IPL Trade 2025 : അങ്ങനെ അത് ഔദ്യോഗികമായി; തങ്ങളുടെ ചേട്ടായ്ക്ക് ഗുഡ് ബൈ പറഞ്ഞ് രാജസ്ഥാൻ റോയൽസ്, സഞ്ജു സാംസൺ ഇനി ചെന്നൈയിൽ
IPL Trade 2025 Latest Update : ചെന്നൈ സൂപ്പർ കിങ്സിൽ നിന്നും രവീന്ദ്ര ജഡേജയെയും ഇംഗ്ലീഷ് താരം സാം കറനെയും പകരം നേടിയാണ് രാജസ്ഥാൻ റോയൽസ് സഞ്ജു സാംസൺ വിട്ട് നൽകിയത്.
ഏറെ നാളത്തെ അഭ്യൂഹങ്ങൾ എല്ലാം ശരിവെച്ചുകൊണ്ട് മലയാളികളുടെ പ്രിയതാരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൻ്റെ പടിയിറങ്ങി. 12 വർഷം രാജസ്ഥാനൊപ്പം ചേർന്ന് തൻ്റെ ക്രിക്കറ്റ് കരിയർ പടുത്തുയർത്തിയതിന് ശേഷം സഞ്ജു പിങ്ക് സിറ്റി ഫ്രാഞ്ചൈസിയിൽ നിന്നും കൂടുമാറുന്നത്. പകരം ഐപിഎല്ലിൽ അഞ്ച് തവണ കിരീടം ഉയർത്തിയ ചെന്നൈ സൂപ്പർ കിങ്സിലേക്കാണ് സഞ്ജു സാംസൺ ചേക്കേറുക. ചെന്നൈയിൽ നിന്നും രവീന്ദ്ര ജഡേജയെയും ഇംഗ്ലീഷ് താരം സാം കറനെയും പകരം സ്വന്തമാക്കിയാണ് സഞ്ജു സാംസണിന് രാജസ്ഥാൻ വിട്ടു നൽകിയത്.
“ഈ നീല കുപ്പായത്തിലേക്ക് കൗമാരക്കാരനായി കയറി വന്നു. ഇന്ന് ഞങ്ങൾ ഒരു ക്യാപ്റ്റനും നേതാവിനും പിന്നെ ഞങ്ങളുടെ ചേട്ടനും വിട പറയുകയാണ്, എല്ലാത്തിനും നന്ദി സഞ്ജു സാംസൺ” രാജസ്ഥാൻ റോയൽസ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ നിന്നും സിംഹത്തിൻ്റെ മടയിലേക്ക് സ്വാഗതം എന്നറിയിച്ചുകൊണ്ടാണ് സഞ്ജു സാംസണിന് ചെന്നൈ സൂപ്പർ കിങ്സ് സ്വാഗതം ചെയ്തത്. 2013 സീസണിൽ 19-ാം വയസിലാണ് സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൻ്റെ ഭാഗമാകുന്നത്. അതേ വർഷം ടീമിൽ നിലനിർത്തിയ താരത്തെ പിന്നീട് 2021 സീസണിൽ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനായി രാജസ്ഥാൻ നിയമിക്കുകയും ചെയ്തു. സഞ്ജുവിൻ്റെ കീഴിൽ രണ്ട് തവണ രാജസ്ഥാൻ റോയൽസ് ഐപിഎല്ലിൻ്റെ പ്ലേ ഓഫിൽ പ്രവേശിക്കുകയും ചെയ്തു.
