Mohammed Azharuddeen: നായകന്‍ വരാറ് ! ദുലീപ് ട്രോഫിയില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ സൗത്ത് സോണിനെ നയിക്കും
Mohammed Azharuddeen to lead South Zone in Duleep Trophy: അസ്ഹറുദ്ദീനെ കൂടാതെ സല്‍മാന്‍ നിസാര്‍, എംഡി നിധീഷ്, എന്‍പി ബേസില്‍ എന്നീ മലയാളി താരങ്ങളും ടീമിലുണ്ട്. സ്റ്റാന്‍ഡ്‌ബൈ താരമായി ഈഡന്‍ ആപ്പിള്‍ ടോമിനെയും ഉള്‍പ്പെടുത്തി. രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനമാണ് മലയാളി താരങ്ങള്‍ക്ക് സൗത്ത് സോണ്‍ ടീമില്‍ ഇടം നേടിക്കൊടുത്തത്.
ദുലീപ് ട്രോഫിയില്‍ നോര്‍ത്ത് സോണിനെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീന്‍ സൗത്ത് സോണിനെ നയിക്കും. ക്യാപ്റ്റനായിരുന്ന തിലക് വര്‍മ ഏഷ്യാ കപ്പില്‍ കളിക്കാന്‍ പോകുന്നതിനാലാണ് വൈസ് ക്യാപ്റ്റനായിരുന്ന അസ്ഹറുദ്ദീനെ നായകസ്ഥാനം ഏല്‍പിച്ചത്. സെപ്തംബര്‍ നാലിനാണ് മത്സരം തുടങ്ങുന്നത്. അസ്ഹറുദ്ദീന്‍ ക്യാപ്റ്റനായതോടെ തമിഴ്‌നാട് താരം എന്‍. ജഗദീശനെ വൈസ് ക്യാപ്റ്റനായി നിയമിച്ചു. പരിക്കിനെ തുടര്‍ന്ന് തമിഴ്‌നാട് സ്പിന്നര്‍ ആര്‍ സായ് കിഷോറിനെ ടീമില്‍ നിന്ന് ഒഴിവാക്കി.
തിലക് വര്‍മയ്ക്കും, സായ് കിഷോറിനും പകരം പുതുച്ചേരി താരം അങ്കിത് ശര്‍മയെയും, ആന്ധ്രാപ്രദേശ് താരം ഷെയ്ഖ് റഷീദിനെയും ടീമില്‍ ഉള്‍പ്പെടുത്തി. ഇരുവരെയും നേരത്തെ സ്റ്റാന്‍ഡ്‌ബൈ താരങ്ങളായി ഉള്‍പ്പെടുത്തിയിരുന്നു.
അസ്ഹറുദ്ദീനെ കൂടാതെ സല്‍മാന്‍ നിസാര്‍, എംഡി നിധീഷ്, എന്‍പി ബേസില്‍ എന്നീ മലയാളി താരങ്ങളും ടീമിലുണ്ട്. സ്റ്റാന്‍ഡ്‌ബൈ താരമായി ഈഡന്‍ ആപ്പിള്‍ ടോമിനെയും ഉള്‍പ്പെടുത്തി. രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനമാണ് മലയാളി താരങ്ങള്‍ക്ക് സൗത്ത് സോണ്‍ ടീമില്‍ ഇടം നേടിക്കൊടുത്തത്.
കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിന്റെ ക്യാപ്റ്റനാണ് അസ്ഹറുദ്ദീന്‍. സല്‍മാന്‍ നിസാര്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് ടീമിലുമുണ്ട്. എംഡി നിധീഷ് തൃശൂര്‍ ടൈറ്റന്‍സിനും, എന്‍പി ബേസില്‍ ആലപ്പി റിപ്പിള്‍സിനു വേണ്ടിയും കളിക്കുന്നു. ഏരീസ് കൊല്ലം സെയിലേഴ്‌സിന് വേണ്ടിയാണ് ഈഡന്‍ ആപ്പിള്‍ ടോം കളിക്കുന്നത്. ദുലീപ് ട്രോഫിക്കായി ഈ താരങ്ങള്‍ പോകുന്നത് കെസിഎല്‍ ടീമുകള്‍ക്ക് തിരിച്ചടിയാണ്.
സൗത്ത് സോൺ സ്ക്വാഡ്:
മുഹമ്മദ് അസ്ഹറുദ്ദീൻ (ക്യാപ്റ്റന്‍), നാരായൺ ജഗദീശൻ (വൈസ് ക്യാപ്റ്റന്‍), തൻമയ് അഗർവാൾ, ദേവദത്ത് പടിക്കൽ, മോഹിത് കാലെ, സൽമാൻ നിസാർ, ത്രിപുരാണ വിജയ്, തനയ് ത്യാഗരാജൻ, വിജയ്കുമാർ വൈശാഖ്, നിധീഷ് എം.ഡി, റിക്കി ഭുയി, ബേസിൽ എൻ.പി, ഗുർജപ്‌നീത് സിംഗ്, സ്‌നേഹൽ കൗത്താങ്കർ, അങ്കിത് ശർമ, ഷെയ്ഖ് റഷീദ്. സ്റ്റാൻഡ്‌ബൈ: മോഹിത് റെഡ്കർ, ആർ. സ്മരൻ, ഈഡന്‍ ആപ്പിൾ ടോം, ആന്ദ്രേ സിദ്ധാർത്ഥ്.