KCL 2025: വിജയ് വിശ്വനാഥിന് മൂന്ന് വിക്കറ്റ്, ഏരീസ് കൊല്ലം സെയിലേഴ്‌സിന് 179 റണ്‍സ് വിജയലക്ഷ്യം
Kerala cricket league 2025 Adani Trivandrum Royals vs Aries Kollam Sailors: 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് ട്രിവാന്‍ഡ്രം റോയല്‍സ് നേടിയത്. 35 റണ്‍സെടുത്ത ക്യാപ്റ്റന്‍ കൃഷ്ണപ്രസാദാണ് ട്രിവാന്‍ഡ്രം റോയല്‍സിന്റെ ടോപ് സ്‌കോറര്‍. എന്നാല്‍ 35 റണ്‍സെടുക്കാന്‍ കൃഷ്ണപ്രസാദിന് 32 പന്തുകള്‍ വേണ്ടി വന്നു
തിരുവനന്തപുരം: ഒരു അര്‍ധ സെഞ്ചുറി പോലും ബാറ്റര്‍മാര്‍ക്ക് നേടാനായില്ലെങ്കിലും കൊല്ലം ഏരീസ് സെയിലേഴ്‌സിനെതിരെ അദാനി ട്രിവാന്‍ഡ്രം റോയല്‍സിന് ഭേദപ്പെട്ട സ്‌കോര്‍. നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് ട്രിവാന്‍ഡ്രം റോയല്‍സ് നേടിയത്. 35 റണ്‍സെടുത്ത ക്യാപ്റ്റന്‍ കൃഷ്ണപ്രസാദാണ് ട്രിവാന്‍ഡ്രം റോയല്‍സിന്റെ ടോപ് സ്‌കോറര്‍. എന്നാല്‍ 35 റണ്‍സെടുക്കാന്‍ കൃഷ്ണപ്രസാദിന് 32 പന്തുകള്‍ വേണ്ടി വന്നു.
ഓപ്പണിങ് വിക്കറ്റില്‍ കൃഷ്ണപ്രസാദും, വിഷ്ണുരാജും 76 റണ്‍സാണ് റോയല്‍സിന് സമ്മാനിച്ചത്. 25 പന്തില്‍ 33 റണ്‍സെടുത്ത വിഷ്ണുരാജിനെ വിജയ് വിശ്വനാഥ് പുറത്താക്കിയതോടെ ഈ കൂട്ടുക്കെട്ട് തകര്‍ന്നു. കൃഷ്ണ പ്രസാദിനെ എല്‍ബിഡബ്ല്യുവില്‍ കുരുക്കി വിജയ് വിശ്വനാഥ് വീണ്ടും ആഞ്ഞടിച്ചു.
തുടര്‍ന്ന് ക്രീസിലെത്തിയ അബ്ദുല്‍ ബാസിത്തിനെ നിലയുറപ്പിക്കാന്‍ അനുവദിക്കാതെ പുറത്താക്കി വിജയ് വിശ്വനാഥ് ട്രിവാന്‍ഡ്രം റോയല്‍സിനെ വീണ്ടും ഞെട്ടിച്ചു. ടോപ് ഓര്‍ഡര്‍ നിരയെ വിജയ് വിശ്വനാഥ് തകര്‍ത്തെങ്കിലും നാലാം വിക്കറ്റില്‍ എം നിഖിലും, സഞ്ജീവ് സതീശനും ചേര്‍ന്ന് റോയല്‍സിനെ കരയ്ക്ക് കയറ്റി.




17 പന്തില്‍ 26 റണ്‍സെടുത്ത നിഖിനെ എ.ജി. അമലും, 20 പന്തില്‍ 34 റണ്‍സെടുത്ത സഞ്ജീവിനെ അജയഘോഷും പുറത്താക്കി. അഞ്ച് പന്തില്‍ മൂന്ന് റണ്‍സെടുത്ത ബേസില്‍ തമ്പി ഈഡന്‍ ആപ്പിള്‍ ടോമിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. അഭിജിത്ത് പ്രവീണ്‍ പുറത്താകാതെ 16 പന്തില്‍ 20 റണ്‍സെടുത്തു.