India vs South Africa: ഈഡന്‍ ഗാര്‍ഡന്‍സില്‍ കണക്കുകൂട്ടലുകളെല്ലാം പിഴച്ചു, ഇന്ത്യയെ 30 റണ്‍സിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക
South Africa beat India in the first Test: ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. 30 റണ്‍സിനാണ് ആതിഥേയരെ ദക്ഷിണാഫ്രിക്ക തകര്‍ത്തത്. 124 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 93 റണ്‍സിന് പുറത്തായി

ദക്ഷിണാഫ്രിക്കയുടെ സൈമൺ ഹാർമർ
കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. 30 റണ്‍സിനാണ് ആതിഥേയരെ ദക്ഷിണാഫ്രിക്ക തകര്‍ത്തത്. 124 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 93 റണ്‍സിന് പുറത്തായി. രണ്ടാം ഇന്നിങ്‌സിലും നാല് വിക്കറ്റ് വീഴ്ത്തിയ സൈമണ്‍ ഹാര്‍മറാണ് ദക്ഷിണാഫ്രിക്കയുടെ വിജയശില്‍പി. മാര്‍ക്കോ യാന്‍സണും, കേശവ് മഹാരാജും രണ്ട് വിക്കറ്റ് വീതവും, എയ്ഡന്‍ മര്‍ക്രം ഒരു വിക്കറ്റും സ്വന്തമാക്കി.
ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെ പരിക്കേറ്റ് മടങ്ങിയ ശുഭ്മാന്‍ ഗില്‍ രണ്ടാം ഇന്നിങ്‌സില്‍ കളിക്കാത്തതിനാല്‍ ഇന്ത്യന്‍ നിരയില്‍ ഒരു ബാറ്ററുടെ കുറവുണ്ടായിരുന്നു. രണ്ട് ഇന്നിങ്‌സുകളിലും ഒരു ഇന്ത്യന്‍ ബാറ്റര്‍ക്ക് പോലും അര്‍ധ സെഞ്ചുറി നേടാനായില്ല. 92 പന്തില്‍ 31 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറാണ് രണ്ടാം ഇന്നിങ്‌സിലെ ടോപ് സ്‌കോറര്‍.
വാഷിങ്ടണിന് പുറമെ ധ്രുവ് ജൂറല്‍-13, രവീന്ദ്ര ജഡേജ-18, അക്‌സര്‍ പട്ടേല്‍-26 എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ ബാറ്റര്‍മാരില്‍ രണ്ടക്കം കടന്നത്. യശ്വസി ജയ്‌സ്വാള്‍-0, കെഎല്‍ രാഹുല്‍-1, ഋഷഭ് പന്ത്-2, കുല്‍ദീപ് യാദവ്-1, മുഹമ്മദ് സിറാജ്-0 എന്നിവര്‍ പൂര്‍ണ പരാജയമായി. റണ്ണൊന്നുമെടുക്കാതെ ജസ്പ്രീത് ബുംറ പുറത്താകാതെ നിന്നു.
നേരത്തെ രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 153 റണ്‍സിന് പുറത്തായപ്പോള്‍ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷയുണ്ടായിരുന്നു. പുറത്താകാതെ 55 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ടെംബ ബാവുമയുടെ പ്രകടനമാണ് 150 കടക്കാന്‍ ദക്ഷിണാഫ്രിക്കയെ സഹായിച്ചത്. മറ്റ് പ്രോട്ടീസ് ബാറ്റര്‍മാര്‍ നിറംമങ്ങി. രണ്ടാം ഇന്നിങ്‌സില്‍ രവീന്ദ്ര ജഡേജ നാല് വിക്കറ്റ് വീഴ്ത്തി.
ആദ്യ ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 159 റണ്‍സിനും, ഇന്ത്യ 189 റണ്‍സിനും പുറത്തായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ലീഡ് സ്വന്തമാക്കിയ ശേഷമാണ് ഇന്ത്യ മത്സരം കൈവിട്ടത്. ഈ ജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക മുന്നിലെത്തി. രണ്ടാം ടെസ്റ്റ് നവംബര്‍ 22ന് ആരംഭിക്കും.