India vs England : തീയാകാൻ ബുമ്രയ്ക്കായില്ല; ലീഡ്സിൽ ഇന്ത്യക്ക് തോൽവി
India vs England Leeds Test Result : ഇംഗ്ലണ്ടിൻ്റെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ചേസ് ചെയ്ത് ജയിക്കുന്ന ഏറ്റവും ഉയർന്ന് സ്കോറാണിത്
ലീഡ്സ് : ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി. അഞ്ചാം ദിനത്തിലെ അവസാന മണിക്കൂർ വരെ നീണ്ട് നിന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ആതിഥേയർ ഇന്ത്യയെ തോൽപ്പിച്ചത്. ഇന്ത്യ ഉയർത്തിയ 371 റൺസ് വിജയലക്ഷ്യം 14 ഓവർ ബാക്കി നിർത്തിയാണ് ഇംഗ്ലണ്ട് മറികടന്നത്. ഇംഗ്ലണ്ടിൻ്റെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺസ് ചേസാണ് ലീഡ്സിൽ ഉണ്ടയാത്. ഇതോടെ ശുഭ്മൻ ഗില്ലിന് തോൽവിയോടെ തൻ്റെ ടെസ്റ്റ് ക്യാപ്റ്റൻസി കരിയറിന് തുടക്കം കുറിക്കേണ്ടി വന്നു. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലെത്തി.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ യശസ്വി ജയ്സ്വാളിൻ്റെയും ക്യാപ്റ്റൻ ഗില്ലിൻ്റെയും വിക്കറ്റ് കീപ്പർ താരം റിഷഭ് പന്തിൻ്റെയും സെഞ്ചുറികളുടെ മികവിൽ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 471ന് പുറത്താകുകയായിരുന്നു. ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് അഞ്ച് വിക്കറ്റെടുക്കുകയും ചെയ്തിരുന്നു. ആദ്യ ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ 471 റൺസ് ആതിഥേയർ പിന്തുടർന്നെങ്കിലും ആറ് റൺസകലെ ഇന്നിങ്സ് അവസാനിക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി ഒല്ലി പോപ്പ് സെഞ്ചുറിയും ഹാരി ബ്രുക് 99 റൺസും ഓപ്പണർ ബെൻ ഡക്കെറ്റ് അർധ സെഞ്ചുറിയും നേടിയിരുന്നു. ആദ്യ ഇന്നിങ്സിൽ ഇന്ത്യക്കായി ജസ്പ്രിത് ബുമ്ര അഞ്ച് വിക്കറ്റ് നേടിയിരുന്നു.
രണ്ടാം ഇന്നിങ്സിലും സമാനമായ പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. ഓപ്പണർ കെഎൽ രാഹലും, പന്ത് വീണ്ടും സെഞ്ചുറി നേടിയപ്പോൾ ഇന്ത്യക്ക് ആതിഥേയർക്ക് വമ്പൻ സ്കോർ വിജയലക്ഷ്യം ഒരുക്കാൻ സാധിച്ചു. 30 റൺസിനിടെ ഇന്ത്യയുടെ ആറ് വിക്കറ്റുകൾ വീണതും ആതിഥേയർക്ക് അൽപം മേൽക്കൈ ലഭിച്ചിരുന്നു. ഉയർന്ന് വിജയലക്ഷ്യം മുന്നിലുണ്ടായിരുന്നെങ്കിൽ തങ്ങളുടെ ബാസ്ബോൾ ശൈലിയിൽ അത് മറികടക്കാമെന്ന ആത്മവിശ്വാസം ഇംഗ്ലണ്ടിനുണ്ടായിരുന്നു.
ആ ആത്മവിശ്വാസത്തിന് ആതിഥേയരുടെ ഓപ്പണർമാരായ സാക് ക്രോവ്ലിയും ഡക്കെറ്റും ചേർന്ന് അടിത്തറ നൽകി. അതിനിടെ ക്യാച്ചുകൾ കൈവിട്ടതോടെ ജയം ഇന്ത്യയിൽ അകന്നു നിന്നു. എന്നാൽ തുടരെ വിക്കറ്റുകൾ വീഴ്ത്തി ഷാർദുൽ താക്കൂർ ഇന്ത്യക്ക് പ്രതീക്ഷ നൽകിയെങ്കിലും വെറ്ററൻ താരം ജോ റൂട്ട് പിടിച്ച് നിന്ന് ഇംഗ്ലണ്ടിനെ പുതിയ സീസണിലെ ആദ്യ ജയത്തിലേക്ക് നയിച്ചു. ഏഴാമനായി ക്രീസിലെത്തിയ ജാമി സ്മിത്ത് വേഗത്തിൽ ഇന്നിങ്സ് അവസാനിപ്പിക്കുകയും ചെയ്തു. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലെത്തി. ജൂലൈ രണ്ടാം തീയതി എഡ്ജ്ബാസ്റ്റണിൽ വെച്ചാണ് പരമ്പരയിലെ രണ്ടാം മത്സരം.