Sanju Samson: രഞ്ജി ട്രോഫി സഞ്ജുവിന് നിര്‍ണായകം; റെഡ് ബോള്‍ മോഹം പൂവണിയാനുള്ള ‘ലാസ്റ്റ് ചാന്‍സ്’
Sanju Samson included in Ranji Trophy: ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദമില്ലാതെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശാന്‍ സഞ്ജുവിന് സാധിക്കും. സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ ഇന്ത്യയുടെ ടെസ്റ്റ് സെലക്ഷനില്‍ സഞ്ജുവിന് മുന്നില്‍ കൊട്ടിയടച്ച വാതില്‍ നേരിയ തോതില്‍ തുറന്നേക്കാം
ടി20യിലെ സജീവ സാന്നിധ്യമാണ് സഞ്ജു സാംസണ്‍. ഏകദിന ക്രിക്കറ്റില്‍ തഴയപ്പെടുന്നുണ്ടെങ്കിലും സെലക്ടര്‍മാരുടെ റഡാറില്‍ താരം ഇപ്പോഴുമുണ്ട്. എന്നാല്‍ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ അതല്ല സ്ഥിതി. റെഡ് ബോളിലെ ടീം സെലക്ഷനില്‍ സഞ്ജു ഇന്ന് ഏഴയലത്ത് പോലുമില്ല. ഋഷഭ് പന്തും, കെഎല്‍ രാഹുലും അരങ്ങുവാഴുന്ന ടെസ്റ്റ് സ്‌ക്വാഡില്‍ വിക്കറ്റ് കീപ്പറായി ഇടം പിടിക്കുക സഞ്ജുവിന് അത്ര എളുപ്പവുമല്ല. ധ്രുവ് ജൂറല്‍, എന്‍ ജഗദീശന്‍ അടക്കമുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരും റെഡ് ബോളില്‍ സഞ്ജുവിനെക്കാള്‍ ബഹുദൂരം മുന്നിലാണ്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കണമെന്ന സ്വപ്‌നം സഞ്ജു പലപ്പോഴായി പങ്കുവച്ചിട്ടുണ്ട്. അതത്ര എളുപ്പമല്ലെങ്കിലും, ഇത്തവണത്തെ രഞ്ജി ട്രോഫി താരത്തിന് നിര്‍ണായകമാകും. തന്നോട് കൂടുതല്‍ രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിക്കണമെന്ന് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സഞ്ജു വെളിപ്പെടുത്തിയത് കൃത്യം ഒരു വര്‍ഷം മുമ്പായിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ സഞ്ജുവിന് കഴിഞ്ഞ സീസണില്‍ രഞ്ജി കളിക്കാനായില്ല.
അന്ന് കളിച്ചിരുന്നെങ്കില്‍, അത് ചിലപ്പോള്‍ സഞ്ജുവിന്റെ കരിയറില്‍ വഴിത്തിരിവാകുമായിരുന്നു. കഴിഞ്ഞ രഞ്ജി സീസണില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത കേരളമായിരുന്നു റണ്ണേഴ്‌സ് അപ്പുകള്‍. രഞ്ജിയിലെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ അഞ്ച് മലയാളി താരങ്ങളാണ് ദുലീപ് ട്രോഫിക്കുള്ള സൗത്ത് സോണ്‍ ടീമിലിടം ഇടം പിടിച്ചത്. എന്നാല്‍ രഞ്ജിയിലെ അസാന്നിധ്യം സഞ്ജുവിന് തിരിച്ചടിയായി.




Also Read: Kerala Ranji Team: കേരള രഞ്ജി ടീം പ്രഖ്യാപിച്ചു: ക്യാപ്റ്റനായി സഞ്ജുവല്ല, സർപ്രൈസ് താരം ടീമിൽ
ഇത്തവണത്തെ രഞ്ജി ട്രോഫി സീസണ്‍ സഞ്ജുവിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദമില്ലാതെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശാന്‍ സഞ്ജുവിന് സാധിക്കും. സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ ഇന്ത്യയുടെ ടെസ്റ്റ് സെലക്ഷനില്‍ സഞ്ജുവിന് മുന്നില്‍ കൊട്ടിയടച്ച വാതില്‍ നേരിയ തോതില്‍ തുറന്നേക്കാം. രഞ്ജിയില്‍ തിളങ്ങാനായില്ലെങ്കില്‍ റെഡ് ബോള്‍ ക്രിക്കറ്റിലെ സ്വപ്‌നങ്ങള്‍ സഞ്ജുവിന് മറക്കേണ്ടി വരും. കാരണം യുവനിരയെ കെട്ടിപ്പടുക്കാനുള്ള ശ്രമത്തില്‍ 30 കടന്ന സഞ്ജുവിനെ പിന്നീടൊരിക്കലും റെഡ് ബോളിലേക്ക് പരിഗണിക്കാന്‍ സെലക്ടര്‍മാര്‍ മുതിര്‍ന്നേക്കില്ല.