സഞ്ജുവിന് നന്ദി അറിയിച്ചുകൊണ്ടുള്ള രാജസ്ഥാൻ റോയൽസിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ്
18 കോടിയുടെ ഡീലാണ് സഞ്ജുവിനായി രാജസ്ഥാനും സിഎസ്കെയും തമ്മിൽ നടന്നത്. ചെന്നൈയുടെ ഐപിഎൽ ചരിത്രത്തിൽ നടത്തിയ ഏറ്റവും വലിയ ട്രേഡ് ഡീലും ഇതെ തന്നെയാണ്. തങ്ങൾക്ക് ടോപ്പ് ഓർഡറിൽ കളിക്കാൻ ഒരു ഇന്ത്യൻ താരത്തെ ആവശ്യമുണ്ടെന്നും ഒരു മാറ്റത്തിനും കൂടിയാണ് വിക്കറ്റ് കീപ്പർ താരമായ സഞ്ജുവിനെ ചെന്നൈയിലേക്കെത്തിക്കുന്നതെന്നും സിഎസ്കെയുടെ മാനേജിങ് ഡയറക്ടർ കെ എസ് വിശ്വനാഥൻ അറിയിച്ചു. സഞ്ജുവിനെ എം എസ് ധോണിയുടെ പിൻഗാമിയായ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കുകയാണെന്ന് സൂചനയും കെ എസ് വിശ്വനാഥൻ തൻ്റെ പ്രസ്താവനയിലൂടെ നൽകുന്നുണ്ട്. 14 കോടിക്കാണ് രാജസ്ഥാൻ ജഡേജയെ തങ്ങളുടെ പാളയത്തിലേക്കെത്തിക്കുന്നത്. സാം കറന് 2.4 കോടി രാജസ്ഥാൻ ചിലവഴിച്ചു.
സഞ്ജു-ജഡേജ-സാം കറൻ ഡീലിനെ കുറിച്ച് സിഎസ്കെ മാനേജിങ് ഡയറക്ടർ കെ എസ് വിശ്വനാഥൻ്റെ പ്രസ്താവന
മറ്റ് ട്രേഡ് ഡീലുകൾ
സഞ്ജു-ജഡേജ-സാം കറൻ ഡീലുകൾക്ക് പുറമെ മറ്റ് ടീമുകളുടെ ട്രേഡ് വിവരങ്ങൾ ഔദ്യോഗികമായിട്ടുണ്ട്. ഇന്ത്യയുടെ വെറ്ററൻ പേസർ മുഹമ്മദ് ഷമിയെ സൺറൈസേഴ്സ് ഹൈദരാബാദിൽ ലഖ്നൗ സൂപ്പർ ജെയ്ൻ്റ്സ് സ്വന്തമാക്കി. 10 കോടിക്കാണ് എസ്ആർഎച്ചും എൽഎസ്ജിയും തമ്മിലുള്ള ഡീൽ നടന്നത്. ഒപ്പം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കറെയും ലഖ്നൗ സ്വന്തമാക്കി. 30 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസിൽ നിന്നും അർജുനെ എൽഎസ്ജി സ്വന്തമാക്കിയത്.
അതേസമയം മുംബൈ ഇതുവരെ മൂന്ന് ഡീലുകളാണ് നടത്തിട്ടുള്ളത്. ഗുജറാത്ത് ടൈറ്റൻസിൽ നിന്നും ഷെർഫേൻ റൂഥർഫോഡിനെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്നും മയാങ്ക് മർക്കണ്ഡെയയും എംഐ സ്വന്തമാക്കി. 30 ലക്ഷം രൂപയ്ക്കാണ് ഇന്ത്യൻ താരത്തിൻ്റെ ഡീൽ മുംബൈ നടത്തിയത്. സഞ്ജു-ജഡേജ-സാം കറൻ ഡീലിന് പുറമെ രാജസ്ഥാൻ ദക്ഷിണാഫ്രിക്കൻ താരം ഡോണോവാൻ ഫെറെയ്റെയും സ്വന്തമാക്കി. 75 ലക്ഷം രൂപയ്ക്കാണ് ദക്ഷിണാഫ്രിക്കൻ താരത്തെ ഡൽഹി ക്യാപിറ്റൽസിൽ നിന്നും സ്വന്തമാക്കിയത്. പകരം ഇന്ത്യൻ ഇടംകൈയ്യൻ താരം നിതീഷ് റാണയെ 4.2 കോടി ഡിസിയും സ്വന്തമാക്കി.