IPL Ticket Scam: ഒരു ടിക്കറ്റിന് 80,000 രൂപ! ഐപിഎൽ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിറ്റത് വന്‍ തുകയ്ക്ക്
IPL Black Tickets Sold at Rs 80,000: ഐപിഎല്ലിനെ പിടിച്ചുകുലുക്കി ബ്ലാക്ക് ടിക്കറ്റ് വിവാദം. 80,000 രൂപയിലധികം ഈടാക്കി കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍ക്കുന്നുവെന്നാണ് ആരോപണം. ഡൽഹി ആൻഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷനിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് കരിഞ്ചന്തയിൽ ടിക്കറ്റ് വിറ്റതുമായി ബന്ധപ്പെട്ട് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്.
IPL Black Tickets News: ഐപിഎല്ലിനെ പിടിച്ചുകുലുക്കി ‘ബ്ലാക്ക് ടിക്കറ്റ്’ വിവാദം. 80,000 രൂപയിലധികം ഈടാക്കി കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍ക്കുന്നുവെന്നാണ് ആരോപണം. ഡൽഹി ആൻഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷനിലെ (ഡിഡിസിഎ) ഒരു ഉന്നത ഉദ്യോഗസ്ഥന് കരിഞ്ചന്തയിൽ ടിക്കറ്റ് വിറ്റതുമായി ബന്ധപ്പെട്ട് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. സൗജന്യമായി ലഭിക്കുന്ന ആയിരത്തിലധികം കോംപ്ലിമെന്ററി ടിക്കറ്റുകളാണ് മറിച്ച് വിറ്റത്. ഇതിൽ ചില ടിക്കറ്റുകൾക്ക് 80,000 രൂപയിലധികം രൂപയാണ് ഈടാക്കി. കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയുമായി ബന്ധപ്പെട്ട് നാല് പേരെ ഡൽഹി പൊലീസ് അറസ്റ്റു ചെയ്തതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
മുകീം (35), ഗുഫ്രാൻ (36), മുഹമ്മദ് ഫൈസൽ (38) എന്നീ മൂന്ന് പേരെ സ്റ്റേഡിയത്തിന് സമീപത്ത് വെച്ച് കോംപ്ലിമെന്ററി പാസുകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പിടികൂടി. തുടർന്ന് ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് പങ്കജ് യാദവ് എന്ന പെട്രോൾ പമ്പ് ജീവനക്കാരനെ അറസ്റ്റ് ചെയ്തത്.
പിന്നില്‍ ഡിഡിസിഎ ഭാരവാഹി
നാലു പേരെ അറസ്റ്റു ചെയ്തതിന് പിന്നാലെയാണ് ഡിഡിസിഎ ഭാരവാഹിയുടെ പങ്കിനെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നത്. ഡൽഹി ക്യാപിറ്റൽസും റോയൽ ചലഞ്ചേഴ്സ് ബംഗ്ലൂരുവും തമ്മിലുള്ള മത്സരത്തിന്റെ ടിക്കറ്റുകളാണ് കരിഞ്ചന്തയില്‍ വന്‍ തുകയ്ക്ക് വിറ്റത്. ഈ ബ്ലാക്ക് ടിക്കറ്റ് റാക്കറ്റ് നിയന്ത്രിച്ചിരുന്നത് ഒരു ഡിഡിസിഎ ഭാരവാഹിയായിരുന്നുവെന്ന് ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ച, രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ നാല് ഡിഡിസിഎ ഭാരവാഹികളെ പൊലീസ് ഏകദേശം അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
Also Read: Sanju Samson: ഇഷാനും, അഭിഷേകുമല്ല; സഞ്ജുവാണ് മികച്ച ബാറ്ററെന്ന് മുന്‍ താരം
ഇതൊരു തികച്ചും ആസൂത്രിതമായ റാക്കറ്റാണെന്നും ഡിഡിസിഎ ഉദ്യോഗസ്ഥനായിരുന്നു ഇതിന്റെ തലപ്പത്തെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. താരങ്ങളുടെയും മത്സരത്തിന്റെയും താരമൂല്യം അനുസരിച്ചാണ് ടിക്കറ്റ് നിരക്കുകൾ ഇവർ നിശ്ചയിച്ചിരുന്നത്. മത്സരം തുടങ്ങാൻ സമയം അടുക്കുന്തോറും അവർ ടിക്കറ്റ് നിരക്കുകൾ വര്‍ധിപ്പിച്ചുകൊണ്ടേയിരുന്നുവെന്നും പൊലീസ് വൃത്തങ്ങള്‍ വിശദീകരിച്ചു.
ഒരു ടിക്കറ്റിന് 80,000 രൂപ വരെ
റോയൽ ചലഞ്ചേഴ്സ് ബംഗ്ലൂരുവിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി ഒരു ടിക്കറ്റിന് കുറഞ്ഞത് 80,000 രൂപ വരെയാണ് ഈടാക്കിയത്. കളിയുടെ പ്രാധാന്യവും ആവശ്യക്കാരും അനുസരിച്ച് ടിക്കറ്റ് നിരക്കുകൾ 8,000 രൂപ മുതൽ 80,000 രൂപ വരെ വ്യത്യാസപ്പെട്ടിരുന്നതായും പൊലീസ് കണ്ടെത്തി. ഓരോ മത്സരത്തിലും ആയിരത്തിലധികം ടിക്കറ്റുകളാണ് ഇത്തരത്തിൽ അമിതവില ഈടാക്കി ഈ കരിഞ്ചന്താ ശൃംഖല വിറ്റഴിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
നിലവിലെ ബിസിസിഐ മാനദണ്ഡങ്ങള്‍ പ്രകാരം, ഓരോ മത്സരത്തിന്റെയും ആകെ ടിക്കറ്റുകളുടെ 10 മുതൽ 15 ശതമാനം വരെ ടിക്കറ്റുകൾ മത്സരം നടത്തുന്ന അസോസിയേഷന് കോംപ്ലിമെന്ററി പാസുകളായി നൽകേണ്ടതുണ്ട്. ഇത്തരത്തില്‍ സൗജന്യമായി ലഭിച്ച പാസുകളാണ് ഡിഡിസിഎ ഭാരവാഹിയും സംഘവും കരിഞ്ചന്തയില്‍ വ്യാപകമായി വന്‍ തുക ഈടാക്കി വിറ്റഴിച്ചത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. വിശദമായ അന്വേഷണത്തില്‍ കരിഞ്ചന്തയിലെ ടിക്കറ്റ് വില്‍പനയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
English Summary
A top DDCA official allegedly led a major IPL black ticketing racket. Complimentary passes were systematically sold to fans at extortionate prices. Tickets for RCB match fetched up to Rs 80,000 each. Delhi Police have arrested four individuals and questioned several senior officials.