Salman Nizar: കഴിഞ്ഞ വർഷം ആയുഷ് മാത്രെയ്ക്ക് മുന്നിൽ രണ്ടാമൻ; സൽമാൻ നിസാർ ഇത്തവണ ഐപിഎലിൽ ഭാഗ്യം തിരുത്തുമോ?
Salman Nizar To IPL: ഇത്തവണ സൽമാൻ നിസാറിന് ഐപിഎൽ കളിക്കാനാവുമോ? കഴിഞ്ഞ തവണ ആയുഷ് മാത്രെയാണ് സൽമാന് വിലങ്ങുതടിയായത്.
കേരള ക്രിക്കറ്റ് പിന്തുടരുന്ന എല്ലാവർക്കും സൽമാൻ നിസാറിനെ അറിയാം. വർഷങ്ങളായി ടീമിൻ്റെ നട്ടെല്ല്. അഞ്ച്, ആറ് സ്ഥാനങ്ങളിലെത്തി അവിശ്വസനീയ ഇന്നിംഗ്സുകൾ കാഴ്ചവെക്കുന്ന താരം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 50 പന്തുകൾ നേരിട്ട് 10 റൺസെടുക്കാനും ടി20യിൽ 10 പന്തുകളിൽ 50 റൺസെടുക്കാനും സൽമാന് കഴിയും.
കഴിഞ്ഞ രഞ്ജി ട്രോഫിയിൽ സൽമാൻ്റെ വക ചില മാരത്തൺ ഇന്നിംഗ്സുകളുണ്ടായിരുന്നു. കർണാടകയ്ക്കെതിരെ 250 പന്തിൽ 95 റൺസ് നേടിയത് ഉദാഹരണം. കഴിഞ്ഞ ദിവസം അദാനി ട്രിവാൻഡ്രം റോയൽസിനെതിരെ സൽമാൻ നിസാർ നേടിയത് 26 പന്തിൽ 86 റൺസ്. സ്ട്രൈക്ക് റേറ്റ് 330. 18 ഓവറാകുമ്പോൾ കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ് ആറ് വിക്കറ്റ് നഷ്ടത്തിൽ 115 റൺസെന്ന നിലയിലായിരുന്നു. സൽമാൻ നിസാർ 13 പന്തിൽ 17 റൺസ്. ബേസിൽ തമ്പി എറിഞ്ഞ 19ആം ഓവറിൽ അഞ്ച് സിക്സ്. അവസാന പന്തിൽ സിംഗിൾ. അഭിജിത് പ്രവീൺ എറിഞ്ഞ അവസാന ഓവറിൽ ആറ് സിക്സ്. ഒരു നോബോളും വൈഡും അടക്കം ഓവറിൽ 40 റൺസ്. അതായത്, അവസാനത്തെ 13 പന്തിൽ സൽമാൻ നിസാർ നേടിയത് 69 റൺസ്. സൽമാൻ്റെ ഒരു പൊതുശൈലി ഇങ്ങനെയാണ്. ഇങ്ങനെ രണ്ട് എക്സ്ട്രീമുകളിൽ നിൽക്കുന്ന ബാറ്റർമാർ ലോക ക്രിക്കറ്റിൽ തന്നെ വിരളമാണ്.
Also Read: KCL 2025: സഞ്ജു ഇല്ലെങ്കിലും കൊച്ചി പഴയ കൊച്ചി തന്നെയാണ്; ടൈറ്റൻസിനെതിരെ ആധികാരിക ജയം
കേരളം റണ്ണേഴ്സ് അപ്പായ കഴിഞ്ഞ രഞ്ജിയിലും ലിസ്റ്റ് എ, ടി20കളിലുമുള്ള പ്രകടനങ്ങൾ ഐപിഎൽ ഫ്രാഞ്ചൈസികൾ നോട്ട് ചെയ്തു. സീസണിടയിൽ ചെന്നൈ സൂപ്പർ കിംഗ്സ് സൽമാനെ ട്രയൽസിന് ക്ഷണിച്ചു. പകരക്കാരനായിരുന്നു ക്ഷണം. പക്ഷേ, മുംബൈ യുവതാരം ആയുഷ് മാത്രെയ്ക്ക് നറുക്ക് വീണു. മാത്രെ ഒറ്റ സീസൺ കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.
കെസിഎലിലെ പ്രകടനം സൽമാന് ഐപിഎലിൽ ഏറെക്കുറെ ഒരു സ്ഥാനം ഉറപ്പിക്കുന്നുണ്ട്. 28 വയസുകാരനായ സൽമാനിൽ ഇനിയും ചുരുങ്ങിയത് ആറ് വർഷത്തെയെങ്കിലും ക്രിക്കറ്റ് ബാക്കിയുണ്ട് താനും. മിനി ലേലത്തിൽ സൽമാനെ ഏതെങ്കിലും ഒരു ടീം സ്വന്തമാക്കുമെന്ന് പ്രതീക്ഷിക്കാം.