Shubman Gill: ഗില്ലിനെ പുറത്താക്കിയതിന് പിന്നില്‍ ഗംഭീറിന്റെ തന്ത്രം? അഗാര്‍ക്കറിനെയും തെറ്റ് തിരുത്തിച്ചു; പുതിയ ആരോപണം
Shubman Gill Exclusion: ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കിയതിന് പിന്നില്‍ ഗൗതം ഗംഭീറെന്ന് ആരോപണം. ഗംഭീറിന്റെ ഇടപെടലിലാണ് ഗില്ലിനെ ഒഴിവാക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചതെന്നാണ് സൂചന
ടി20 ലോകകപ്പിനുള്ള സ്‌ക്വാഡില്‍ നിന്ന് ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കിയതിന് പിന്നില്‍ ഗൗതം ഗംഭീറെന്ന് ആരോപണം. ഗംഭീറിന്റെ ഇടപെടലിലാണ് ഗില്ലിനെ ഒഴിവാക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചതെന്നാണ് സൂചന. നാലാം ടി20ക്ക് മുമ്പ് തന്നെ ഗില്ലിനെ ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഗംഭീറോ, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവോ, സെലക്ടര്‍മാരോ ഇക്കാര്യം ഗില്ലിനെ അറിയിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പുകമഞ്ഞ് മൂലം നാലാം ടി20 ഉപേക്ഷിച്ചിരുന്നു.
അഹമ്മദാബാദിൽ നടക്കുന്ന അഞ്ചാം മത്സരം കളിക്കാൻ ഗിൽ തയ്യാറായിരുന്നു. എന്നാല്‍ മാനേജ്‌മെന്റ് ഗില്ലിന് അവസരം നല്‍കേണ്ടെന്ന നിലപാടിലായിരുന്നു. അഞ്ചാം ടി20 കളിക്കാന്‍ ഗില്‍ തയ്യാറായിരുന്നിട്ടും കാല്‍വിരലിനേറ്റ ചെറിയ പരിക്കിന്റെ പേരില്‍ താരത്തെ ഒഴിവാക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.
ചെറിയ ചതവ് മാത്രമാണ് ഗില്ലിനുണ്ടായിരുന്നത്. ഡിസംബർ 16 ന് ലഖ്‌നൗവിൽ നെറ്റ്സിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് ഗില്ലിന് പരിക്കേറ്റതെന്നാണ് ബിസിസിഐ പ്രസ്താവനയില്‍ അറിയിച്ചത്. തുടര്‍ന്ന് ഗില്ലിന് പകരം സഞ്ജു സാംസണ്‍ ടീമിലെത്തുകയായിരുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഗില്‍ പുറത്തെടുത്ത മോശം പ്രകടനമാണ് താരത്തിന് പുറത്തേക്ക് വഴിയൊരുക്കിയത്. ഗില്ലിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് അജിത് അഗാര്‍ക്കര്‍ നയിക്കുന്ന സെലക്ഷന്‍ കമ്മിറ്റിയില്‍ ഗംഭീര്‍ സ്വാധീനം ചെലുത്തിയെന്നാണ് ഒരു മുന്‍ സെലക്ടര്‍ പ്രതികരിച്ചത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തിന്റെ പേരില്‍ ഏഷ്യാ കപ്പില്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയത് ശരിയായ നീക്കമായിരുന്നില്ല. സഞ്ജു സാംസണ്‍ തെറ്റൊന്നും ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഗില്ലിനെ ഇപ്പോള്‍ ഒഴിവാക്കിയതിലൂടെ അഗാര്‍ക്കറുടെ സെലക്ഷന്‍ കമ്മിറ്റി തെറ്റ് തിരുത്തുകയായിരുന്നുവെന്നും മുന്‍ സെലക്ടര്‍ പ്രതികരിച്ചു.
ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും മോശം പ്രകടനമാണ് പുറത്തെടുക്കുന്നത്. എന്നാലും ക്യാപ്റ്റന്‍മാര്‍ക്ക് അധിക പിന്തുണ ലഭിക്കാറുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യം ഗംഭീറും ഗില്ലും തമ്മിലുള്ള ബന്ധം വഷളാക്കിയേക്കാം. ഫോം മെച്ചപ്പെട്ടില്ലെങ്കില്‍ സൂര്യകുമാറും പുറത്തായേക്കാമെന്ന് റിപ്പോര്‍ട്ട് പറയുന്നു.