Sanju Samson: സെഞ്ചുറിച്ചന്തമുള്ള സഞ്ജുവിന്റെ ബാറ്റുകള്‍; വൈഭവിന് മാത്രമല്ല, റിസ്വാനുമുണ്ട് ആ അനുഭവം
CP Rizwan says Sanju Samson and his bats has special connection with centuries: സഞ്ജു സമ്മാനിച്ച ബാറ്റുകൊണ്ടാണ് ക്രീസിലെത്തിയതെന്ന് വൈഭവ് വെളിപ്പെടുത്തിയിരുന്നു. സഞ്ജു നല്‍കിയ ബാറ്റ് ഉപയോഗിച്ചാണ് വൈഭവ് ഗുജറാത്തിനെതിരെ സെഞ്ചുറി നേടിയതും. ബാറ്റ് തരാമോയെന്ന് ലഖ്‌നൗ താരം അര്‍ഷിന്‍ കുല്‍ക്കര്‍ണി ചോദിച്ചപ്പോഴാണ് വൈഭവ് ആ രഹസ്യം വെളിപ്പെടുത്തിയത്

സഞ്ജു സാംസണും, വൈഭവ് സൂര്യവംശിയും
ഐപിഎല്‍ 2025 സീസണില്‍ ആരാധകര്‍ക്ക് രാജസ്ഥാന്‍ റോയല്‍സ് സമ്മാനിച്ച ഏക സമ്മാനം വൈഭവ് സൂര്യവംശിയെന്ന 14കാരനായിരുന്നു. അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ താരം സിക്‌സര്‍ നേടി. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ ഈ മത്സരത്തില്‍ 20 പന്തില്‍ 34 റണ്‍സ് നേടിയാണ് വെഭവ് ഔട്ടായത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ താരം തകര്‍പ്പന്‍ സെഞ്ചുറിയും നേടിയിരുന്നു. പരിക്കേറ്റ ക്യാപ്റ്റന്‍ സഞ്ജു സാംസണിന് പകരം ഇംപാക്ട് പ്ലയറായാണ് വൈഭവ് ആദ്യം പ്ലേയിങ് ഇലവനിലെത്തിയത്. സഞ്ജു സമ്മാനിച്ച ബാറ്റുകൊണ്ടാണ് ക്രീസിലെത്തിയതെന്ന് വൈഭവ് അന്ന് വെളിപ്പെടുത്തിയിരുന്നു. സഞ്ജു നല്‍കിയ ബാറ്റ് ഉപയോഗിച്ചാണ് വൈഭവ് ഗുജറാത്തിനെതിരെ സെഞ്ചുറി നേടിയതും. ബാറ്റ് തരാമോയെന്ന് ലഖ്‌നൗ താരം അര്‍ഷിന്‍ കുല്‍ക്കര്‍ണി ചോദിച്ചപ്പോഴാണ് വൈഭവ് ആ രഹസ്യം വെളിപ്പെടുത്തിയത്.
സഞ്ജു ഭയ്യയുടെ ബാറ്റ് കൊണ്ടാണ് കളിച്ചതെന്നും, തനിക്ക് അധികം ബാറ്റുകളില്ലെന്നും, പിന്നീട് ഒരു ബാറ്റ് നല്‍കാമെന്നുമായിരുന്നു അര്‍ഷിനോട് വൈഭവ് പറഞ്ഞത്. ഇതോടെയാണ് വൈഭവ് കളിച്ചത് സഞ്ജുവിന്റെ ബാറ്റ് ഉപയോഗിച്ചാണെന്ന് പുറത്തായത്. വൈഭവിന് ബാറ്റ് സമ്മാനിച്ചതിനെക്കുറിച്ച് സഞ്ജു പറയുന്നതിന്റെ ദൃശ്യം രാജസ്ഥാന്‍ റോയല്‍സ് ഏതാനും ദിവസം മുമ്പ് സമൂഹമാധ്യമത്തിലും പങ്കുവച്ചിരുന്നു.
”ആദ്യ ദിവസം വന്നപ്പോള്‍ മുതല്‍ ബാറ്റുകള്‍ ശേഖരിക്കുന്നതില്‍ വൈഭവ് പ്രശസ്തനായിരുന്നു. അവന്‍ ഒരു ബാറ്റ് ആഗ്രഹിക്കുന്നുണ്ടെന്ന് തനിക്ക് മനസിലായി. എന്റെ ബാറ്റിനും കിറ്റ് ബാഗിലും ചുറ്റിപ്പറ്റി കുറേ നേരം നില്‍ക്കുമായിരുന്നു. അവന് ഒന്നല്ല, ഒന്നിലേറെ ബാറ്റുകള്‍ ബാഗില്‍ നിന്നു കൊടുക്കണമെന്ന് തോന്നി. അങ്ങനെ അവന് ഒരു നല്ല ബാറ്റു നല്‍കി. അവന്‍ അത് വച്ച് കളിച്ചതിലും, മനോഹരമായത് സംഭവിച്ചതിലും (സെഞ്ചുറി) സന്തോഷമുണ്ട്”-സഞ്ജുവിന്റെ വാക്കുകള്‍. ഏതാനും വര്‍ഷം മുമ്പ് യശ്വസി ജയ്‌സ്വാളിനും സഞ്ജു ഇത്തരത്തില്‍ തന്റെ ബാറ്റ് സമ്മാനിച്ചിരുന്നു.
എന്നാല്‍ റോയല്‍സ് പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ വന്ന ഒരു കമന്റാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധേയമാകുന്നത്. സഞ്ജുവിനും അദ്ദേഹത്തിന്റെ ബാറ്റുകൾക്കും സെഞ്ചുറികളുമായി പ്രത്യേക ബന്ധമുണ്ടെന്നായിരുന്നു ആ കമന്റ്. മലയാളിയും യുഎഇ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനുമായിരുന്ന സിപി റിസ്വാന്റേതായിരുന്നു ആ കമന്റ്. താന്‍ ഏകദിനത്തില്‍ സെഞ്ചുറി നേടിയതും സഞ്ജു സമ്മാനിച്ച ബാറ്റു കൊണ്ടായിരുന്നുവെന്നായിരുന്നു റിസ്വാന്റെ കമന്റ്. റിസ്വാന്റെ ഈ കമന്റ് ആരാധകര്‍ ഏറ്റെടുത്തു.