ന ആദ്യ ടി20യില്‍ മികച്ച തുടക്കം ലഭിച്ചിട്ടും സഞ്ജുവിന് അത് മുതലാക്കാനായില്ല. ഏഴ് പന്തില്‍ 10 റണ്‍സെടുത്ത താരം കൈല്‍ ജാമിസന്റെ പന്തില്‍ രചിന്‍ രവീന്ദ്രയ്ക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. ഷോട്ട് സെലക്ഷനിലെ പിഴവാണ് സഞ്ജുവിന് തിരിച്ചടിയായത്.
ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷനും നാഗ്പൂരില്‍ നിരാശപ്പെടുത്തി. ഇഷാനും മികച്ച തുടക്കം മുതലാക്കാനായില്ല. അഞ്ച് പന്തില്‍ എട്ട് റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. സഞ്ജുവിനെ പോലെ ഇഷാനും തുടക്കത്തില്‍ തന്നെ രണ്ട് ഫോറുകള്‍ നേടിയെങ്കിലും, പിന്നീട് പാളി.
ടി20 പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ സഞ്ജുവിന് ഏറെ നിര്‍ണായകമാണ്. ന്യൂസിലന്‍ഡിനെതിരെ നിരാശപ്പെടുത്തിയാല്‍ ടി20 ലോകകപ്പില്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം കണ്ടെത്തുക അത്ര എളുപ്പമാകില്ല. നിലവില്‍ സഞ്ജുവാണ് ടീമിലെ പ്രധാന വിക്കറ്റ് കീപ്പറെങ്കിലും, കീവിസ് പരമ്പരയില്‍ താരം മോശം പ്രകടനം കാഴ്ചവയ്ക്കുകയും, ഇഷാന്‍ ഫോമിലേക്ക് തിരികെയെത്തുകയും ചെയ്താല്‍ ടീം കോമ്പിനേഷനില്‍ പൊളിച്ചെഴുത്ത് നടത്താന്‍ മാനേജ്‌മെന്റ് നിര്‍ബന്ധിതമായേക്കും.
ലോകകപ്പ് സ്‌ക്വാഡില്‍ മാറ്റം വരുത്താന്‍ ജനുവരി 31 വരെ സാവകാശവുമുണ്ട്. മുന്‍താരം ഇര്‍ഫാന്‍ പത്താന്‍ ചൂണ്ടിക്കാട്ടിയതുപോലെ, മികച്ച ബാറ്ററാണെങ്കിലും അസ്ഥിരതയാണ് സഞ്ജുവിന്റെ പ്രശ്‌നം. ആ പ്രശ്‌നം സഞ്ജു ഉടന്‍ പരിഹരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പരിഹരിക്കാനായില്ലെങ്കില്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം കണ്ടെത്തുക ശ്രമകരമാകും.
അതേസമയം, ടി20 ലോകകപ്പിലെ കോമ്പിനേഷന്‍ ഇപ്പോഴും അന്തിമമാക്കിയിട്ടില്ലെന്നാണ് താന്‍ കരുതുന്നതെന്ന് മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര പറഞ്ഞു. ലോകകപ്പില്‍ സഞ്ജു ഓപ്പണറാകുമെന്ന് ഉറപ്പില്ലെന്നും ചോപ്ര ചൂണ്ടിക്കാട്ടി. നിലവില്‍ സഞ്ജുവും ഇഷാനും തമ്മില്‍ മത്സരം നടക്കുന്നുണ്ട്. അടുത്ത കുറച്ച് മത്സരങ്ങള്‍ക്ക് ശേഷം അതിന് ഉത്തരം ലഭിച്ചേക്കാമെന്നും ചോപ്ര അഭിപ്രായപ്പെട്ടു.