WPL 2026: തുടരെ രണ്ടാം മത്സരത്തിലും തോറ്റ് ഡൽഹി ക്യാപിറ്റൽസ്; ജമീമയുടെ ക്യാപ്റ്റൻസിയ്ക്ക് മോശം തുടക്കം
Gujarat Giants Wins: ഡൽഹി ക്യാപിറ്റൽസിനെതിരെ ഗുജറാത്ത് ജയൻ്റ്സിന് പകരം. ഇതോടെ അവർ തുടരെ രണ്ട് കളിയും വിജയിച്ചു.
വനിതാ പ്രീമിയർ ലീഗിൽ തുടരെ രണ്ടാം തോൽവിയുമായി ഡൽഹി ക്യാപിറ്റൽസ്. ഗുജറാത്ത് ജയൻ്റ്സിനോട് നാല് റൺസിനാണ് തോറ്റത്. 210 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഡൽഹിയ്ക്ക് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 205 റൺസ് മാത്രമേ നേടാനായുള്ളൂ. അവസാന ഓവറിൽ ഏഴ് റൺസ് പ്രതിരോധിച്ച ജയൻ്റ്സ് ഇതോടെ കളിച്ച രണ്ട് കളിയും വിജയിച്ചു.
സോഫി ഡിവൈനാണ് ഗുജറാത്ത് ജയൻ്റ്സിനായി തിളങ്ങിയത്. ആഷ്ലി ഗാർഡ്നർ 49 റൺസ് നേടി. വേറെ ആർക്കും മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. ഡൽഹി ക്യാപിറ്റൽസിനായി നന്ദനി ശർമ്മ അഞ്ച് വിക്കറ്റ് വീഴ്ത്തി. ഹാട്രിക്ക് അടക്കമാണ് നന്ദനിയുടെ അഞ്ച് വിക്കറ്റ് പ്രകടനം.
Also Read: India Vs New Zealand: സെഞ്ചുറിക്ക് ഏഴ് റൺസ് അകലെ വീണ് കോഹ്ലി; കീവിസിനെ തുരത്തിയോടിച്ച് ഇന്ത്യ
മറുപടി ബാറ്റിംഗിൽ ഷഫാലി വർമ്മ (14) വേഗം മടങ്ങിയെങ്കിലും ലിസേൽ ലീ (86), ലോറ വോൾവാർട്ട് (77) എന്നിവർ ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകട്ടാണ് ഡൽഹിയ്ക്ക് പ്രതീക്ഷ നൽകിയത്. 90 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. ലിസേൽ ലീയും ഷിനേൽ ഹെൻറിയും (7) പുറത്തായതോടെ ജമീമ റോഡ്രിഗസുമൊത്ത് ലോറ 58 റൺസിൻ്റെ കൂട്ടുകെട്ടിൽ പങ്കാളിയായി.
അവസാന ഓവറിൽ ഏഴ് റൺസായിരുന്നു വിജയലക്ഷ്യം. എന്നാൽ, ഓവർ എറിഞ്ഞ സോഫി ഡിവൈൻ വെറും രണ്ട് റൺസ് മാത്രം വിട്ടുനൽകി ലോറയെയും ജമീമയെയും പുറത്താക്കി. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ സോഫിയാണ് കളിയിലെ താരം.
ഇതോടെ കളിച്ച രണ്ട് മത്സരങ്ങളിലും ഗുജറാത്ത് ജയൻ്റ്സ് വിജയിച്ചു. കളിച്ച രണ്ട് കളിയിലും ഡൽഹി തോൽക്കുകയും ചെയ്തു. ഇന്ന് യുപി വാരിയേഴ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലാണ് മത്സരം.