Jasprit Bumrah: ബിസിസിഐ എന്നെയാണ് ക്യാപ്റ്റനായി പരിഗണിച്ചത്; ഞാൻ നിരസിക്കുകയായിരുന്നു: കാരണം പറഞ്ഞ് ജസ്പ്രീത് ബുംറ
Jasprit Bumrah On Captaincy: ബിസിസിഐ ആവശ്യപ്പെട്ടെങ്കിലും താൻ ക്യാപ്റ്റൻസി നിരസിക്കുകയായിരുന്നു എന്ന് ജസ്പ്രീത് ബുംറയുടെ വെളിപ്പെടുത്തൽ. ശുഭ്മൻ ഗിൽ ആണ് ഇന്ന്ത്യയുടെ പുതിയ ക്യാപ്റ്റൻ.

ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റനായി യുവതാരം ശുഭ്മൻ ഗില്ലിനെ തീരുമാനിച്ചതിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. ജസ്പ്രീത് ബുംറ ഉള്ളപ്പോൾ എന്തിനാണ് ഗില്ലിനെ ക്യാപ്റ്റനാക്കിയതെന്ന് മുൻ താരങ്ങളടക്കം ചോദ്യമുന്നയിച്ചു. വിവാദത്തിൽ ഇപ്പോൾ ബുംറ വിശദീകരണം നൽകിയിരിക്കുകയാണ്. ബിസിസിഐ തന്നെയാണ് ക്യാപ്റ്റനായി പരിഗണിച്ചതെന്നും താൻ ഓഫർ നിരസിക്കുകയായിരുന്നു എന്നുമാണ് ബുംറ പറഞ്ഞത്. സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.
“രോഹിതും കോലിയും വിരമിക്കുന്നതിന് മുൻപ് തന്നെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ വർക്ക്‌ലോഡിനെപ്പറ്റി ഞാൻ ബിസിസിഐയോട് സംസാരിച്ചിരുന്നു. എൻ്റെ പരിക്ക് കൈകാര്യം ചെയ്തവരുമായും സർജനുമായും സംസാരിച്ചു. അവരുടെയെല്ലാം നിർദ്ദേശങ്ങൾ പരിഗണിച്ചപ്പോൾ ഇക്കാര്യത്തിൽ ഞാൻ കുറച്ചുകൂടി മിടുക്ക് കാണിക്കേണ്ടതുണ്ടെന്ന് മനസിലായി. അങ്ങനെ ഞാൻ ബിസിസിഐയോട് സംസാരിച്ചു. എനിക്ക് ക്യാപ്റ്റൻസി റോൾ വേണ്ടെന്ന് ഞാൻ അവരെ അറിയിച്ചു. കാരണം അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ എല്ലാ മത്സരങ്ങളും കളിക്കാൻ എനിക്ക് കഴിഞ്ഞേക്കില്ല. എന്നെ ക്യാപ്റ്റനാക്കാനാണ് ബിസിസിഐ ശ്രമിച്ചത്. പക്ഷേ, എനിക്ക് പറ്റില്ലെന്ന് പറയേണ്ടിവന്നു. അത് ടീമിനോട് ചെയ്യുന്ന നീതിയല്ല. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ ഒരാളും രണ്ട് മത്സരങ്ങളിൽ മറ്റൊരാളും നയിക്കേണ്ടിവരിക ശരിയല്ല.”- ബുംറ പ്രതികരിച്ചു.




ഈ മാസം 20നാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുക. ഓഗസ്റ്റ് നാലിന് പരമ്പര അവസാനിക്കും. അഞ്ച് മത്സരങ്ങളിൽ ആദ്യ മത്സരം ലീഡ്സിലെ ഹെഡിങ്ലിയിലാണ് നടക്കുക. പിന്നീട് ജൂലായ് രണ്ട്, ജൂലായ് 10, ജൂലായ് 23, ജൂലായ് 3്1 എന്നീ തീയതികളിൽ എഡ്ജ്ബാസ്റ്റൺ, ലോർഡ്സ്, ഓൾഡ് ട്രാഫോർഡ്, കെന്നിങ്ടൺ ഓവൽ എന്നീ വേദികളായി മറ്റ് മത്സരങ്ങൾ നടക്കും. പുതിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ഇന്ത്യയുടെ ആദ്യ പരമ്പരയാണ് ഇത്. ഋഷഭ് പന്താണ് വൈസ് ക്യാപ്റ്റൻ.