India Vs New Zealand: സെഞ്ചുറിക്ക് ഏഴ് റണ്‍സ് അകലെ വീണ് കോഹ്ലി; കീവിസിനെ തുരത്തിയോടിച്ച് ഇന്ത്യ
India Vs New Zealand 1st ODI Result: മിന്നും ഫോമിലുള്ള വിരാട് കോഹ്ലിയുടെ ബാറ്റിങ് മികവാണ് ഇന്ത്യയുടെ ചേസിങ് അനായാസമാക്കിയത്. സെഞ്ചുറിക്ക് ഏഴ് റണ്‍സ് അരികെ കോഹ്ലി പുറത്തായത് ആരാധകര്‍ക്ക് നിരാശയായി.
വഡോദര: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. 301 റണ്‍സ് വിജയലക്ഷ്യം ഒരോവര്‍ ബാക്കിനില്‍ക്കെ മറികടന്നു. സ്‌കോര്‍: ന്യൂസിലന്‍ഡ് 50 ഓവറില്‍ എട്ട് വിക്കറ്റിന് 300, ഇന്ത്യ 49 ഓവറില്‍ ആറു വിക്കറ്റിന് 306. മിന്നും ഫോമിലുള്ള വിരാട് കോഹ്ലിയുടെ ബാറ്റിങ് മികവാണ് ഇന്ത്യയുടെ ചേസിങ് അനായാസമാക്കിയത്. സെഞ്ചുറിക്ക് ഏഴ് റണ്‍സ് അരികെ കോഹ്ലി പുറത്തായത് ആരാധകര്‍ക്ക് നിരാശയായി.
91 പന്തില്‍ 93 റണ്‍സെടുത്ത കോഹ്ലിയെ കൈല്‍ ജാമിസന്റെ പന്തില്‍ മൈക്കല്‍ ബ്രേസ്‌വെല്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും വേഗം 28,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടവും കോഹ്ലി സ്വന്തമാക്കി. 624 മത്സരങ്ങളില്‍ നിന്നാണ് കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയത്. 644 മത്സരങ്ങളില്‍ നിന്ന് 28,000 റണ്‍സ് പിന്നിട്ട സച്ചിനാണ് രണ്ടാമത്.
അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമെന്ന നേട്ടവും ഇനി കോഹ്ലിയുടെ പേരിലാണ്. ശ്രീലങ്കന്‍ മുന്‍ താരം കുമാര്‍ സങ്കക്കാരയെയാണ് കോഹ്ലി മറികടന്നത്. സാക്ഷാല്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍ മാത്രമാണ് ഇനി കോഹ്ലിക്ക് മുന്നിലുള്ളത്.
Also Read: India Vs New Zealand: മിന്നല്‍ വേഗത്തില്‍ മിച്ചല്‍; ഓപ്പണര്‍മാരും കലക്കി; കീവിസിന് മികച്ച സ്‌കോര്‍
കോഹ്ലിയെ കൂടാതെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും അര്‍ധ ശതകം പിന്നിട്ടു. ഗില്‍ 71 പന്തില്‍ 56 റണ്‍സെടുത്തു. വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് ഒരു റണ്‍സിന് അര്‍ധ സെഞ്ചുറി നഷ്ടമായി. 47 പന്തില്‍ 49 റണ്‍സെടുത്ത ശ്രേയസിനെ കൈല്‍ ജാമിസണ്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു.
രോഹിത് ശര്‍മ-26, രവീന്ദ്ര ജഡേജ-4, കെഎല്‍ രാഹുല്‍-29 നോട്ടൗട്ട്, ഹര്‍ഷിത് റാണ-29, വാഷിങ്ടണ്‍ സുന്ദര്‍-7 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ന്യൂസിലന്‍ഡിനു വേണ്ടി ജാമിസണ്‍ നാലു വിക്കറ്റ് പിഴുതു.
നേരത്തെ 84 റണ്‍സ് നേടിയ ഡാരില്‍ മിച്ചലിന്റെയും, 62 റണ്‍സ് നേടിയ ഹെന്റി നിക്കോള്‍സിന്റെയും, 56 റണ്‍സ് നേടിയ ഡെവോണ്‍ കോണ്‍വെയുടെയും ബാറ്റിങ് മികവിലാണ് ന്യൂസിലന്‍ഡ് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഹര്‍ഷിത് റാണയും, മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും രണ്ട് വിക്കറ്റ് വീതവും, കുല്‍ദീപ് യാദവ് ഒരു വിക്കറ്റും സ്വന്തമാക്കി.