Sanju Samson: ഇല്ലാത്ത പരിക്ക് പ്രചരിപ്പിച്ചു ? ലക്ഷ്യം സഞ്ജു തന്നെ ! ‘പ്രൊപഗന്‍ഡ’ സംശയിച്ച് ആരാധകര്‍
Fans suspect negative PR campaign against Sanju Samson: സഞ്ജുവിനെതിരെ ആസൂത്രിത പ്രചരണം നടന്നിരുന്നോ എന്ന സംശയം ആരാധകരില്‍ ബലപ്പെടുകയാണ്. സഞ്ജുവിന് പരിക്കാണെന്നും, താരത്തിന് കായികക്ഷമതയില്ലെന്നും തരത്തില്‍ വ്യാജ പ്രചരണങ്ങള്‍ ശക്തമായിരുന്നു
കഴിഞ്ഞ ദിവസം വരെ ഏഷ്യാ കപ്പിലെ ഇന്ത്യയുടെ മത്സരത്തെക്കാളും കൂടുതല്‍ ചര്‍ച്ചയായത് പ്ലേയിങ് ഇലവനില്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടുമോയെന്ന ചോദ്യമായിരുന്നു. മാധ്യമങ്ങള്‍ക്കും, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കും ഏതാനും ദിവസം സഞ്ജു മാത്രമായിരുന്നു ‘ഹോട് ടോപിക്’. സഞ്ജുവിനെ കേന്ദ്രീകരിച്ച് മാത്രം ചര്‍ച്ചകള്‍, ഊഹാപോഹങ്ങള്‍…ഇതില്‍ മാത്രമായിരുന്നു പല ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെയും ഫോക്കസ്. യുഎഇയ്‌ക്കെതിരായ ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍ പ്രഖ്യാപിക്കുന്നതു വരെ, ആദ്യ പതിനൊന്നില്‍ സഞ്ജു ഉള്‍പ്പെടുമെന്ന് ക്രിക്കറ്റ് പണ്ഡിതര്‍ പോലും പ്രതീക്ഷിച്ച് കാണില്ല.
ടി20യിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ബാറ്റര്‍മാരും, ഇന്ത്യയുടെ ക്യാപ്റ്റനും, വൈസ് ക്യാപ്റ്റനും അടങ്ങിയ ടോപ് ഓര്‍ഡറില്‍ സഞ്ജുവിന് വേക്കന്‍സി ഇല്ലാത്തതായിരുന്നു കാരണം. അഞ്ചോ, ആറോ സ്ഥാനങ്ങളില്‍ സാധ്യതകളുണ്ടെങ്കിലും ആ പൊസിഷന്‍ ജിതേഷ് ശര്‍മ കൊണ്ടുപോകുമെന്നായിരുന്നു വിലയിരുത്തലുകളേറെയും.
ഇന്ത്യയുടെ സ്‌ക്വാഡ് പ്രഖ്യാപനം തന്നെയായിരുന്നു ഈ ഊഹാപോഹങ്ങള്‍ ആദ്യം ബലപ്പെടുത്തിയത്. വിക്കറ്റ് കീപ്പര്‍മാരില്‍ ആദ്യം പ്രഖ്യാപിച്ചത് ജിതേഷ് ശര്‍മയെയായിരുന്നു. അവസാനം മാത്രമായിരുന്നു സഞ്ജുവിന്റെ പേര് അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്.




ശുഭ്മാന്‍ ഗില്ലിന്റെയും, യശ്വസി ജയ്‌സ്വാളിന്റെയും അസാന്നിധ്യം മൂലമാണ് സഞ്ജു ഓപ്പണറായി കളിച്ചതെന്ന അഗാര്‍ക്കറുടെ പ്രതികരണവും ആരാധകരെ നിരാശപ്പെടുത്തുന്നതായിരുന്നു. ഇതോടെ സഞ്ജുവിനായി മുറവിളി ശക്തമായി. ട്രെയിനിങ് സെഷന്റെ ചിത്രങ്ങള്‍ ഇന്ത്യന്‍ ടീം ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചപ്പോള്‍ സഞ്ജുവിന്റെ ഫോട്ടോയ്ക്ക് മറ്റു താരങ്ങളെക്കാള്‍ ലൈക്കുകള്‍ വാരിക്കോരി നല്‍കി ആരാധകര്‍ താരത്തോടുള്ള സ്‌നേഹവും, ‘അനീതി’ക്കെതിരായ പ്രതിഷേധവും പ്രകടിപ്പിച്ചു.
