Sachin Baby: മുഷ്താഖ് അലിക്ക് പിന്നാലെ വിജയ് ഹസാരെ ടീമിലും ഇടമില്ല; കേരള ക്രിക്കറ്റിൽ സച്ചിൻ ബേബി യുഗം അവസാനിക്കുന്നുവോ?
Is Sachin Baby's time in Kerala's white-ball cricket over: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ സച്ചിന്‍ ബേബിയുടെ കരിയര്‍ അവസാനിക്കുകയാണോ? സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് പിന്നാലെ, വിജയ് ഹസാരെ ട്രോഫിയിലും സച്ചിനെ ഒഴിവാക്കി. വിശദമായി വായിക്കാം

Sachin Baby
കേരള ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം സച്ചിന്‍ ബേബി ഇതിഹാസതുല്യനാണ്. കുറേയേറെ വര്‍ഷങ്ങളായി കേരള ക്രിക്കറ്റിന്റെ നെടുംതൂണും നായകനുമായിരുന്നു സച്ചിന്‍. കേരളത്തിന്റെ വന്‍മതിലെന്നോ, ‘രാഹുല്‍ ദ്രാവിഡെ’ന്നോ വിശേഷിപ്പിക്കാവുന്ന താരം. എന്നാല്‍ 37കാരനായ സച്ചിന്‍ കരിയര്‍ എന്‍ഡിലേക്ക് നീങ്ങുകയാണ്. അത് വ്യക്തമാക്കുന്നതാണ് വിജയ് ഹസാരെ ട്രോഫിയിലെ കേരള ടീമിന്റെ പ്രഖ്യാപനം.
അടുത്തിടെ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സച്ചിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. യുവതാരങ്ങളെ വളര്‍ത്തിയെടുക്കുകയെന്ന നയത്തിന്റെ ഭാഗമായാണ് സച്ചിനെ ഒഴിവാക്കിയത്. എന്നാല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിലും സച്ചിനെ ഉള്‍പ്പെടുത്താത്തത് അപ്രതീക്ഷിതമായി.
സച്ചിന്റെ തട്ടകമായ 50 ഓവര്‍ ക്രിക്കറ്റിലും താരത്തെ തഴഞ്ഞതിന് പിന്നിലെ കാരണം വ്യക്തമല്ല. ഒന്നുങ്കില്‍ അത് പരിക്ക് മൂലമാകാം. അല്ലെങ്കില്‍ കേരള ക്രിക്കറ്റിലെ സച്ചിന്‍ ബേബി യുഗം അവസാനിക്കുന്നതിന്റെ സൂചനയാകാം. എന്തായാലും ആരാധകര്‍ക്ക് നിരാശജനകമാണ് ഈ വാര്‍ത്ത.
എന്നാല്‍ പരിവര്‍ത്തനത്തിന്റെ പാതയിലുള്ള കേരള ക്രിക്കറ്റ് ടീം ഭാവി മുന്‍നിര്‍ത്തി പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ ചില മാറ്റിനിര്‍ത്തലുകള്‍ സ്വഭാവികമാണ്. ഈ മാറ്റം അനിവാര്യമാണെങ്കിലും, കയ്‌പേറിയ ഈ യാഥാര്‍ത്ഥ്യം ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കുറച്ച് സമയമെടുക്കും. ഇവിടെ പ്രായമാണ് സച്ചിന് വിലങ്ങുതടിയായത്.
തിരിച്ചുവരവ് സാധ്യമോ?
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ സച്ചിന് ഇനി തിരിച്ചുവരവ് സാധ്യമോ എന്ന് വ്യക്തമല്ല. എന്നാല്‍ രഞ്ജി ട്രോഫിയില്‍ താരം തുടര്‍ന്നും കളിക്കാനാണ് സാധ്യത. പഴയ ഫോമിന്റെ ഏഴയലത്തില്ലെങ്കിലും കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ താരം തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തിരുന്നു. എന്നാല്‍ രഞ്ജി ട്രോഫിയിലും കേരളം ചില മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. സച്ചിന് പകരം മുഹമ്മദ് അസ്ഹറുദ്ദീനെ ക്യാപ്റ്റനായി നിയമിച്ചതാണ് പ്രധാന മാറ്റം.
കേരള ക്രിക്കറ്റിനെ വളര്‍ത്തിയെടുക്കുന്നതില്‍ സച്ചിന്‍ വഹിച്ച പങ്ക് നിസ്തുലമാണ്. വരും സീസണില്‍ മെന്റര്‍ റോളിലോ, അല്ലെങ്കില്‍ രഞ്ജി താരമെന്ന നിലയില്‍ മാത്രമോ സച്ചിനെ കണ്ടെന്ന് വരാം. എന്തായാലും, വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ സച്ചിനെ ആരാധകര്‍ മിസ് ചെയ്യുമെന്ന് തീര്‍ച്ച.