India vs West Indies: ഇന്നിങ്‌സ് ജയം ലക്ഷ്യമിട്ട് ഇന്ത്യ, കൂറ്റന്‍ സ്‌കോറില്‍ ഡിക്ലയര്‍ ചെയ്തു
India vs West Indies Second Test: സെഞ്ചുറികള്‍ നേടിയ യശ്വസി ജയ്‌സ്വാളിന്റെയും, ശുഭ്മാന്‍ ഗില്ലിന്റെയും ബാറ്റിങ് മികവാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ടോപ് സ്‌കോററായ ജയ്‌സ്വാള്‍ 258 പന്തില്‍ 175 റണ്‍സെടുത്തു
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്നിങ്‌സ് ജയം ലക്ഷ്യമിട്ട് ഇന്ത്യ. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് 518 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. സെഞ്ചുറികള്‍ നേടിയ യശ്വസി ജയ്‌സ്വാളിന്റെയും, ശുഭ്മാന്‍ ഗില്ലിന്റെയും ബാറ്റിങ് മികവാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ടോപ് സ്‌കോററായ ജയ്‌സ്വാള്‍ 258 പന്തില്‍ 175 റണ്‍സെടുത്തു. 22 ബൗണ്ടറികള്‍ സഹിതമാണ് താരം 175 റണ്‍സെടുത്തത്. ഇരട്ടസെഞ്ചുറിക്ക് 25 റണ്‍സ് അകലെ താരം റണ്ണൗട്ടായി. ഗില്‍ പുറത്താകാതെ 196 പന്തില്‍ 129 റണ്‍സ് നേടി.
റണ്ണൊഴുകുന്ന പിച്ചില്‍ ഇന്ത്യയുടെ ബാറ്റര്‍മാരെല്ലാം തിളങ്ങി. സായ് സുദര്‍ശന്‍ -165 പന്തില്‍ 87, ധ്രുവ് ജൂറല്‍-79 പന്തില്‍ 44, നിതീഷ് കുമാര്‍ റെഡ്ഡി-54 പന്തില്‍ 54, കെഎല്‍ രാഹുല്‍-54 പന്തില്‍ 38 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം. ജൂറല്‍ പുറത്തായതിന് പിന്നാലെ ഡിക്ലയര്‍ ചെയ്യാന്‍ ഗില്‍ തീരുമാനിക്കുകയായിരുന്നു.
വിന്‍ഡീസിന് വേണ്ടി ജോമല്‍ വരിക്കന്‍ മൂന്ന് വിക്കറ്റും, റോസ്റ്റണ്‍ ചേസ് ഒരു വിക്കറ്റും സ്വന്തമാക്കി. നിലവില്‍ വിന്‍ഡീസ് ആദ്യ ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സ് ജയം സ്വന്തമാക്കിയ ഇന്ത്യ രണ്ടാം മത്സരത്തിലും അതേ തരത്തിലുള്ള പ്രകടനമാണ് ആഗ്രഹിക്കുന്നത്.
വിന്‍ഡീസിനെ കുറഞ്ഞ സ്‌കോറില്‍ പുറത്താക്കാനായാല്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാനിടയില്ല. ആദ്യ ടെസ്റ്റില്‍ കനത്ത പരാജയം നേരിട്ട വെസ്റ്റ് ഇന്‍ഡീസിന് ഡല്‍ഹി ടെസ്റ്റില്‍ വിജയം അനിവാര്യമാണ്. ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സിനും 140 റണ്‍സിനുമാണ് വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പിച്ചത്.
ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ആദ്യ ഇന്നിങ്‌സില്‍ 162 റണ്‍സിനും, രണ്ടാമത്തേതില്‍ 146 റണ്‍സിനും പുറത്തായിരുന്നു. ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റിന് 448 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ അവസാന ടെസ്റ്റാണ് ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്നത്.