എങ്കിലും സൂര്യകുമാര്‍ യാദവും, പരിശീലകന്‍ ഗൗതം ഗംഭീറും സഞ്ജുവിനെ കൈവിടില്ലെന്ന പ്രതീക്ഷകള്‍ അവസാന നിമിഷവും ആരാധകര്‍ കൈവിട്ടില്ല. ഒടുവില്‍ യുഎഇയ്‌ക്കെതിരായ പ്ലേയിങ് ഇലവന്‍ പ്രഖ്യാപിച്ചപ്പോള്‍ പ്രവചനങ്ങളെയെല്ലാം കാറ്റില്‍ പറത്തി സഞ്ജു ഇടം നേടി.
ആസൂത്രിത പ്രചരണം?
ഇപ്പോഴിതാ, സഞ്ജുവിനെതിരെ ആസൂത്രിത പ്രചരണം നടന്നിരുന്നോ എന്ന സംശയം ആരാധകരില്‍ ബലപ്പെടുകയാണ്. മറ്റ് താരങ്ങളെ അപേക്ഷിച്ച് പരിശീലന സെഷനില്‍ സഞ്ജുവിന്റെ പങ്കാളിത്തം കുറവാണെന്നത് യാഥാര്‍ത്ഥ്യമായിരുന്നു. എന്നാല്‍ സഞ്ജുവിന് പരിക്കാണെന്നും, താരത്തിന് കായികക്ഷമതയില്ലെന്നും തരത്തില്‍ വ്യാജ പ്രചരണങ്ങള്‍ ശക്തമായിരുന്നു. യുഎഇയിലെത്തി ഫീല്‍ഡ് റിപ്പോര്‍ട്ടിങ് നടത്തുന്ന ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് ഈ പ്രചാരണത്തിന് തുടക്കം കുറിച്ചത്.
‘എക്‌സി’ല്‍ സഞ്ജുവിനെതിരെ പരാമര്‍ശം നടത്തുന്നതില്‍ കുപ്രസിദ്ധനായ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഈ മാധ്യമത്തിന്റെ ഭാഗമാണ്. സഞ്ജുവിന് പരിക്കാണെന്ന തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തതും ഇയാളായിരുന്നു. സംശയങ്ങള്‍ക്ക് ഉപോദ്ബലകമാകുന്നത് ഇക്കാര്യമാണെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. പരിശീലനത്തിനിടെ സഞ്ജു ‘വേദന കടിച്ചമര്‍ത്തുന്ന’ രീതിയിലുള്ള ഒരു ചിത്രമാണ് തന്റെ വാദം സാധൂകരിക്കാന്‍ ഇയാള്‍ പ്രചരിപ്പിച്ചത്. സഞ്ജു പരിക്കിന്റെ പിടിയിലാണെന്ന് സംശയിക്കുന്നതായി മറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയതും ഈ ചിത്രങ്ങള്‍ ഏറ്റുപിടിച്ചായിരുന്നു.
എന്നാല്‍ യുഎഇയ്‌ക്കെതിരെ കളിച്ചപ്പോള്‍ പരിക്കിന്റെ നേരിയ ലാഞ്ഛന പോലും സഞ്ജുവില്‍ കണ്ടെത്താനായില്ല. മാത്രമല്ല, കിടിലന്‍ ഡൈവുകള്‍ പല കുറി നടത്തിയും, തകര്‍പ്പന്‍ ക്യാച്ചുകള്‍ എടുത്തും താന്‍ പരിപൂര്‍ണ ‘ഫിറ്റാ’ണെന്ന് താരം പ്രകടനത്തിലൂടെ തെളിയിക്കുകയും ചെയ്തു. ഇതോടെയാണ് താരത്തിനെതിരെ ‘പ്രൊപഗന്‍ഡ’ നടന്നുവെന്ന ആരാധകരുടെ സംശയം കൂടുതല്‍ ബലപ്പെടുന്നത്. ഇത്തരം ആസൂത്രിത പ്രചരണങ്ങള്‍ക്ക് പിന്നിലെ ചേതോവികാരം എന്താണെന്ന് മാത്രമാണ് ആരാധകരുടെ ചോദ്യം.