Mohammed Shami: ഹസിൻ ജഹാനുമായുള്ള വിവാഹത്തിൽ പശ്ചാത്താപമുണ്ടോ?; ഷമിയുടെ മറുപടി ഇങ്ങനെ
Mohammed Shami About Hasin Jahan: മുൻ ഭാര്യ ഹസിൻ ജഹാനുമായുള്ള വിവാഹത്തിലും വിവാഹമോചനത്തിനും പ്രതികരിച്ച് മുഹമ്മദ് ഷമി. 2014ൽ വിവാഹമോചിതരായ ഇരുവരും 2018ൽ വിവാഹമോചിതരായി.
മുൻ ഭാര്യ ഹസിൻ ജഹാനുമായുള്ള വിവാഹത്തിൽ പശ്ചാത്താപമുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിച്ച് ഇന്ത്യൻ താരം മുഹമ്മദ് ഷമി. ന്യൂസ്24ന് നൽകിയ അഭിമുഖത്തിലാണ് ഷമിയുടെ പ്രതികരണം. 2014-ലാണ് ഷമിയും ഹസിൻ ജഹാനും തമ്മിൽ വിവാഹിതരായത്. 2018ൽ ഇരുവരും വിവാഹമോചിതരായി.
“അത് വിട്. ഞാൻ ഭൂതകാലത്തെയോർത്ത് പശ്ചാത്തപിക്കാറില്ല. കഴിഞ്ഞത് കഴിഞ്ഞു. ഞാൻ ഉൾപ്പെടെ ആരെയും കുറ്റപ്പെടുത്താനില്ല. എനിക്ക് ക്രിക്കറ്റിൽ ശ്രദ്ധിച്ചാൽ മതി. വിവാദങ്ങൾ ആവശ്യമില്ല.”- വിവാഹത്തെപ്പറ്റി ചോദിച്ചപ്പോൾ ഷമി പറഞ്ഞു. ശിഖർ ധവാൻ, യുസ്‌വേന്ദ്ര ചഹാൽ തുടങ്ങിയവരുടെ വിവാഹമോചനത്തിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതന്വേഷിക്കേണ്ടത് നിങ്ങളെയാണ്. മറ്റ് വശത്തേക്ക് കൂടി നോക്കൂ. താൻ ക്രിക്കറ്റിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, വിവാദങ്ങളിലല്ല എന്നും ഷമി പറഞ്ഞു.
ഉടൻ വിരമിക്കാൻ തനിക്ക് ആലോചനയില്ലെന്നും ഷമി പറഞ്ഞിരുന്നു. ക്രിക്കറ്റ് മടുക്കുന്ന ദിവസം താൻ വിരമിക്കും. ടീമിലെടുത്തില്ലെങ്കിലും താൻ കഠിനമായി പരിശീലിക്കും. രാജ്യാന്തര മത്സരങ്ങളിൽ പരിഗണിച്ചില്ലെങ്കിൽ ആഭ്യന്തര മത്സരങ്ങളിൽ കളിക്കുമെന്നും ഷമി കൂട്ടിച്ചേർത്തു.
ഏറെക്കാലമായി കളത്തിന് പുറത്തായ ഷമി ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോണിനെതിരെയാണ് തിരികെവന്നത്. ആദ്യ ദിവസം നോർത്ത് സോണിനെതിരെ ഒരു വിക്കറ്റാണ് താരം നേടിയത്. കഴിഞ്ഞ ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനായാണ് താരം അവസാനമായി കളിച്ചത്. അതിന് ശേഷം ഷമി പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കുന്നത് ദുലീപ് ട്രോഫിയിലാണ്.
ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ താരം അത്ര നല്ല പ്രകടനങ്ങളല്ല നടത്തിയത്. 9 മത്സരങ്ങൾ കളിച്ച താരത്തിന് ആറ് വിക്കറ്റ് നേടാനേ കഴിഞ്ഞുള്ളൂ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ താരത്തിന് ഇടം ലഭിച്ചില്ല. ഏഷ്യാ കപ്പ് ടീമിലും മുഹമ്മദ് ഷമി കളിക്കില്ല. മാർച്ചിലെ ചാമ്പ്യൻസ് ട്രോഫിയ്ക്ക് ശേഷം ഷമി ഇതുവരെ ദേശീയ ടീമിൽ കളിച്ചിട്ടില്ല.