India Vs South Africa: പ്രോട്ടീസ് വധം പൂര്‍ത്തിയായി, അഞ്ചാം ടി20യിലും ഇന്ത്യയ്ക്ക് ജയം; കിരീടം തൂക്കി
India win T20 series against South Africa: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. അഞ്ചാം ടി20യിലും ഇന്ത്യ ജയിച്ചു. പരമ്പര 3-1നാണ് ഇന്ത്യ സ്വന്തമാക്കിയത്

India Vs South Africa
അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര 3-1ന് സ്വന്തമാക്കി ഇന്ത്യ. അഞ്ചാം ടി20യില്‍ 30 റണ്‍സിനാണ് ഇന്ത്യ പ്രോട്ടീസിനെ തകര്‍ത്തത്. ഇന്ത്യ ഉയര്‍ത്തിയ 232 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പ്രോട്ടീസിന് 201 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 231. ദക്ഷിണാഫ്രിക്ക 20 ഓവറില്‍ എട്ട് വിക്കറ്റിന് 201. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് മികച്ച തുടക്കം നല്‍കിയെങ്കിലും അത് മുതലാക്കാനായില്ല. 35 പന്തില്‍ 65 റണ്‍സെടുത്ത ഡി കോക്ക് മടങ്ങിയതിന് ശേഷം ദക്ഷിണാഫ്രിക്ക തകര്‍ന്നു തുടങ്ങി.
തുടര്‍ന്നെത്തിയ ബാറ്റര്‍മാരില്‍ ഡെവാള്‍ഡ് ബ്രെവിസിന് മാത്രമാണ് 30 കടക്കാനായത്. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ബ്രെവിസ് 17 പന്തില്‍ 31 റണ്‍സെടുത്തു. മറ്റ് പ്രോട്ടീസ് ബാറ്റര്‍മാര്‍ നിറംമങ്ങി. റീസ ഹെന്‍ഡ്രിക്‌സ്-12 പന്തില്‍സ 13, ഡേവിഡ് മില്ലര്‍-14 പന്തില്‍ 18, ക്യാപ്റ്റന്‍ എയ്ഡന്‍ മര്‍ക്രം-നാല് പന്തില്‍ 6, ഡൊനോവന്‍ ഫെരേര-ഗോള്‍ഡന്‍ ഡക്ക്, ജോര്‍ജ് ലിന്‍ഡെ-എട്ട് പന്തില്‍ 16, മാര്‍ക്കോ യാന്‍സെന്‍-അഞ്ച് പന്തില്‍ 14, കോര്‍ബിന്‍ ബോഷ്-15 പന്തില്‍ 17 നോട്ടൗട്ട്, ലുങ്കി എന്‍ഗിഡി-ഒമ്പത് പന്തില്‍ ഏഴ് നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം.
Also Read: Sanju Samson: അമ്പയറെയും വീഴ്ത്തി സഞ്ജുവിന്റെ പ്രഹരം; ടി20യിലെ 1000 ക്ലബില്‍ അംഗത്വം
നാലു വിക്കറ്റെടുത്ത വരുണ്‍ ചക്രവര്‍ത്തി, രണ്ട് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറ, ഒരോ വിക്കറ്റ് വീതം വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. 42 പന്തില്‍ 73 റണ്‍സെടുത്ത തിലക് വര്‍മ, 25 പന്തില്‍ 63 റണ്‍സെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യ, 22 പന്തില്‍ 37 റണ്‍സെടുത്ത സഞ്ജു സാംസണ്‍, 21 പന്തില്‍ 34 റണ്‍സെടുത്ത അഭിഷേക് ശര്‍മ എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ശിവം ദുബെ മൂന്ന് പന്തില്‍ 10 റണ്‍സുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (ഏഴ് പന്തില്‍ അഞ്ച്) വീണ്ടും നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കോര്‍ബിന്‍ ബോഷ് രണ്ട് വിക്കറ്റ് വീഴ്ത്തി.