India vs England: അടുത്ത കളി സെഞ്ചുറിയടിച്ചാൽ ജയ്സ്വാൾ ദ്രാവിഡിനെ മറികടക്കും; എഡ്ജ്ബാസ്റ്റണിൽ താരത്തെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
Yashavi Jaiswal Expect Special Record In The Second Test: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി നേടാനായാൽ യശസ്വി ജയ്സ്വാളിന് രാഹുൽ ദ്രാവിഡിനെ മറികടക്കാനാവും. തകർപ്പൻ റെക്കോർഡാണ് താരത്തെ കാത്തിരിക്കുന്നത്.

യശസ്വി ജയ്സ്വാൾ
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാളിനെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്. ഇതിഹാസതാരം രാഹുൽ ദ്രാവിഡിനെയും മറികടന്ന് സവിശേഷകരമായ റെക്കോർഡിൽ ഒന്നാമതെത്താനുള്ള അവസരമാണ് ജയ്സ്വാളിനെ കാത്തിരിക്കുന്നത്. ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ സെഞ്ചുറിയടിച്ച് മികച്ച ഫോമിലാണ് ജയ്സ്വാൾ.
ഏറ്റവും വേഗത്തിൽ 2000 ടെസ്റ്റ് റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡാണ് ജയ്സ്വാളിനെ കാത്തിരിക്കുന്നത്. നിലവിൽ രാഹുൽ ദ്രാവിഡും വീരേന്ദർ സേവാഗും ഈ റെക്കോർഡ് പങ്കിടുകയാണ്. ഇരുവരും 40 ഇന്നിംഗ്സുകളിൽ നിന്നാണ് 2000 റൺസ് തികച്ചത്. 1999ൽ ന്യൂസീലൻഡിനെതിരെ ഹാമിൽട്ടണിൽ നടന്ന മത്സരത്തിലാണ് സേവാഗ് ഈ റെക്കോർഡിലെത്തിയത്. ഓസ്ട്രേലിയക്കെതിരെ ചെന്നൈയിൽ 2004ലാണ് സേവാഗ് ഈ നേട്ടം കുറിച്ചത്. നിലവിൽ 38 ഇന്നിംഗ്സ് കളിച്ച ജയ്സ്വാൾ 52.86 ശരാശരിയിൽ 1903 റൺസ് നേടിയിട്ടുണ്ട്. 2023 ജൂലായ് മാസത്തിലാണ് താരം ടെസ്റ്റിൽ അരങ്ങേറിയത്. രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി നേടിയാൽ ജയ്സ്വാൾ ഒറ്റയ്ക്ക് ഈ റെക്കോർഡിലെത്തും. രണ്ടാം ഇന്നിംഗ്സിലാണെങ്കിൽ ഇതിഹാസ താരങ്ങൾക്കൊപ്പം റെക്കോർഡ് പങ്കിടുകയും ചെയ്യും.
പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ലീഡ്സിലെ ഹെഡിങ്ലിയിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. മത്സരത്തിൽ ഇന്ത്യക്കായി അഞ്ച് സെഞ്ചുറികൾ പിറന്നിരുന്നു. എന്നിട്ടും വിജയിക്കാൻ സാധിച്ചില്ല. ബിർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിലാണ് പരമ്പരയിലെ രണ്ടാം മത്സരം. ജൂലായ് രണ്ടാം തീയതി മത്സരം ആരംഭിക്കും.