U 19 Asia Cup Final 2025: കലാശപ്പോരില്‍ ഇന്ത്യയ്ക്ക് കണ്ണീര്‍ മടക്കം; അണ്ടര്‍ 19 ഏഷ്യാ കപ്പ് കിരീടം പാകിസ്ഥാന്
Pakistan crowned U19 Asia Cup 2025 champions: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ പാകിസ്ഥാന്‍ ജേതാക്കള്‍. ഫൈനലില്‍ ഇന്ത്യയെ 191 റണ്‍സിന് പരാജയപ്പെടുത്തി. 348 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യയ്ക്ക് 156 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ
ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ പാകിസ്ഥാന്‍ ജേതാക്കള്‍. ഫൈനലില്‍ ഇന്ത്യയെ 191 റണ്‍സിന് പരാജയപ്പെടുത്തി. 348 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യയ്ക്ക് 156 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. സ്‌കോര്‍: പാകിസ്ഥാന്‍ 50 ഓവറില്‍ എട്ട് വിക്കറ്റിന് 347, ഇന്ത്യ 26.2 ഓവറില്‍ 156ന് ഓള്‍ ഔട്ട്. പത്താമനായി ക്രീസിലെത്തിയ ദീപേഷ് ദേവേന്ദ്രനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. താരം 16 പന്തില്‍ 36 റണ്‍സെടുത്തു.
348 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് ഓപ്പണര്‍ വൈഭവ് സൂര്യവംശി മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ ഓവറില്‍ തന്നെ വൈഭവ് തകര്‍ത്തടിച്ചു. എന്നാല്‍ മൂന്നാം ഓവറില്‍ ക്യാപ്റ്റന്‍ ആയുഷ് മാത്രെ പുറത്തായത് മുതല്‍ ഇന്ത്യയുടെ തകര്‍ച്ച ആരംഭിച്ചു. ഏഴ് പന്തില്‍ രണ്ട് റണ്‍സെടുക്കാനെ മാത്രെയ്ക്ക് സാധിച്ചുള്ളൂ.
എന്നാല്‍ തുടര്‍ന്ന് ക്രീസിലെത്തിയ മലയാളി താരം ആരോണ്‍ വര്‍ഗീസും മികച്ച തുടക്കം നല്‍കിയത് ഇന്ത്യയ്ക്ക് ചെറുപ്രതീക്ഷ സമ്മാനിച്ചു. എന്നാല്‍ ഒമ്പത് പന്തില്‍ 16 റണ്‍സെടുത്ത ആരോണിനെ നാലാം ഓവറിലും, 10 പന്തില്‍ 26 റണ്‍സെടുത്ത വൈഭവിനെ അഞ്ചാം ഓവറിലും നഷ്ടമായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.
പിന്നീട് ക്രീസിലെത്തിയവരില്‍ ദീപേഷ് മാത്രമാണ് പോരാട്ടവീര്യം പുറത്തെടുത്തത്. ഇന്ത്യന്‍ നിരയില്‍ ദീപേഷ് മാത്രമാണ് 30 റണ്‍സ് കടന്നത്. വിഹാന്‍ മല്‍ഹോത്ര-13 പന്തില്‍ ഏഴ്, വേദാന്ത് ത്രിവേദി-14 പന്തില്‍ ഒമ്പത്, അഭിഗ്യാന്‍ അഭിഷേക് കുന്ദു-20 പന്തില്‍ 13, കനിഷ്‌ക് ചൗഹാന്‍-23 പന്തില്‍ ഒമ്പത്, ഖിലന്‍ പട്ടേല്‍-23 പന്തില്‍ 19, ഹെനില്‍ പട്ടേല്‍-19 പന്തില്‍ 6, കിഷാന്‍ കുമാര്‍ സിങ്-ആറു പന്തില്‍ മൂന്ന് നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാരുടെ സംഭാവന.
പാകിസ്ഥാനായി അലി റാസ നാലു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സയ്യം, അബ്ദുല്‍ സുഭാന്‍, ഹുസൈഫ അഹ്‌സാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
113 പന്തില്‍ 172 റണ്‍സെടുത്ത ഓപ്പണര്‍ സമീര്‍ മിന്‍ഹാസിന്റെ പ്രകടനമാണ് പാകിസ്ഥാന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 72 പന്തില്‍ 56 റണ്‍സെടുത്ത അഹമ്മദ് ഹുസൈനും പാകിസ്ഥാനായി മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്കായി ദീപേഷ് ദേവേന്ദ്രന്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. ഹെനില്‍ പട്ടേലും, ഖിലന്‍ പട്ടേലും രണ്ട് വിക്കറ്റ് വീതവും, കനിഷ്‌ക് ചൗഹാന്‍ ഒരു വിക്കറ്റും വീഴ്ത്തി.