Sanju Samson: ഇത് സഞ്ജു സാംസണ്‍ 2.0! ടി20 ലോകകപ്പില്‍ ചേട്ടന്‍ തകര്‍ക്കും; ഈ കണക്കുകള്‍ സൂചന
Sanju Samson Shifting Gears: 2024ലെ ടി20 ലോകകപ്പിന് ശേഷം സഞ്ജു സാംസണ്‍ നേടിയ പുരോഗതി വ്യക്തമാക്കി സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ കുറിപ്പ്. ടി20 ലോകകപ്പില്‍ സഞ്ജുവിന്റെ പ്രകടനം ഇന്ത്യയ്ക്ക് നിര്‍ണായകമാകുമെന്നാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ നിരീക്ഷണം.
സഞ്ജു സാംസണെക്കുറിച്ച് സ്റ്റാര്‍ സ്‌പോര്‍ട്‌സ് പങ്കുവച്ച കുറിപ്പ് ഏറ്റെടുത്ത് ആരാധകര്‍. 2024 ന് ശേഷമുള്ളത് ‘സഞ്ജു സാംസണ്‍ 2.0’ ആണെന്നാണ് സ്റ്റാര്‍ സ്‌പോര്‍ടിന്റെ വിശേഷണം. ‘2024 ന് ശേഷം, സഞ്ജു സാംസൺ 2.0 ലോകത്തെ കീഴടക്കി. ടി20 ലോകകപ്പിലേക്ക് കടക്കുമ്പോൾ ടീം ഇന്ത്യ അദ്ദേഹത്തിന്റെ സ്ഫോടനാത്മകമായ ഹിറ്റിംഗിനെ ആശ്രയിക്കും’ എന്നായിരുന്നു സ്റ്റാര്‍ സ്‌പോര്‍ട്‌സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍.
‘ചേട്ടാ ഓണ്‍ ദ ചാര്‍ജ്’ എന്ന പേരിലാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. സഞ്ജു സാംസണ്‍ ഷിഫ്റ്റിങ് ഗിയേഴ്‌സ് എന്ന അടിക്കുറിപ്പോടെ ഒരു ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്. ഇതില്‍ സഞ്ജു സാംസണുമായി ബന്ധപ്പെട്ട ചില രസകരമായ കണക്കുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2024 ലെ ടി20 ലോകകപ്പിന് മുമ്പ് 374 റണ്‍സാണ് രാജ്യാന്തര ടി20യില്‍ സഞ്ജു നേടിയിരുന്നത്. വെറും 18.7 മാത്രമായിരുന്നു ആവറേജ്. സ്‌ട്രൈക്ക് റേറ്റ് 133. ആ സമയം സഞ്ജുവിന് സ്വന്തമായി ഉണ്ടായിരുന്നത് ഒരു അര്‍ധ സെഞ്ചുറി മാത്രം.
Also Read: India Vs New Zealand: സഞ്ജു ഓപ്പണര്‍, കൂട്ടിന് അഭിഷേകും; ഇന്ത്യയുടെ സാധ്യതാ പ്ലേയിങ് ഇലവന്‍
എന്നാല്‍ അതിനു ശേഷം വന്‍ മാറ്റം സഞ്ജുവിന് സംഭവിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ കുറിപ്പ്. 2024 ലെ ലോകകപ്പിന് ശേഷം സഞ്ജു ടി20യില്‍ 658 റണ്‍സ് അടിച്ചുകൂട്ടി. ആവറേജ് 32.9 ആയി കുതിച്ചു. സ്‌ട്രൈക്ക് റേറ്റ് 158 ആയി ഉയര്‍ന്നു. ഒപ്പം മൂന്ന് സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയും നേടി. ഈ കണക്കുകള്‍ ചൂണ്ടിക്കാണിച്ചാണ് താരത്തെ സഞ്ജു സാംസണ്‍ 2.0 എന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സ് വിശേഷിപ്പിച്ചിരിക്കുന്നത്.
ഇന്ന് ന്യൂസിലന്‍ഡിനെതിരെ
അതേസമയം, ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ന് ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ലോകകപ്പിന് മുമ്പ് ഇന്ത്യയ്ക്ക് തയ്യാറെടുപ്പ് നടത്താന്‍ കിട്ടുന്ന ഏക അവസരമാണ് കീവിസിനെതിരായ പരമ്പര.
ഇന്ന് വൈകിട്ട് ഏഴിന് നാഗ്പുരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. സഞ്ജുവും അഭിഷേക് ശര്‍മയുമാകും ഓപ്പണര്‍മാര്‍. സഞ്ജുവാണ് ടീമിലെ പ്രധാന വിക്കറ്റ് കീപ്പര്‍. മറ്റൊരു കീപ്പറായ ഇഷാന്‍ കിഷന്‍ ഇന്ന് വണ്‍ ഡൗണായി കളിക്കും. ടി20 ലോകകപ്പില്‍ പ്ലേയിങ് ഇലവനിലെ സ്ഥാനം അരക്കിട്ടുറപ്പിക്കണമെങ്കില്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് സഞ്ജുവിന് അനിവാര്യമാണ്.